Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐസിടാത്ത യാഥാർഥ്യം! പിടയ്ക്കുന്ന മീൻ സ്വപ്നം മാത്രം

mangalapuram-boat മംഗലാപുരം തുറമുഖത്ത് ഐസിടാതെ ബോട്ടിലെത്തിയ മീൻ വൃത്തിഹീനമായ സാഹചര്യത്തിൽ കുട്ടയിലാക്കി ഇറക്കുന്ന തൊഴിലാളികൾ. ചിത്രം: ഫഹദ് മുനീർ

മലയാളിയുടെ അടുക്കളയും മംഗലാപുരവുമായുള്ള ബന്ധം അറിയണമെങ്കിൽ പുലർച്ചെ നാലു മുതൽ വൈകിട്ടുവരെ മംഗലാപുരത്തെ മൽസ്യബന്ധന തുറമുഖത്തു നിന്നാൽ മതി. മലയാളിക്കായി കേരളത്തിലെ തുറമുഖങ്ങളിൽ പിടിക്കുന്നതു തികയാതെ മറ്റു സംസ്ഥാനങ്ങളിൽനിന്നും രാജ്യങ്ങളിൽനിന്നുമൊക്കെയായി എത്തുന്നതു ദിവസം 750 ടൺ മൽസ്യമാണ്. ഇതിൽ 400–450 ടണ്ണിനടുത്തു മംഗലാപുരത്തുനിന്നു മാത്രം.

പിടയ്ക്കുന്ന മീൻ സ്വപ്നം മാത്രം

മംഗലാപുരത്ത് ദിവസവും ആയിരത്തിലധികം ബോട്ടുകളാണു തീരത്തടുക്കുന്നത്. ഒരു ബോട്ടിലെത്തുന്നതു 30–35 ടൺ മൽസ്യം. ഇങ്ങനത്തെ മൂവായിരത്തോളം ബോട്ടുകളാണു മംഗലാപുരത്തെ, കർണാടകയിലെ സാമ്പത്തികകേന്ദ്രമാക്കി മാറ്റിയതിനു പിന്നിൽ.
പിടയ്ക്കുന്ന മീൻ വാങ്ങിക്കൊണ്ടുപോകാം എന്നൊക്കെ മനസ്സിലുള്ളവർ ഇങ്ങോട്ടു വരേണ്ട. പിടയ്ക്കുന്ന മീൻ ഇപ്പോൾ സ്വപ്നത്തിൽ മാത്രം. 15– 16 ദിവസം ഉൾക്കടലിൽ മീൻ പിടിച്ച ശേഷമെത്തിയ ബോട്ടുകളാണു തീരത്തടുത്ത ബോട്ടുകളിൽ ഭൂരിഭാഗവും. കുറഞ്ഞതു 10 ദിവസം കഴിയാതെ എത്തുന്ന ബോട്ടുകളില്ല. ബോട്ടുകളിൽനിന്നിറക്കുന്ന മീനുകൾ പലയിടങ്ങളിൽ കൂനകളായി കൂട്ടിയിടുന്നു (ഒരു കാരണവശാലും മീൻ തറയിലിടരുതെന്നാണു ഭക്ഷ്യസുരക്ഷാ നിയമം). ചിലതു കുട്ടകളിൽ നിരത്തിവയ്ക്കുന്നു. മത്തിയും അയലയും കിളിമീനും ചൂരയും കണവയുമൊക്കെ നിറഞ്ഞുകിടക്കുന്ന തുറമുഖത്തിനു വൃത്തിയുമായി ഒരു ബന്ധവുമില്ലെന്നു തെളിയിക്കുന്ന കാഴ്ചയാണ് എങ്ങും. മീൻ ഭൂരിഭാഗവും ഐസ് ഇല്ലാതെയാണു സൂക്ഷിച്ചിരിക്കുന്നത്.

സ്രാങ്ക് പറഞ്ഞ കഥ

കുളച്ചൽ സ്വദേശിയായ ഒരു സ്രാങ്കിനോട് ഒരു ചൂട് ചായകുടിയുടെ അടുപ്പത്തിൽ ചോദിച്ചു: ‘‘ഈ ഐസ് ഇടലൊക്കെ ശരിക്കും നടക്കുന്നുണ്ടോ?’’ സ്രാങ്ക് സംസാരിച്ചുതുടങ്ങി. ഇടുമെന്നു പറയപ്പെടുന്ന ഐസ് അലിഞ്ഞലിഞ്ഞുപോകുന്നതാണു പിന്നെ കണ്ടത്. സ്രാങ്ക് പറഞ്ഞു: ‘‘ബോട്ടിൽ പോകുമ്പോൾ ആദ്യദിവസം പിടിക്കുന്ന മീനുകൾക്കാണ് ഐസ് ഇടാനാകുക. പിന്നെ വിലയുള്ള മീനുകൾ വലയിൽ കുടുങ്ങുമ്പോൾ ഐസ് അതിലേക്കു പോകും. ഓരോ കിലോഗ്രാം മീനിനും വേണ്ടത് ഓരോ കിലോഗ്രാം ഐസ് എന്ന തത്വം മംഗലാപുരത്ത് എങ്ങും കാണാനില്ല.’’

