ജീവിതത്തിന്റെ തുലാഭാരം

subhadinam
SHARE

പ്രചോദനാത്മക പ്രഭാഷണം കേട്ടു മടങ്ങിയെത്തിയ കമ്പനി മാനേജർ തന്റെ കീഴുദ്യോഗസ്ഥനോടു പറഞ്ഞു, ‘ഇനി മുതൽ താങ്കൾ കാര്യങ്ങൾ നിയന്ത്രിക്കണം. അത് കമ്പനിയുടെ ഉൽപാദനക്ഷമത കൂട്ടും’. എനിക്കു ശമ്പളം കൂട്ടിത്തരുമോ, അയാൾ ചോദിച്ചു. ‘പണമല്ല നമ്മെ പ്രചോദിപ്പിക്കേണ്ടത്, പണം ഒരിക്കലും സംതൃപ്‌തി തരില്ല’ – മാനേജർ ഉപദേശിച്ചു. 

ഉൽപാദനം കൂട്ടിയാൽ എനിക്ക് ശമ്പളം കൂട്ടിത്തരുമോ, അയാൾ വീണ്ടും ചോദിച്ചു. മാനേജർ പറഞ്ഞു – ‘എങ്ങനെയാണു സ്വയം പ്രചോദിപ്പിക്കേണ്ടതെന്നു താങ്കൾക്ക് ഇപ്പോഴും അറിയില്ല. ഈ പുസ്തകം കൊണ്ടുപോയി വായിച്ചു നോക്കൂ’. പുസ്തകവും വാങ്ങി നടന്നുനീങ്ങിയ അയാൾ തിരിഞ്ഞുനിന്നു വീണ്ടും ചോദിച്ചു – ഞാൻ ഈ പുസ്തകം മുഴുവൻ വായിച്ചാൽ എനിക്കു ശമ്പളം കൂട്ടിത്തരുമോ? 

എന്തു ചെയ്യുന്നു, എങ്ങനെ ചെയ്യുന്നു എന്നത് എന്തിനുവേണ്ടി ചെയ്യുന്നു എന്നതിന്റെ ഉത്തരമാണ്. ഒരേ സ്ഥലത്ത് ഒരേ തൊഴിൽ ചെയ്യുന്നവർക്കു പോലും അതു ചെയ്യുന്നതിന്റെ കാരണം പലതായിരിക്കും. ചിലർക്കതു നിയോഗം, ചിലർക്കു നിവൃത്തികേട്, കുറച്ചുപേർക്ക് ഒരു ഫാഷൻ, വേറെ ചിലർക്ക് സമയം കളയാനുള്ള മാർഗം. എന്തിനുവേണ്ടി ഇറങ്ങിത്തിരിച്ചോ അതിനുവേണ്ടി മാത്രമേ പ്രവർത്തിക്കൂ. സ്വന്തം ഉദ്ദേശ്യങ്ങളെ കൂടെയുള്ളവരിലേക്കുകൂടി സന്നിവേശിപ്പിക്കാൻ കഴിയാത്തവർക്ക് ഉൽപാദനക്ഷമതയോ പ്രവർത്തനമികവോ കൈവരിക്കാനാകില്ല. സഹകാരികളുടെ മനസ്സറിയാതെ എങ്ങനെയാണ് സഹകരണം ഉറപ്പുവരുത്താനാകുക? 

ഓരോ തൊഴിലും നൽകുന്ന അനുഭവങ്ങളും തിരിച്ചറിവുകളും അന്തസ്സും ചേർത്തുവച്ചാണ് ജീവിതത്തിന്റെ തുലാഭാരം നടത്തേണ്ടത്. വരുമാനം മാത്രം പ്രതിഫലമായി കാണുന്നവർ വരുന്നതും പോകുന്നതും ശമ്പളത്തിന്റെ കനവുമായി തട്ടിച്ചുനോക്കിയായിരിക്കും. സന്തോഷവും സംതൃപ്‌തിയും പണത്തിന്റെ ത്രാസിൽ അളന്നുതൂക്കിയാൽ, അവ നമ്മിൽ എന്തെങ്കിലുമൊരു സന്തുലനാവസ്ഥ ഉണ്ടാക്കുമോ?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA