പെൺമയുടെ ഉൾക്കരുത്തിന്

യുദ്ധമുഖങ്ങളിലും സായുധ സംഘർഷഭൂമികളിലും ലൈംഗികാക്രമണങ്ങളെ ആയുധമാക്കുന്നതിനെതിരെ പോരാടുന്ന രണ്ടു പേരിലേക്കു സമാധാന നൊബേൽ വന്നെത്തുമ്പോൾ അതവർക്കുള്ള ഉചിതമായ ലോകാഭിവാദ്യംതന്നെ. നാദിയ മുറാദ് എന്ന യസീദി യുവതിക്കും കോംഗോയിലെ ഡോ.ഡെനിസ് മുക്‌വെഗി എന്ന ഗൈനക്കോളജിസ്റ്റിനും ലഭിക്കുന്ന ലോകത്തിലെ ഏറ്റവും വിശിഷ്ടമായ പുരസ്കാരം, പെൺമയുടെ സ്വാഭിമാനത്തിനുവേണ്ടി ജീവിതം സമർപ്പിച്ച മുഴുവൻ പേർക്കുമുള്ള അംഗീകാരമായി മാറുന്നു.

യുദ്ധവേളകളിൽ സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങൾ ഏറ്റവും നിന്ദ്യവും നീചവുമായ കാര്യമായാണു വിലയിരുത്തപ്പെടുന്നത്. നിസ്സഹായരോടുള്ള ആൺമയുടെ ഏറ്റവും ക്രൂരമായ ആയുധംതന്നെയാണത്. ചരിത്രത്തിൽ യുദ്ധം തുടങ്ങിയ കാലംമുതലേ തുടരുന്ന ഈ പ്രാകൃതനടപടി, പരിഷ്കൃതമെന്നു പറയാവുന്ന ഇക്കാലത്തും ലോകത്തു പലയിടത്തും നിർബാധം നടക്കുന്നു. സ്ത്രീക്കു നേരെയുള്ള ഏറ്റവും നികൃഷ്ടമായ ഈ കടന്നാക്രമണത്തിനെതിരെയുള്ള എതിർപ്പും മുന്നേറ്റവും രാജ്യാന്തര സമൂഹത്തിന്റെ ഉത്തരവാദിത്തംതന്നെയായി മാറിക്കഴിഞ്ഞു. 

ഒരേ ലക്ഷ്യത്തിലേക്ക്, ലോകത്തിന്റെ രണ്ടിടങ്ങളിൽനിന്നു മുന്നേറുന്നു എന്നതാണ് നാദിയയും ഡെനിസും തമ്മിലുള്ള ഏറ്റവും വലിയ സമാനത. അത്യധികം ക്ലേശകരമാണ് അവർ ഇപ്പോൾ നടന്നുനീങ്ങുന്ന ആ പെരുമ്പാത; യുദ്ധകാലങ്ങളിൽ ശാരീരികവും മാനസികവുമായി മുറിവേറ്റ സ്ത്രീകളാണ് ആ പാതയുടെ ഇരുവശങ്ങളിലുമുള്ളതെന്നിരിക്കെ വിശേഷിച്ചും. അവരുടെ ആന്തരികസൗഖ്യത്തിനുവേണ്ടിയുള്ള സ്നേഹലേപനം നൽകി, ആവുന്നത്ര ആത്മവിശ്വാസം പകർന്ന് നാദിയയും ഡെനിസും നടന്നുനീങ്ങുമ്പോൾ അതു ലോകത്തിന്റെ മുന്നിലുള്ള ഏറ്റവും പ്രത്യാശാജനകമായ കാഴ്ചകളിലൊന്നായി മാറുന്നു.

തീർച്ചയായും നാദിയയിൽനിന്നു വേണം പറഞ്ഞുതുടങ്ങാൻ. ഇറാഖിന്റെ വട‌ക്കുള്ള കൊച്ചോ എന്ന ഗ്രാമത്തിൽ കുടുംബത്തോടൊപ്പം സ്നേഹജീവിതം നയിച്ചിരുന്ന, അധ്യാപികയാവാനുള്ള പ്രിയസ്വപ്നം കണ്ടിരുന്ന പെൺകുട്ടി ഈ ഇരുപത്തിയഞ്ചാം വയസ്സിനുള്ളിൽ ജീവിതത്തിന്റെ ഇരുവശങ്ങളും കണ്ടുകഴിഞ്ഞു; ഒരായുസ്സിന്റെ മുഴുവൻ സങ്കടവും ഇപ്പോൾ ലോകത്തിന്റെയാകെ ആദരവും. ഇറാഖിലെയും സിറിയയിലെയും ഗ്രാമങ്ങളിൽനിന്ന് ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരർ ‘യുദ്ധമുതലാ’യി തട്ടിയെടുത്ത് ലൈംഗിക അടിമകളാക്കിയ എല്ലാ സ്ത്രീകളുടെയും പ്രതീകമാണു നാദിയ. ഇറാഖിൽ യസീദി വംശത്തിലെ ആൺകുട്ടികളെയും പുരുഷൻമാരെയും വെടിവച്ചു കൊന്നശേഷം സ്ത്രീകളെ വിൽക്കുകയാണ് ഐഎസ് ഭീകരർ ചെയ്തത്. ഇങ്ങനെ പലവട്ടം കൈമാറ്റം ചെയ്യപ്പെട്ട യുവതിയാണു നാദിയ.

നാദിയയെ 2014 ഓഗസ്റ്റിലാണ് ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയത്. നീണ്ട മൂന്നു മാസം മൊസൂൾ നഗരത്തിലെ ഐഎസ് തടവറയിൽ കൊടുംക്രൂരത ശരീരത്തിൽ അനുഭവിച്ച്, നാദിയ അടിമയായി കഴിഞ്ഞു. ഒടുവിൽ രക്ഷപ്പെട്ട് ജർമനിയിലെത്തുകയായിരുന്നു. 2015 ഡിസംബറിൽ യുഎൻ രക്ഷാസമിതിയിൽ എത്തി താൻ അനുഭവിച്ച കൊടുംക്രൂരത ലോകത്തിനുമുന്നിൽ നാദിയ പങ്കുവച്ചു; അതുകേട്ടു ലോകം തലകുനിച്ചു. തുടർന്ന് മനുഷ്യക്കടത്തിനെതിരെ പ്രചാരണം നടത്തുന്ന യുഎൻ ഗുഡ്‌വിൽ അംബാസഡറായി, നാദിയ. 

സംഘർഷഭൂമികളിൽ കൂട്ടമാനഭംഗത്തിനിരയാവുന്ന വനിതകളുടെ ചികിൽസയ്ക്കുവേണ്ടിയാണ് ഡോ. ഡെനിസ് മുക്‌വെഗി ജീവിതം സമർപ്പിച്ചിരിക്കുന്നത്. കൂട്ടമാനഭംഗത്തെത്തുടർന്ന് സ്ത്രീശരീരത്തിലുണ്ടാവുന്ന ആന്തരികമായ പരുക്കുകൾ ചികിൽസിച്ചു സുഖപ്പെടുത്തുന്നതിൽ ലോകത്തിലെതന്നെ ഏറ്റവും വിദഗ്ധ ഡോക്ടറെന്ന വിശേഷണവുമുണ്ട്. രണ്ടാം കോംഗോ യുദ്ധത്തിനുശേഷം, കൂട്ടമാനഭംഗത്തിനിരയായ ആയിരക്കണക്കിനുപേരെ ഇതിനകം ജീവിതത്തിലേക്കു ഡെനിസ് തിരിച്ചുകൊണ്ടുവന്നു കഴിഞ്ഞു. പതിനെട്ടു മണിക്കൂർ വിശ്രമമില്ലാത്ത ജോലി, കരുണയുടെ കരങ്ങളുമായി പ്രതിദിനം പത്തോളം സങ്കീർണ ശസ്ത്രക്രിയകൾ, യുദ്ധവേളകളിലെ ലൈംഗികാക്രമണത്തിനെതിരായ നിരന്തര മനുഷ്യാവകാശ പ്രവർത്തനങ്ങൾ... പ്രതിബദ്ധതയുടെ ചൈതന്യവത്തായ അടയാളമാകുന്നു, ഡെനിസ്.    

ജീവിതം എങ്ങനെ സാർഥകമാക്കാമെന്നു സ്നേഹത്തോടെ പറഞ്ഞുതരുന്ന നാദിയയെയും ഡെനിസിനെയും ഹൃദയാലിംഗനം ചെയ്യുകയാണ് നൊബേൽ സമിതി; ലോകവും.