പേരും പ്രവൃത്തിയും

subhadinam
SHARE

കുട്ടിക്കു പേരിടുന്ന കാര്യത്തിൽ ദമ്പതികൾ തമ്മിൽ വഴക്കായി. തന്റെ അച്ഛന്റെ പേരിടണമെന്നു ഭർത്താവ്; അതുവേണ്ട, തന്റെ അച്ഛന്റെ പേരു മതിയെന്നു ഭാര്യ. പ്രശ്‌നപരിഹാരത്തിനായി ഒരു ഗുരുവിനെ സമീപിച്ചു. ഗുരു ദമ്പതികളോട് അച്ഛന്റെ പേരു ചോദിച്ചു. രണ്ടു പേരുടെയും അച്ഛന്റെ പേര് ഒന്നുതന്നെ! പിന്നെന്തു പ്രശ്‌നം, ഗുരുവിനു സംശയമായി. 

ഭാര്യ പറഞ്ഞു – ‘എന്റെ അച്ഛൻ പണ്ഡിതനും ഇദ്ദേഹത്തിന്റെ അച്ഛൻ കള്ളനുമായിരുന്നു’. ഗുരു പരിഹാരം നിർദേശിച്ചു. മകനെ മുത്തച്ഛന്മാരുടെ പേരുതന്നെ വിളിക്കുക. കുറച്ചു കഴിയുമ്പോൾ അറിയാം, അവൻ പണ്ഡിതനാകുമോ കള്ളനാകുമോ എന്ന്. അപ്പോൾ മനസ്സിലാകും ആരുടെ പേരാണ് അവനു നൽകിയതെന്ന്!  

പേരിൽനിന്നു പ്രവൃത്തിയല്ല, പ്രവൃത്തിയിൽനിന്നു പേരാണു രൂപപ്പെടുന്നത്. എല്ലാ നാമകരണങ്ങളും കർമങ്ങളുടെ വിലയിരുത്തലാണ്. ചെയ്യുന്ന പ്രവൃത്തികളുടെ സംഗ്രഹമാണ് ലഭിക്കുന്ന പേരുകൾ. പേരു ലഭിക്കുന്നവർക്ക് പേരിന്റെ അർഥവും വ്യാപ്‌തിയും മനസ്സിലാകുന്നില്ലെങ്കിൽ എന്തു പ്രയോജനം? പേരിടുന്നവർക്ക് പ്രേരകശക്തിയാകാൻ കഴിയുന്നില്ലെങ്കിൽ പേരിനു പിന്നെന്തു പ്രസക്തി? ഓരോ പേരും വിശിഷ്‌ടമാകുന്നത് നാമധാരികളുടെ നന്മകൊണ്ടാണ്. 

കടംവാങ്ങുന്ന പേരുകളോട് കടമെടുക്കുന്നവർക്ക് ഒരു കടമയുണ്ട് – പുലർത്തേണ്ട അനന്യതയുടെയും തുടരേണ്ട കർമശേഷിയുടെയും ഉത്തരവാദിത്തം. വഴിനയിക്കാനുള്ള കൈവിളക്കാണ് സ്വീകരിക്കുന്ന പേര്. അതു ലക്ഷ്യമാണ്, ഊർജമാണ്. കടമെടുത്ത പേരുകൾക്കുള്ള വെല്ലുവിളി, അവയുടെ പൊരുളും പ്രാധാന്യവും നിലനിർത്തുക എന്നതാണ്. 

പേരിടുന്നതിനുള്ള തീക്ഷ്‌ണതയെക്കാൾ പ്രധാനമാണ് പേരു കളയാതിരിക്കുന്നതിനുള്ള പ്രയാണം. ‌പേരിലെ പെരുമയെക്കാൾ പ്രവൃത്തിയിലെ നന്മയാണ് അവനവനും സഹജീവികൾക്കും ഉപകാരപ്പെടുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA