നൽകാം, പൂർണമനസ്സോടെ

subhadinam
SHARE

നിലാവുള്ള രാത്രി. ഗുരു തന്റെ വീടിനു പുറത്തിരിക്കുകയാണ്. ഈ സമയം ഒരു കള്ളൻ വീടിനുള്ളിൽ കടന്നു. ഏറെനേരം പരതിയിട്ടും അയാൾക്ക് ഒരു നാണയത്തുട്ടു പോലും ലഭിച്ചില്ല. ആരും കണ്ടില്ലെന്ന ധാരണയിൽ സ്ഥലം വിടാനൊരുങ്ങിയ കള്ളനെ ഗുരു വിളിച്ചു. ‘എന്റെ കയ്യിൽ ഒന്നുമില്ല. എന്തെങ്കിലും നിവൃത്തിയുണ്ടായിരുന്നെങ്കിൽ ഈ ചന്ദ്രനെയെങ്കിലും പിടിച്ച് താങ്കൾക്കു തരുമായിരുന്നു’.

വീതവും ദശാംശവും കൊടുക്കുന്നതു മാത്രമല്ല, അർഹതപ്പെട്ടതു നിഷേധിക്കാതിരിക്കുന്നതു കൂടിയാണ് ദാനം. എങ്ങനെയാണ് ഒരാൾക്ക് മറ്റൊരാളുടെ സൂര്യോദയം നിഷേധിക്കാനാവുക; അപരന്റെ വായു മലിനമാക്കാൻ കഴിയുക? എന്തിനാണ് അപരന്റെ തണലിനു തീയിടുന്നത്, തെളിനീരിൽ വിഷം കലക്കുന്നത്? 

മതിലുകെട്ടി മാർഗമടച്ച് എല്ലാം സ്വകാര്യമാക്കുമ്പോൾ ഒന്നോർക്കണം – അവകാശം പറയാൻ പറ്റുന്നതു മണ്ണിനു മാത്രമാണ്; അന്തരീക്ഷം ആരുടെയും സ്വന്തമല്ല. കാറ്റും വെളിച്ചവും അതിർത്തി നിർണയിച്ചല്ല സഞ്ചരിക്കുന്നത്. ഭാവിതലമുറയ്‌ക്കു വിശുദ്ധമായി കൈമാറേണ്ട‌തൊന്നും വൃത്തിഹീനമാക്കരുത്. 

തട്ടിയെടുക്കാൻ വരുന്നവർക്കുപോലും എന്തെങ്കിലും കിട്ടി എന്ന് ഉറപ്പുവരുത്തുന്നതാണ് നൽകലിന്റെ പൂർണത. പണം മാത്രം അധികമായുള്ളവരിൽനിന്ന് അതു മാത്രമേ കവർന്നെടുക്കാനാകൂ. മോഷ്‌ടിക്കാനും കൈവശപ്പെടുത്താനും വരുന്നവർക്ക് അവർ ആഗ്രഹിച്ചതിനെക്കാൾ ശ്രേഷ്‌ഠമായി എന്തെങ്കിലും ലഭിച്ചാൽ ഒരുപക്ഷേ, അവർ കവർച്ചപോലും അവസാനിപ്പിക്കും. കവിഞ്ഞൊഴുകുന്ന നന്മയും കരുണയും സഹാനുഭൂതിയും ഉണ്ടെങ്കിൽ അത് ചുറ്റുപാടിലും കലർന്ന് ഒഴുകിക്കൊണ്ടിരിക്കും.

മോഷ്‌ടിക്കാൻ വരുന്നവനു മുന്നിൽ അവനാഗ്രഹിക്കുന്ന വസ്തുവുമായി നിൽക്കുന്ന യജമാനൻ, മോഷ്‌ടാവിനെയും മോഷ്‌ടിക്കാനുള്ള ആഗ്രഹത്തെയും കീഴ്‌പ്പെടുത്തും. എന്തും നൽകാൻ മനസ്സുള്ളവരിൽനിന്ന് എന്തു പിടിച്ചുപറിക്കാനാണ്?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA