നന്മയുടെ രഹസ്യഭാവം

subhadinam
SHARE

എല്ലാ വാരാന്ത്യത്തിലും ഗുരു എങ്ങോട്ടോ പോകുന്നത് ആശ്രമത്തിലുള്ളവർ ശ്രദ്ധിച്ചു തുടങ്ങി. രണ്ടു ദിവസം കഴിഞ്ഞാണു മടങ്ങിവരവ്. അദ്ഭുതസിദ്ധികളുള്ള ആളായതിനാൽ ഈശ്വരനെ നേരിട്ടു കാണാൻ പോകുന്നുവെന്നാണ് പൊതുസംസാരം. ഒരിക്കൽ ശിഷ്യരിലൊരാൾ രഹസ്യമായി അദ്ദേഹത്തെ പിന്തുടർന്നു.

ഗുരു ഒരു കൃഷിക്കാരന്റെ വേഷത്തിൽ ഗ്രാമാതിർത്തിയിലുള്ള കുടിലിലെത്തി. അവിടെ തളർന്നുകിടക്കുന്ന ഒരു വയോധികയുണ്ട്. അവരെ കുളിപ്പിച്ച് ഭക്ഷണവും ഉണ്ടാക്കിവച്ച് തിരിച്ചുപോന്നു. ആശ്രമത്തിൽ തിരിച്ചെത്തിയ ശിഷ്യനോടു മറ്റുള്ളവർ ചോദിച്ചു, ഗുരു എവിടെയാണു പോയത്? സ്വർഗത്തിലേക്കായിരുന്നോ? ശിഷ്യൻ പറഞ്ഞു – ‘അതിനെക്കാൾ ശ്രേഷ്‌ഠമായ സ്ഥലത്തായിരുന്നു അദ്ദേഹം’.

മരിച്ചതിനുശേഷം സ്വർഗത്തിൽ പോകാനുള്ള എളുപ്പമാർഗം, ജീവിച്ചിരിക്കുമ്പോൾ സ്വർഗം സൃഷ്‌ടിക്കുക എന്നതാണ്. ഒരു മരണാനന്തര ബഹുമതിയായി മാത്രം എന്തിനാണ് സ്വർഗത്തെ വ്യാഖ്യാനിക്കുന്നത്? മരണശേഷം സ്വർഗത്തിലെത്തുക എന്നത് ഒരു സ്വകാര്യ നേട്ടമാകാം; സ്വർഗം സൃഷ്‌ടിക്കുക എന്നത് സാമൂഹികനന്മയും. ആയുസ്സ് അവസാനിച്ചതിനുശേഷം എവിടെത്തി എന്നതുപോലെ പ്രധാനമാണ് ആയുസ്സു ശേഷിക്കുന്നവർക്കുവേണ്ടി എന്ത് അവശേഷിപ്പിക്കുന്നു എന്നതും.

സ്വർഗം കരസ്ഥമാക്കാൻ മാത്രമായുള്ള നിർബന്ധിത കർമങ്ങൾ ചെയ്യുന്നതിലെ ശ്രദ്ധയും ഉൽസാഹവും, അനുദിന ജീവിതത്തിലെ അനിവാര്യമായ സത്‌കർമങ്ങളിൽ ഉണ്ടായിരുന്നെങ്കിൽ സ്വർഗം താഴേക്കിറങ്ങി വന്നേനെ.

നന്മയുടെ വിശുദ്ധി അതിന്റെ രഹസ്യഭാവമാണ്. കൊടിതോരണങ്ങൾ കെട്ടി, വിളംബരജാഥ നടത്തി ചെയ്യുന്ന സത്‌കർമങ്ങളുടെ ഉദ്ദേശ്യം ചോദ്യം ചെയ്യപ്പെടും. താനാരാണെന്ന് ആരെയും അറിയിക്കാതെ, ചെയ്‌ത കർമങ്ങളുടെ ഒരു തെളിവും അവശേഷിപ്പിക്കാതെ കടന്നുപോകുന്നവരുടെ കാലിൽ നമസ്കരിക്കണം. അവരണിയുന്ന വേഷങ്ങളിൽ കാരുണ്യത്തിന്റെ മുഖമുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA