തിരഞ്ഞെടുപ്പ് ക്രീസിലെത്തുമ്പോൾ

തിരഞ്ഞെടുപ്പുകളിലെ റെക്കോർഡ് വച്ച് നരേന്ദ്ര മോദിയെയും അമിത്‌ ഷായെയും ഒരു ക്രിക്കറ്റ് ടീമിലേക്കു തിരഞ്ഞെടുക്കുകയാണെങ്കിൽ, അവർ ബാറ്റ്‌സ്‌മാൻമാർ എന്നതിനെക്കാൾ ബോളർമാർ എന്ന നിലയിലാകും ശോഭിക്കുക. കാരണം, മറ്റു കക്ഷികളുടെ സർക്കാരുകളെ ആക്രമിക്കുന്ന കാര്യത്തിലാണ് അവർ ഏറെ മികവു പ്രകടിപ്പിച്ചിട്ടുള്ളത്. ബിജെപി സർക്കാരുകളുടെ വിക്കറ്റ് പ്രതിരോധിക്കുന്നതിൽ അത്ര കേമരല്ല താനും. 2014ൽ മൻമോഹൻ സിങ്ങിന്റെയും സോണിയ ഗാന്ധിയുടെയും യുപിഎ സർക്കാരിനെ തകർത്തെറിഞ്ഞ് പ്രധാനമന്ത്രിയായതുമുതൽ ഇക്കാര്യത്തിൽ മോദിയുടെ പ്രകടനമാണു നിർണായകം. യുപിയുടെ ജനറൽ സെക്രട്ടറി എന്ന നിലയിൽ അമിത് ഷായും മോദിക്കു സഹായമൊരുക്കി. യുപിയിലാകട്ടെ, ബിജെപിയുടെ മിന്നലാക്രമണത്തിൽ ഗാന്ധി, മുലായം കുടുംബങ്ങൾ മാത്രമാണു പിടിച്ചുനിന്നത്.

കഴിഞ്ഞ നാലുവർഷത്തിൽ ഉത്തര, കിഴക്കൻ മേഖലകളിൽ പ്രതിപക്ഷ സർക്കാരുകൾക്കെതിരെ നരേന്ദ്ര മോദി ഒട്ടേറെ വിജയങ്ങൾ നേടിയിട്ടുണ്ട്. ഹരിയാന, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, അസം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മോദിയുടെ ശക്തമായ സാന്നിധ്യമാണു പ്രതിപക്ഷ സർക്കാരുകളെ തൂത്തെറിഞ്ഞത്. മഹാരാഷ്ട്രയിലും (എൻസിപി–കോൺഗ്രസ് സഖ്യം), ജാർഖണ്ഡിലും കോൺഗ്രസ് സഖ്യവും മറ്റിടങ്ങളിൽ കോൺഗ്രസുമായിരുന്നു ഭരണം. ജമ്മു കശ്മീർ (നാഷനൽ കോൺഫറൻസ്–കോൺഗ്രസ് സഖ്യം), ത്രിപുര (സിപിഎം), ഉത്തർപ്രദേശ് (സമാജ്‌വാദി പാർട്ടി) എന്നിവിടങ്ങളിലും അധികാരം പിടിച്ചെടുത്തതോടെ രാജ്യത്ത് ഏറ്റവും കൂടുതൽ സംസ്ഥാനങ്ങൾ ഭരിക്കുന്ന കക്ഷിയായി ബിജെപി മാറി. ഇതിനു പുറമെ, കൂറുമാറ്റത്തിലൂടെയും മറ്റു മാർഗങ്ങളിലൂടെയും ഭരണം പിടിച്ചെടുത്ത സംസ്ഥാനങ്ങൾ വേറെയും. 

പക്ഷേ, ഉത്തരേന്ത്യയിൽ പ്രതിപക്ഷം ഭരിക്കുന്ന ഡൽഹി (ആം ആദ്‌മി പാർട്ടി) പോലുള്ള സംസ്ഥാനങ്ങൾ ഇപ്പോഴുമുണ്ട്. ബിഹാറിലാകട്ടെ ജനതാദൾ യുണൈറ്റഡാണു ഭരണകക്ഷി. സഖ്യകക്ഷികളായ രാഷ്ട്രീയ ജനതാദളിനെയും കോൺഗ്രസിനെയും നിതീഷ്കുമാറിന്റെ ജെഡിയു പിൻതള്ളിയതിനാൽ ബിഹാറിലും എൻഡിഎയ്ക്കു ഭരണം പിടിച്ചെടുക്കാനായി. 

