അഴിഞ്ഞുവീണ കയർ, മറിയുന്ന മെറ്റൽകൂന, ഇഷ്ടിക; വീഴരുത് നിരത്തുകളിൽ ഇനി ചോര

ഒരു നാടിന്റെ സംസ്കാരം, സഹജീവികളോടുള്ള കരുതൽ, നിയമത്തോടുള്ള ബഹുമാനം എന്നിവ തെളിഞ്ഞുവരുന്നതു നമ്മുടെ പൊതുനിരത്തുകളിലാണ്, സ്വന്തം വീടിന്റെ അകത്തല്ല. ‘ലോറിയിൽ നിന്ന് അഴിഞ്ഞുവീണ കയറിൽ കുരുങ്ങി സ്കൂട്ടർ യാത്രിക മരിച്ചു’ – കേരളത്തിലെ റോഡുകളി‍ൽ ഒരുപാടു സഞ്ചരിക്കുന്ന നമ്മളെ വല്ലാതെ ഉലയ്ക്കുന്ന ഒരു വാർത്തയുടെ തലക്കെട്ട്. ഇതു വായിക്കുമ്പോളും നമ്മുടെ ആരെങ്കിലും റോഡിൽ വാഹനത്തിൽ സഞ്ചരിക്കുന്നുണ്ടാവും. ജീവിതപങ്കാളി, മക്കൾ, മാതാപിതാക്കൾ, സഹോദരങ്ങൾ, അടുത്ത ബന്ധു, സുഹൃത്തുക്കൾ... ഇങ്ങനെ ആരെങ്കിലും.

ലോറിയിൽനിന്ന് അഴിഞ്ഞുവീഴുന്ന മരണത്തിന്റെ കയർ, ടിപ്പർ ലോറിയിൽനിന്നു റോഡിലേക്കു മറിയുന്ന മെറ്റൽക്കൂന, സിമന്റ് ഇഷ്ടിക, മാലിന്യക്കൂമ്പാരം, യന്ത്രത്തകരാർ സംഭവിച്ച വണ്ടിയെ കെട്ടിവലിക്കുന്ന വടം, തുളച്ചുകയറുന്ന ഉരുക്കു കമ്പി (വണ്ടിയിൽനിന്നു മൂന്നും നാലും മീറ്റർ പുറകിലേക്കു തള്ളിനിൽക്കുന്ന കമ്പിയുടെ അറ്റത്ത് ചുവപ്പുനിറമുള്ള ചെറിയൊരു റിബൺ കെട്ടുന്നതാണ് ഏക സുരക്ഷാ മുന്നറിയിപ്പ്). സ്വകാര്യ ബസ് ഡ്രൈവർമാരുടെ വാതിലിന്റെ പുറത്തേക്കു നീളത്തിൽ പറക്കുന്ന ഒരുകെട്ടു റിബണുകൾ കാണാം. പലപ്പോഴും ഇതു മുഷിഞ്ഞിരിക്കും. അലങ്കാരമല്ല അരോചകമാണ് ഈ കാഴ്ച. പ്രശ്നം അതല്ല. പലപ്പോഴും സന്ധ്യമയങ്ങുന്ന നേരത്തു പിന്നാലെ വരുന്ന വാഹനത്തിലെ ഡ്രൈവർ ഈ റിബൺ പറക്കുന്നതു കാണുമ്പോൾ ഓവർടേക്ക് ചെയ്തോളാൻ ബസ് ഡ്രൈവർ കാണിക്കുന്ന സിഗ്നലാണെന്നു തെറ്റിദ്ധരിച്ച് അപകടത്തിൽ ചാടും. ഇങ്ങനെ കൊലപാതകത്തിനു വഴിയൊരുക്കുന്ന എന്തെല്ലാം വിവരക്കേടുകൾ, അശ്രദ്ധകൾ, അഹങ്കാരങ്ങൾ നമ്മൾ ദിവസവും റോഡുകളിൽ കാണുന്നുണ്ട്, കാണിക്കുന്നുണ്ട്.

ലോറിയിൽനിന്ന് അഴിഞ്ഞുകിടന്ന കയറിൽ സ്കൂട്ടർ കുരുങ്ങി റോഡിലൂടെ വലിച്ചിഴയ്ക്കപ്പെട്ട യുവതി ദാരുണമായി കൊല്ലപ്പെട്ടതു തിരുവനന്തപുരത്താണെങ്കിൽ, സമാനമായ വാർത്തകൾ നമ്മൾ തൊടുപുഴയിൽനിന്നും കൊച്ചിയിൽനിന്നും കോഴിക്കോട്ടുനിന്നും വായിക്കാറുണ്ട്. നമ്മുടെ പൊതുവായ മനഃസ്ഥിതി പരിശോധിക്കുമ്പോൾ ഇത്തരം അപകടങ്ങൾ കുറയ്ക്കാൻ ഉപദേശവും ബോധവൽക്കരണവും പോരാതെ വരുന്നുണ്ട്. നിയമംതന്നെ അതിന്റെ മുഴുവൻ ശക്തിയോടെ പ്രയോഗിക്കേണ്ടി വരും.

