നിരത്തുകളിൽ നഷ്ടമാകുന്നത് എത്രയെത്ര ജീവനുകൾ; വേണം, ശാസ്ത്രീയ സമീപനം

Jiji-Thomson
SHARE

അടിസ്ഥാനസൗകര്യങ്ങളുടെ കുറവുമൂലം നമുക്ക് ഒരു ജീവൻകൂടി നഷ്ടമായിരിക്കുന്നു. ലോകോത്തര ചികിൽസാസൗകര്യങ്ങളുള്ള ആശുപത്രികൾ കേരളത്തിലുണ്ടെങ്കിലും അവിടേക്കു കൃത്യസമയത്ത് എത്തിച്ചേരാനായില്ലെങ്കിൽ പിന്നെ, ആ മേനിപറച്ചിലിന് എന്താണു പ്രസക്തി? റോഡുകളിലെ തിരക്കും അതു നിയന്ത്രിക്കുന്നതിലെ അശാസ്ത്രീയ സമീപനങ്ങളും കാരണം എത്രയെത്ര ജീവനുകളാണ് നമ്മളറി​ഞ്ഞും അറിയാതെയും നഷ്ടമാകുന്നത്? 

സംസ്ഥാനത്തെ നിരത്തുകളിൽ വാഹനങ്ങൾ അനുദിനം വർധിച്ചുവരുന്നു. നമ്മുടെ റോ‍ഡുകൾക്കു താങ്ങാനാവുന്നതിൽ അധികമാണ് വാഹനങ്ങളുടെ എണ്ണം. ഇരുചക്രവാഹനങ്ങളും ഓട്ടോകളും റോഡ് നിയമങ്ങളൊന്നും പാലിക്കാതെ കുതിക്കുന്നു. ഇതിനെല്ലാം പുറമെ, നിലവിലുള്ള റോഡുകളുടെ ശോചനീയാവസ്ഥയും. ഒരു മഴ വന്നാൽ റോഡുകൾ മരണക്കുഴികളായി മാറുന്നു. പുതിയ റോഡുകളുടെ നിർമാണത്തിൽ ഗുണപരമായ മാറ്റം വന്നിട്ടുണ്ടെങ്കിലും അറ്റകുറ്റപ്പണികളുടെ നിലവാരം ചോദ്യചിഹ്നമാണ്. പണത്തിന്റെ പരിമിതി മൂലം ഉദ്ദേശിക്കുന്ന വേഗത്തിൽ പുനർനിർമാണ പ്രവർത്തനങ്ങൾ നടക്കുന്നില്ല എന്നതും വാസ്തവം. 

എന്നും വൻകിട പദ്ധതികളോടാണു നമുക്കു പ്രിയം. കൊച്ചി മെട്രോ റെയിൽ പദ്ധതി‌തന്നെ നോക്കുക. മെട്രോ വന്നതുകൊണ്ട് കൊച്ചി നഗരത്തിൽ ഗതാഗതക്കുരുക്കു കുറഞ്ഞിട്ടുണ്ടോ? തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കണമെന്ന ആവശ്യത്തിനു തടസ്സം നിന്നയാളാണു ഞാൻ. കോടികൾ കടമെടുത്തു നടപ്പാക്കുന്ന ഈ പദ്ധതികളെക്കാൾ മുൻഗണന കൊടുക്കേണ്ടത് മേൽപാലങ്ങൾ നിർമിക്കാനാണ്. തിരക്കേറിയ ജംക്‌ഷനുകളിൽ മേൽപാലമുണ്ടാക്കിയാൽ ഗതാഗതക്കുരുക്കു കുറയ്ക്കാൻ കഴിയും. അതിനു പകരം, വൻകിട പദ്ധതികൾക്കു പിന്നാലെ പോയി കടബാധ്യതകൾ കൂട്ടി സാധാരണക്കാരന്റെ നടുവൊടിക്കണോ? 