എന്നാൽ, ബംഗാളിലും ദക്ഷിണേന്ത്യയിലും ഇക്കാലത്തു ബിജെപിക്കു വിജയം നേടാനായിട്ടില്ല. തമിഴ്‌നാട്, കേരളം, പുതുച്ചേരി എന്നിവിടങ്ങളിൽ പച്ചതൊട്ടില്ല. കർണാടകയിൽ കൂടുതൽ സീറ്റുകൾ നേടാനായെങ്കിലും, ഭരണം ജനതാദൾ (സെക്കുലർ) – കോൺഗ്രസ് സഖ്യം നേടി. 

ഗോവയിൽ കോൺഗ്രസാണ് കൂടുതൽ സീറ്റുകൾ നേടിയതെങ്കിലും സർക്കാരുണ്ടാക്കാൻ ഗവർണർ ക്ഷണിച്ചത് രണ്ടാമത്തെ വലിയ കക്ഷിയായ ബിജെപിയെയാണ്. അങ്ങനെ ചെറുകക്ഷികളുടെ പിന്തുണയോടെ ഭരണം പിടിക്കാൻ കഴിഞ്ഞു. മേഘാലയയിലും അതുതന്നെ സംഭവിച്ചു. അവിടെ ഏറ്റവും വലിയ ഒറ്റക്കക്ഷി കോൺഗ്രസായിരുന്നിട്ടും, രണ്ടാമത്തെ വലിയ കക്ഷിയായ എൻപിപിയുടെ നേതാവായ കോൺറാഡ് സാങ്മയെയാണു സർക്കാരുണ്ടാക്കാൻ ഗവർണർ ക്ഷണിച്ചത്. ഒരു സീറ്റു മാത്രമുള്ള ബിജെപി, എൻപിപിയെ പിൻതുണച്ചതാണു കാര്യം.

മണിപ്പൂരിലും സമാനമായ രാഷ്ട്രീയക്കളി നടത്തി. അവിടെ  കോൺഗ്രസിന് 24 സീറ്റ് ലഭിച്ചെങ്കിലും  21 സീറ്റുള്ള ബിജെപിയെയാണ് ഗവർണർ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചത്. ബിജെപി കഷ്ടിച്ചു ഭൂരിപക്ഷം ഒപ്പിച്ച ഒരു വലിയ സംസ്ഥാനം ഗുജറാത്താണ്. മോദിയുടെയും ഷായുടെയും സ്വദേശം. കോൺഗ്രസ് ഉയർത്തെഴുന്നേറ്റു പ്രചാരണം നടത്തിയെങ്കിലും അവസാനഘട്ടത്തിലെ മോദിയുടെ പര്യടനം, രണ്ടാംഘട്ട വോട്ടെടുപ്പിൽ ബിജെപിക്ക് അനുകൂല കാലാവസ്ഥയുണ്ടാക്കി. 

ഇപ്പോൾ, ഛത്തീസ്‌ഗഡ്, രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ വിക്കറ്റുകൾ സംരക്ഷിക്കാൻ ബാറ്റ്സ്‌മാൻമാർ രംഗത്തിറങ്ങേണ്ട നിർണായകസമയമാണ്. 2013ൽ ഈ സംസ്ഥാനങ്ങൾ ബിജെപി സ്വന്തമാക്കുമ്പോൾ, നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനാർഥിയായിരുന്നു. പക്ഷേ, അന്നത്തെ വിജയത്തിനു കാരണമായത് മുഖ്യമന്ത്രിമാരായ രമൺ സിങ്ങിന്റെയും (ഛത്തീസ്‌ഗഡ്), ശിവരാജ് പാട്ടീലിന്റെയും (മധ്യപ്രദേശ്) മികച്ച പ്രവർത്തനവും. രാജസ്ഥാനിൽ ഭരണവിരുദ്ധവികാരം, കോൺഗ്രസ് മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ വീഴ്ത്തുകയും ചെയ്തു. അതോടെ വസുന്ധര രാജെ രാജസ്ഥാനിൽ രണ്ടാമതും മുഖ്യമന്ത്രിയായി. ഈ 3 അതികായരാണ് ഇപ്പോൾ ഈ സംസ്ഥാനങ്ങളിൽ പ്രതിരോധനിര നയിക്കുന്നത്. പക്ഷേ, അവർക്ക് കളിക്കളത്തിൽ മോദിയുടെ ശക്തമായ കടന്നാക്രമണവും ഷായുടെ തന്ത്രപരമായ പ്രതിരോധനീക്കങ്ങളും ആവശ്യമാണ്. 

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രതിപക്ഷ വെല്ലുവിളികൾ നേരിട്ട് കേന്ദ്രസർക്കാരിനെ പ്രതിരോധിക്കലാണ് അന്തിമമൽസരമെങ്കിലും, ഈ മൂന്നു സംസ്ഥാനങ്ങളും നിലനിർത്താൻ ബിജെപിക്കു കഴിഞ്ഞാൽ മോദിയെയും ഷായെയും മികച്ച ഓൾ റൗണ്ടർമാരായി കണക്കാക്കേണ്ടിവരും.