ഇന്ത്യൻ ശിക്ഷാനിയമത്തിൽ 279 എന്ന വകുപ്പുണ്ട്. പൊതുനിരത്തിൽ മറ്റുള്ളവർക്ക് അപകടമുണ്ടാക്കുംവിധം ധാർഷ്ട്യത്തോടെ, അശ്രദ്ധമായി, അലക്ഷ്യമായി വാഹനം ഓടിക്കുന്നവരെ ശിക്ഷിക്കാനുള്ള വകുപ്പാണിത്. ആറുമാസം വരെ തടവും 1000 രൂപ പിഴയുമാണ് ഈ കുറ്റത്തിനുള്ള ശിക്ഷ. ഏറെ കരുത്തുള്ള നിയമമാണെങ്കിലും ചെറിയൊരു ദൗർബല്യം കാലങ്ങൾകൊണ്ട് അതിനു സംഭവിച്ചിട്ടുണ്ട്. 1860ൽ ആണു നിയമം പ്രാബല്യത്തിൽ വരുന്നത്. 1000 രൂപയ്ക്കു 10 ഏക്കർ സ്ഥലം ലഭിച്ചിരുന്ന കാലം. റോഡിൽ അപകടകരമായവിധത്തിൽ വാഹനം ഓടിക്കുന്നവർക്കു ചുമത്തിയിരുന്ന പിഴയുടെ അന്നത്തെ മൂല്യം അതാണ്. ഒന്നര നൂറ്റാണ്ടിനുശേഷം, അതേ തുകയാണ് ഇന്നും പിഴ ശിക്ഷ ചുമത്തുന്നത്. നിയമം കാലികമായി ഭേദഗതി ചെയ്ത് ഇത്തരം കുറ്റകൃത്യങ്ങൾക്കു കുറഞ്ഞത് 50,000 രൂപ പിഴ ചുമത്തുന്ന സാഹചര്യം ഉണ്ടായാൽ നമ്മുടെ റോഡുകൾ കുറെക്കൂടി സുരക്ഷിതമാവും.

മോട്ടോർവാഹന ചട്ടപ്രകാരം ഓരോ വാഹനത്തിനും കൃത്യമായ വലുപ്പം നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ഓരോ തരം ചരക്കു വാഹനങ്ങളിലും കയറ്റാവുന്ന ഭാരം നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. കയറ്റുന്ന വസ്തുക്കൾ എന്തുതന്നെയായാലും അതു വാഹനത്തിന്റെ പുറത്തേക്ക് ഒരിഞ്ചു പോലും തള്ളിനിൽക്കാൻ പാടില്ല. മറ്റുള്ളവരുടെ ജീവനു ഭീഷണിയുണ്ടാക്കും വിധം ചരക്കു കയറ്റി വണ്ടിയോടിക്കുന്നവർക്കെതിരെ ഐപിസി 279–ാം വകുപ്പു ചുമത്തണം.

നിലവിൽ കോടതിയിൽ കുറ്റസമ്മതം നടത്തി 1000 രൂപ പിഴകെട്ടി കുറ്റവാളിക്കു തടിതപ്പാവുന്ന ഒരു വകുപ്പായി ഇതുമാറി. അതിനു മാറ്റംവരണമെങ്കിൽ മജിസ്ട്രേട്ടുമാർ മനസ്സു വയ്ക്കണം. ഈ വകുപ്പിൽ പിഴയ്ക്കു പുറമെ, 6 മാസം തടവ് എന്ന ശിക്ഷ കൂടിയുണ്ട്. റോഡുസുരക്ഷയ്ക്കു ഭീഷണിയുണ്ടാക്കി വാഹനം ഓടിക്കുന്നവർക്ക് കുറ്റകൃത്യത്തിന്റെ ഗൗരവം പരിഗണിച്ച് 6 മാസം തടവുശിക്ഷ കൂടി വിധിക്കാൻ കോടതികൾ തയാറായാൽ കേരളത്തിലെ റോഡപകട മരണങ്ങൾക്കു വലിയ കുറവു വരും.

ജീവിതപങ്കാളി ഉപേക്ഷിച്ചുപോയ യുവതി വീട്ടുജോലി ചെയ്തു സമ്പാദിച്ച പണംകൊണ്ടു തനിക്കും സുരക്ഷിതമായി ജീവിക്കാൻ കഴിയുന്ന ഒരു വീടു നിർമിച്ചു. ഗൃഹപ്രവേശത്തിന്റെ തലേന്നാണ് ഓടിക്കൊണ്ടിരിക്കുന്ന ലോറിയിൽനിന്ന് അഴിഞ്ഞുകിടന്ന കയറിൽ സ്കൂട്ടർ കുരുങ്ങി, തിരുവനന്തപുരം പാറശാല കുളത്തൂർ ലക്ഷംവീടു കോളനിയിലെ യുവതി കൊല്ലപ്പെട്ടത്. ഈ വാർത്ത നമ്മളോടു പറയാതെ പറയുന്ന കുറെ വേദനിപ്പിക്കുന്ന സത്യങ്ങളുണ്ട്. ഒരാളെ ശിക്ഷിക്കാൻ മാത്രമല്ല നിയമം പ്രയോഗിക്കേണ്ടത്. മനുഷ്യർ അനുഭവിക്കുന്ന വേദനകളും യാതനകളും ദുരന്തങ്ങളും ആവർത്തിക്കാതിരിക്കാൻ കൂടിയാണ്. അതു നാട്ടിലായാലും വീട്ടിലായാലും റോഡിലായാലും മുഴുവൻ കരുത്തോടെ പ്രയോഗിക്കപ്പെടണം.