പൊതുഗതാഗത സൗകര്യങ്ങൾ വർധിപ്പിക്കാനും സർക്കാർ മുൻകയ്യെടുക്കണം. ലണ്ടൻ പോലുള്ള നഗരങ്ങളിൽ വൻകിടക്കാർ പോലും പൊതുഗതാഗതത്തെ ആശ്രയിക്കുകയാണ്. സ്വന്തം കാറിൽ യാത്ര ചെയ്യുന്നവർ ‘ഗതാഗതക്കുരുക്കു നികുതി’ അടയ്ക്കണം. അത് ഭീമമായ തുകയാണ്. രാജ്യഭരണാധികാരികൾ വരെ പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുന്ന ചിത്രങ്ങൾ നമ്മൾ പങ്കുവച്ച് ആഘോഷിച്ചതാണല്ലോ. ഇതുപോലൊരു കാഴ്ച കാണാൻ നമുക്കു ഭാഗ്യമുണ്ടാകുമോ? 

സിംഗപ്പൂർ പോലുള്ള രാജ്യങ്ങൾ തിരക്കു കുറയ്ക്കാൻ നടപ്പാക്കിയ പരിഷ്കാരം നമുക്കു മാതൃകയാണ്. സ്വന്തമായൊരു കാറു വാങ്ങണമെങ്കിൽ വൻതുക അടച്ച് അപേക്ഷ നൽകി കാത്തിരിക്കണം. നഗരത്തിന് ഉൾക്കൊള്ളാവുന്ന വാഹനങ്ങൾക്ക് അവർ പരിധി നിശ്ചയിച്ചിട്ടുണ്ട്. മറ്റൊരാൾ ഒരു കാർ ഉപേക്ഷിച്ചാൽ മാത്രമേ, നമുക്കു പുതിയ കാർ വാങ്ങാൻ അനുമതി ലഭിക്കൂ. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിലും ഇത്തരം നിയന്ത്രണങ്ങളുണ്ട്. റോഡുകളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും കാര്യത്തിൽ അവരെക്കാൾ പിന്നിലായ നമ്മൾ, വാഹനങ്ങൾ വാങ്ങിക്കൂട്ടുന്നതിൽ ഒരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ല. 

ഗതാഗതം നിയന്ത്രിക്കുന്നതിലും ശാസ്ത്രീയ സംവിധാനങ്ങൾ ഏർപ്പെടുത്തണം. ഏതെങ്കിലും ജംക്‌ഷനുകളിൽ പൊലീസുകാരെ നിയോഗിച്ചതുകൊണ്ട് കുരുക്കു പരിഹരിക്കാനാകില്ല. തിരക്കു കൂടാനിടയുള്ള സ്ഥലങ്ങൾ നേരത്തേ കണ്ടെത്തി അതിനനുസരിച്ച് വാഹനങ്ങൾ നിയന്ത്രിക്കുകയും സമാന്തരപാതകൾ ഒരുക്കുകയും വേണം. ആംബുലൻസ് പോലുള്ള വാഹനങ്ങൾ കടത്തിവിടാനുള്ള സംവിധാനവും ഗതാഗത രൂപരേഖയിൽ ഉണ്ടാകണം. 

വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കേണ്ടത് ഗതാഗതക്കുരുക്കു പരിഹരിക്കാൻ മാത്രമല്ല, പരിസ്ഥിതിസംരക്ഷണത്തിനും അത്യന്താപേക്ഷിതമാണ്. ഡൽഹി പോലുള്ള നഗരങ്ങൾക്കു ഭീഷണിയായ വായുമലിനീകരണം അധികം വൈകാതെ നമ്മളും അഭിമുഖീകരിക്കേണ്ടിവരും. കാർബൺ ന്യൂട്രൽ സംസ്ഥാനമാകാൻ പരിശ്രമിക്കുന്ന കേരളം, അതിനുള്ള ആദ്യ ചുവടുവയ്ക്കേണ്ടതു വാഹനങ്ങളുടെ നിയന്ത്രണത്തിലൂടെയാണ്. 

(മുൻ ചീഫ് സെക്രട്ടറിയാണ് ലേഖകൻ)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
FROM ONMANORAMA