നാദിയ മുറാദ്: ലോകത്തോട് ഒരു യുവതി പറയുന്നത്...

‘‘അമ്മയുടെ പച്ചക്കറിത്തോട്ടത്തിൽ ചെടികൾ നടുന്നതും പർവതത്തിലേക്കുള്ള വിനോദയാത്രകളുമായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങൾ’’ – 2016 ൽ യുഎൻ രക്ഷാസമിതിയിൽ ലോകനേതാക്കളുടെ മുൻപിൽ പ്രസംഗിക്കവേ നാദിയാ മുറാദ് പറഞ്ഞു. ‘‘ആ നാളുകൾ കടന്നുപോയിരിക്കുന്നു. എന്നെപ്പോലെ ആയിരക്കണക്കിനു യസീദികൾക്കു തിരികെപ്പോകാൻ ഇടമില്ലാതായിരിക്കുന്നു.’’

സിറിയൻ അതിർത്തിയോടു ചേർന്നുള്ള ഇറാഖിലെ സിൻജാർ പ്രവിശ്യയിലുള്ള കൊച്ചോ എന്ന ചെറുഗ്രാമത്തിലായിരുന്നു നാദിയയും കുടുംബവും ജീവിച്ചിരുന്നത്. 2014 ഓഗസ്റ്റിലെ ഒരു ദിനം, കറുത്തകൊടി കുത്തിയ ട്രക്കുകളിൽ ഇസ്‍ലാമിക് സ്റ്റേറ്റ് ഭീകരർ കൊച്ചോയിലേക്കെത്തി. ഗ്രാമത്തിലെ പുരുഷന്മാരെയെല്ലാം വെടിവച്ചു കൊന്നൊടുക്കി. കുട്ടികളെയും സ്ത്രീകളെയും തടവുകാരാക്കി. കുട്ടികളെ ഐഎസ് പോരാളികളാക്കി പരിശീലിപ്പിക്കുകയും സ്ത്രീകളെ ലൈംഗിക അടിമകളാക്കി പീഡിപ്പിക്കുകയും വിറ്റഴിക്കുകയുമായിരുന്നു ഐഎസ് ഭീകരരുടെ രീതി. സ്ത്രീകളെയും പെൺകുട്ടികളെയും വിറ്റഴിക്കാൻ അടിമച്ചന്തകൾ തന്നെ ഭീകരർ നടത്തിയിരുന്നു.

ഐഎസിന്റെ ശക്തികേന്ദ്രമായ മൊസൂളിലേക്കാണ് നാദിയയെയും മറ്റും കൊണ്ടുപോയത്. ആയിരക്കണക്കിന് യസീദി യുവതികളെപ്പോലെ നാദിയയും മതപരിവർത്തനത്തിനു വിധേയയാക്കി. ഐഎസ് ഭീകരരിലൊരാൾ അവളെയും നി‍ർബന്ധപൂർവം വിവാഹം കഴിച്ചു. തുടർന്ന് നിരന്തരമായ പീഡനങ്ങൾ. ഒരിക്കൽ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ഗാർഡുകൾ പിടികൂടി. ഒരു രാത്രി മുഴുവൻ അവർ മാറി മാറി പീഡിപ്പിച്ചു. പിന്നീടും തുടർച്ചയായി കൂട്ടലൈംഗികാതിക്രമത്തിനിരയായി. മർദിക്കപ്പെട്ടു. അപമാനിക്കപ്പെട്ടു.

മൂന്നുമാസത്തെ കൊടുംയാതനകൾക്കൊടുവിൽ നാദിയയ്ക്കു രക്ഷാവാതിൽ തുറന്നുകിട്ടിയത്, മൊസൂളിലെ ഒരു കുടുംബത്തിന്റെ സഹായം കൊണ്ടായിരുന്നു. മൊസൂളിൽനിന്ന് കിലോമീറ്ററുകൾ താണ്ടി ഇറാഖ് അതിർത്തി കടന്ന് കുർദിസ്ഥാനിലെത്തി. അവിടെ യസീദികൾക്കായുള്ള അഭയാർഥിക്യാംപിൽ അഭയം തേടി. അവിടെവച്ചാണ് തന്റെ സഹോദരങ്ങളും മാതാപിതാക്കളുമെല്ലാം കൊല്ലപ്പെട്ടുവെന്ന് നാദിയ അറിയുന്നത്. പീന്നീട്, യസീദികളെ സഹായിക്കുന്ന സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ജർമനിയിൽ സഹോദരിയുടെ അടുത്തെത്തി. ജർമനിയിലാണ് ഇരുവരും ഇപ്പോൾ കഴിയുന്നത്.

തുടർന്നുള്ള വർഷങ്ങളിൽ യുഎൻ വേദികളിൽ സ്വന്തം അനുഭവം പങ്കുവച്ച്, യസീദികൾ അനുഭവിക്കുന്ന യാതനകളിലേക്കു ലോകത്തിന്റെ ശ്രദ്ധയാകർഷിച്ചു നാദിയ. പ്രശസ്ത മനുഷ്യാവകാശപ്രവർത്തക അമാൽ ക്ലൂണി ഉൾപ്പെടെയുള്ളവർ യസീദികൾക്കായി രംഗത്തുവന്നു. നാദിയയുടെ ‘ ദ് ലാസ്റ്റ് ഗേൾ’ എന്ന ആത്മകഥാപുസ്തകത്തിന് ആമുഖമെഴുതിയത് അമാൽ ക്ലൂണിയാണ്. മനുഷ്യക്കടത്തിനെതിരെയുള്ള യുഎൻ പ്രചാരണത്തിന്റെ ഗുഡ്‍വിൽ അംബാസഡറാണ് നാദിയ ഇപ്പോൾ. 2016 ലും നൊബേൽ സമ്മാനത്തിനു ശുപാർശ ചെയ്യപ്പെട്ടിരുന്നു. ആവർഷം ടൈംസ് മാഗസിന്റെ ഏറ്റവും സ്വാധീനം ചെലുത്തിയ 100 വ്യക്തികളുടെ പട്ടികയിൽ ഉൾപ്പെട്ടു. ഒട്ടേറെ രാജ്യാന്തര പുരസ്കാരങ്ങൾ ലഭിച്ചു.

ഇക്കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു യസീദി മനുഷ്യാവകാശപ്രവർത്തകൻ ആബിദ് ഷംദീനുമായുള്ള നാദിയയുടെ വിവാഹം. അന്ന്, യുഎൻ രക്ഷാസമിതിയിലെ പ്രസംഗത്തിൽ കണ്ണുനിറഞ്ഞ് നാദിയ പറഞ്ഞു: ‘‘ലോകത്തിന് ഒരേയൊരു അതിരേയുള്ളൂ, അത് മനുഷ്യത്വത്തിന്റേതാണ്. നമ്മൾ പങ്കുവയ്ക്കുന്ന മനുഷ്യത്വത്തിന്റെ മഹാകാശത്ത് നമുക്കിടയിലുള്ള വേർതിരിവുകൾ വളരെ വളരെ ചെറുതാണ്. ഈ വേദിയിൽനിന്ന് ഞാൻ നിങ്ങളോടെല്ലാം യാചിക്കുന്നു, മറ്റെല്ലാത്തിനും മുൻപിൽ മനുഷ്യരെ നിർത്തൂ. സമാധാനത്തെ പ്രോത്സാഹിപ്പിക്കൂ. കൊലപാതകങ്ങൾ, ലൈംഗികാടിമത്വം, കുട്ടികൾക്കും സ്ത്രീകൾക്കും നേരെയുള്ള കൊടുംക്രൂരതകൾ... ഇതെല്ലാം കണ്ടിട്ടും പ്രതികരിക്കാനും ആ തിന്മകൾ തുടച്ചുനീക്കാനും ഇപ്പോൾ നിങ്ങൾ തയാറാവുന്നില്ലെങ്കിൽ പിന്നെന്നാണ് അതുണ്ടാവുക? ലോകമേ, ഞങ്ങളും അർഹിക്കുന്നു, സമാധാനവും സുരക്ഷയും സന്തോഷവുള്ള ഒരു ജീവിതം, നിങ്ങളെപ്പോലെ’’.

ജീവിതത്തിനു വേണ്ടി ലോകത്തിനു മുന്നിൽ കൈകൂപ്പുന്ന യസീദികളുടെ അതിജീവന പോരാട്ടത്തിന്റെ പ്രതീകമാണ് നാദിയ. ആ പോരാട്ടത്തിന് ലോകം നൽകുന്ന ആദരവാണ് ഈ നൊബേൽ.