നിയന്ത്രണത്തിന്റെ പൊരുൾ

ഗുരുവും ശിഷ്യന്മാരും ചന്തയിൽ ഇരിക്കുമ്പോൾ ഒരാൾ പശുവിനെയും കൊണ്ടു പോകുന്നതു കണ്ടു. ഗുരു ശിഷ്യനോടു ചോദിച്ചു–‘‘ അയാൾ പശുവിനെയാണോ പശു അയാളെയാണോ നിയന്ത്രിക്കുന്നത്?’’ ശിഷ്യർ പറഞ്ഞു–‘‘പശുവിനെ ബന്ധിക്കുന്ന കയർ അയാളുടെ കയ്യിൽ ആയതുകൊണ്ട് അയാളാണു പശുവിനെ നിയന്ത്രിക്കുന്നത്’’. 

മറുപടി കേട്ട ഗുരു പശുവിന്റെ അടുത്തുചെന്ന് അതിനെ ബന്ധിച്ചിരുന്ന കയർ മുറിച്ചുകളഞ്ഞു. പശു ഓടാൻ തുടങ്ങി. പിറകേ അയാളും. ഗുരു ചോദിച്ചു–‘‘ഇപ്പോൾ ആര് ആരെയാണു നിയന്ത്രിക്കുന്നത്?’’ ശിഷ്യർ പറഞ്ഞു–‘‘ പശു അയാളെ’’. ഗുരു കൂട്ടിച്ചേർത്തു– ‘‘പശു പോകുന്നതാണ് ഇനി അയാളുടെ വഴി’’. 

എല്ലാ ചരടുകളും പിറകോട്ടു വലിക്കുന്നവയല്ല. ഇഴ പിരിക്കുന്നവയും കൂട്ടിച്ചേർക്കുന്നവയും ഉണ്ടാകും. എല്ലാ ബന്ധങ്ങളും നിലനിൽക്കുന്നതു ദൃശ്യമോ അദൃശ്യമോ ആയ ചില കാരണങ്ങളുടെ പേരിലാണ്. പൊരുത്തക്കേടുകൾക്കും നീരസങ്ങൾക്കുമപ്പുറം പരസ്‌പരം ചേർത്തുനിർത്തുന്ന ഒരു കാരണമെങ്കിലും കണ്ടെത്താനാകാത്തവർ അകലങ്ങളിലേക്കു സഞ്ചരിക്കും. 

കൂട്ടുചേർന്നു നിൽക്കാൻ തക്കതായ പ്രേരണ ഉണ്ടെങ്കിൽ ആരും ആരെയും നിയന്ത്രിക്കേണ്ടിവരില്ല. നിർബന്ധിത നിയന്ത്രണമല്ല സ്വമനസ്സാലേയുള്ള സഹവർത്തിത്വമാണ് എല്ലാ സൗഹൃദങ്ങളെയും പിടിച്ചുനിർത്തുന്നത്.