ഇങ്ങനെ തോന്നുംപടി ഐസ് ഇട്ടും ഇടാതെയും ഒക്കെ സൂക്ഷിച്ച് 16 ദിവസം കഴിഞ്ഞെത്തുന്ന മീനുകളുടെ കൂമ്പാരമാണു മംഗലാപുരം തുറമുഖത്തെ കാഴ്ച. ഇവയാകട്ടെ കാക്കയും മറ്റു പക്ഷികളും കൊത്തിപ്പറിക്കുകയും ചെയ്യുന്നുണ്ട്. വലയിൽ കുടുങ്ങുന്ന ചെറുമീനുകൾ വളത്തിനായി മാത്രം ശേഖരിക്കുന്നുണ്ട് ചില ബോട്ടുകാർ. അത് ഐസിട്ടു സൂക്ഷിക്കാറില്ല. ചീഞ്ഞളിഞ്ഞാണ് അത്തരം മീനുകൾ എത്തുന്നത്. ബോട്ടിൽനിന്നുതന്നെ അതിൽനിന്നുള്ള വൃത്തിയില്ലാത്ത വെള്ളം മറ്റു മീനുകളിലേക്കും ഒഴുകിയെത്തുക പതിവാണെന്നു സ്രാങ്ക് തന്നെ സമ്മതിക്കുന്നു.

ഐസും സംരക്ഷണവുമൊക്കെ പേരിനുപോലും കാണാനില്ലാത്ത ആ മീൻകൂമ്പാരങ്ങളിൽനിന്നുള്ള മീനാണു വീണ്ടും മണിക്കൂറുകളെടുത്തു റോഡ്മാർഗം ഓടിയെത്തി കേരളത്തിന്റെ മാർക്കറ്റുകളിലേക്കും അവിടെനിന്നു ലേലം വിളിച്ചു നമ്മുടെ ഗ്രാമങ്ങളിലേക്കും ദിവസങ്ങൾ താണ്ടിയെത്തുന്നത്. ഭക്ഷ്യസുരക്ഷാ നിയമമൊക്കെ വലിയരീതിയിൽ ചർച്ച ചെയ്യപ്പെടുന്ന രാജ്യമാണ് ഇന്ത്യയെന്നൊക്കെ പറയുമ്പോഴും സർക്കാരിന്റെയോ ഏതെങ്കിലും സർക്കാർ അംഗീകൃത ഏജൻസിയുടെയോ സാന്നിധ്യം ഇൗ മൽസ്യബന്ധന തുറമുഖത്തു പേരിനുപോലുമില്ല.

നീണ്ടകരയും കരയിപ്പിക്കും

മംഗലാപുരത്ത് ഇതാണു കാഴ്ചയെങ്കിൽ കേരളത്തിലെ ഏറ്റവും പ്രധാന മൽസ്യബന്ധന തുറമുഖമായ നീണ്ടകരയിലും ആശങ്കാകുലമാണു കാര്യങ്ങൾ. നീണ്ടകരയിലെയും കേരളത്തിലെ മറ്റു തുറമുഖങ്ങളിലെയും വൃത്തി ഫിഷറീസ് വകുപ്പ് ഇതുവരെ അന്വേഷിച്ചിട്ടുണ്ടോയെന്നുപോലും സംശയമുണ്ട്.

വൻ ബോട്ടുകളിൽനിന്നു മീൻ ഇറക്കുന്നതു കുട്ടയിലാക്കി വെള്ളം ചീറ്റിച്ചു കഴുകിയാണ്. ഇൗ കഴുകലിന്റെ ഉദ്ദേശ്യം പലതുണ്ടെന്നു രഹസ്യമായി തൊഴിലാളികൾ തന്നെ സമ്മതിക്കുന്നു. മീൻ കേടുകൂടാതെ സൂക്ഷിക്കുന്ന ‘മരുന്നുകൾ’ ഒട്ടേറെയുള്ളതിനാൽ ബോട്ടിൽ അതു കരുതാറുണ്ട്. തുറമുഖത്തെത്തുമ്പോൾ അതെല്ലാം കഴുകിയങ്ങ് ഇറക്കും. നേരെ തുറമുഖത്തെ തറയിലേക്കുതന്നെ വീഴും മീൻ. അവിടെയെങ്ങും ഐസിന്റെ പൊടിപോലുമില്ല. ഇവിടെയെങ്ങും വൃത്തി ഒരു ചർച്ചയേയാകുന്നില്ല. അപൂർവം പേർ മാത്രമാണു വൃത്തിയായി മീൻ കൊണ്ടുവരുന്നതും ഇറക്കുന്നതും.

കന്യാകുമാരി മാതൃക

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്, പ്രത്യേകിച്ച് കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ തുറമുഖങ്ങളെക്കാൾ കാര്യങ്ങൾ വ്യത്യസ്തമാണു കന്യാകുമാരിയിൽ. ഇവിടെ ഒന്നോ അല്ലെങ്കിൽ പരമാവധി രണ്ടോ ദിവസത്തിനുള്ളിൽ മീൻ പിടിച്ചു തിരിച്ചെത്തുന്ന ചെറിയ ബോട്ട് സംവിധാനമാണു കൂടുതലുള്ളത്. അതുകൊണ്ട് ഫ്രഷ് മീനിനു പേരുകേട്ട ഇടമാണു കന്യാകുമാരി. അവിടെ മൽസ്യബന്ധനം നിയന്ത്രിക്കുന്നതു ചെറുകിട സൊസൈറ്റികളാണ്. അവരാണ് ഇൗ നിയമം കർശനമായി പാലിക്കുന്നതും.

വൃത്തിയില്ലെങ്കിൽ പണിതരും ഈ ബാക്ടീരിയകൾ

വൃത്തിഹീനമായ സാഹചര്യത്തിൽ കൈകാര്യം ചെയ്യുമ്പോൾ മീനിലെത്തുന്ന ബാക്ടീരിയകൾ ഒട്ടേറെയാണ്. ഇതിൽ മീനിൽ സ്വയമേ ഉണ്ടാകുന്ന ബാക്ടീരിയകളും കൂടി ചേരുന്നതോടെ കുഴപ്പങ്ങൾ ഇരട്ടിയാകും. ഇത്തരത്തിൽ മീൻ കൈകാര്യം ചെയ്യുന്ന സ്ഥലത്തു കാണുന്ന ബാക്ടീരിയയാണ് സ്റ്റഫൈലോ കോക്കസ് ഓറിയസ്. ഇതു നമ്മുടെ ശരീരത്തിലെത്തുന്നതോടെ ഗ്യാസ്ട്രോ എന്ററൈറ്റിസ് എന്ന അസുഖമുണ്ടാവാനിടയുണ്ട്.

വിവിധ അസുഖങ്ങൾക്കു കാരണമാകുന്ന ഇ കോളി, വയറിളക്കമുണ്ടാക്കുന്ന സാൽമോണെല്ല, കോളറ ഉണ്ടാക്കുന്ന വിബ്രിയോ, കടുത്ത പനിക്കു കാരണമാകുന്ന ലിസ്റ്റീരിയ മോണോസൈറ്റോജനിസ് എന്നിവയെയും ഇത്തരം സാഹചര്യങ്ങളിൽ കാണുന്നു. ടൈഫോയ്ഡിനു കാരണമാകുന്ന സാൽമോണല്ല ടൈഫിമ്യൂരിയത്തെ പാചകം ചെയ്ത മീനിൽ പോലും കണ്ടെത്തിയിട്ടുണ്ട്. ബോട്ടിൽ നിന്നു തുറമുഖത്തെത്തിച്ച് അവിടെ നിന്നു നമ്മുടെ അടുക്കളയിലെത്തുമ്പോഴേക്കു മീനിൽ ബാക്ടീരിയ നൂറു മടങ്ങാവും.

കേരള തീരത്തു പിടിക്കുന്ന ചില മീനുകളിൽ സ്വിഗ്വാടോക്സിൻ എന്ന സിഗ്വാറ്റിറ ഫിഷ് പോയ്സൺ കണ്ടെത്തിയെന്നു കേരളത്തിൽ ഈയിടെ നടത്തിയ ചില പഠനങ്ങളിൽ തെളിഞ്ഞതായി സിഐഎഫ്ടി വ്യക്തമാക്കുന്നു. ഇത് അപകടകരമായ രോഗങ്ങളുടെ സാന്നിധ്യമുറപ്പിക്കുന്നതാണ്.

നോക്കിനിൽക്കെ രൂപം മാറുന്ന മീൻ

നോക്കിനിൽക്കെ മീനിന്റെ രൂപം മാറുന്ന കഥ നീണ്ടകരയിൽ നിന്നാണു കേട്ടത്. വിദേശത്തേക്കു മീൻ കയറ്റി അയയ്ക്കുന്ന കമ്പനിയുടമ അഞ്ചുലക്ഷം രൂപ മുടക്കി ചൂര വാങ്ങി. മൊത്തവിലയ്ക്കു വാങ്ങി തുറമുഖത്ത് ഇട്ടപ്പോൾ മീനിന്റെ കണ്ണിനെല്ലാം എന്തൊരു തിളക്കം! ശരിക്കും പച്ചമീൻ തന്നെയെന്ന് ഉറപ്പിച്ചു. അവിടെ നിന്നു ശീതീകരിച്ചെടുത്തു മൂന്നു കിലോമീറ്റർ അകലെയുള്ള കമ്പനിയിലെത്തിച്ചപ്പോൾ എന്തോ ഒരു പന്തികേട്. ചൂരയുടെ സ്വഭാവം തന്നെ മാറിയതുപോലെ. നല്ലതുപോലെ കട്ടിയായി ഇരുന്ന മീൻ പഴം പോലെ ഞെങ്ങുന്നു. വാലും തലയും കൂട്ടിമുട്ടിക്കാൻ നോക്കിയാൽ എളുപ്പത്തിൽ മുട്ടുന്നു. മീനിൽ കൈതൊടുമ്പോൾ തന്നെ കുഴിഞ്ഞുപോകുന്നു. ഇനി അതു കയറ്റി അയച്ചാൽ കുടുങ്ങുമെന്ന് ഉറപ്പായി.

മീൻ പെട്ടെന്നു രൂപം മാറിയതിനു പിന്നിലെ രഹസ്യം ഇതായിരുന്നു: ബോട്ട് വന്നത് 10 ദിവസത്തെ മീൻപിടിത്തത്തിനു ശേഷമാണ്. ചൂരയിലിട്ട ഐസിന്റെയും രാസവസ്തുക്കളുടെയും ഒക്കെ വീര്യം ചോർന്നിരുന്നു. ഇട്ട രാസവസ്തുവിന്റെ തിളക്കമാണു ചൂരയുടെ കണ്ണിൽ ആദ്യം കണ്ടത്. കനത്ത നഷ്ടം വരാതിരിക്കാൻ കമ്പനിയുടമ ഉടൻ തന്നെ മറ്റൊരു മൊത്തവില ഏജന്റിനെ വിളിച്ച് അയാൾക്കു വിറ്റു; ഏജന്റ് അത് മൂന്നു ജില്ലകളിലെ മാർക്കറ്റുകളിലെത്തിച്ചു ലേലംവിളിച്ചു വിറ്റു. അതു കഴിച്ചവർ ആശുപത്രിയിൽ കൊടുത്ത പണത്തിന്റെ നഷ്ടക്കണക്ക് ആർക്കുമറിയില്ല !

‘എക്സ്പോർട്ട് ക്വാളിറ്റി’ ചതിച്ചു

കേരളത്തിൽ നിന്ന് എല്ലാ പരിശോധനയും കഴിഞ്ഞു സ്പെയിനിലേക്കു വിട്ട ചൂര കഴിച്ചു നൂറോളം പേർക്കു ഭക്ഷ്യവിഷബാധയുണ്ടായതു മൂന്നു വർഷം മുൻപാണ്. അമേരിക്കയിൽ നിന്നും യൂറോപ്യൻ യൂണിയനിൽ നിന്നും ഭക്ഷ്യവിഷബാധയുണ്ടായി തിരിച്ചയയ്ക്കപ്പെട്ട ഇന്ത്യൻ ഭക്ഷ്യവസ്തുക്കളിൽ 42 ശതമാനവും മീനും അനുബന്ധ ഉൽപന്നങ്ങളുമാണ്. നമ്മുടെ ചൂര കഴിച്ച് അമേരിക്കയിൽ 100 പേർ ആശുപത്രിയിൽ കിടന്നുപോയത് 2012ൽ അവിടെ വലിയ വാർത്തയായിരുന്നു. അമേരിക്കയിൽ നിന്നുമാത്രം 2010നു ശേഷം 60 തവണയാണു നമ്മുടെ മീനും മീനുൽപന്നങ്ങളും തിരിച്ചയച്ചത്.

കയറ്റുമതി ചെയ്യുന്ന മീനിന്റെ നിലവാരത്തെപ്പറ്റി നമ്മൾ ‘എക്സ്പോർട്ട് ക്വാളിറ്റി’ എന്നും ‘എ ക്ലാസ്’ എന്നുമൊക്കെ പറയുമെങ്കിലും അതുപോലും തിരിച്ചയയ്ക്കപ്പെടുന്നു. അപ്പോൾ ഗുണനിലവാര പരിശോധനയൊന്നുമില്ലാതെ നമ്മൾ കഴിക്കുന്ന മീനിന്റെ കാര്യമോ?
നീണ്ടകരയിൽ ഈയിടെ ഒരു കല്യാണത്തിനു നെയ്മീൻ കഴിച്ചവരെല്ലാം രണ്ടു ദിവസം കിടപ്പായിപ്പോയി. മംഗലാപുരത്തു നിന്നെത്തിയ ചുവന്ന മീൻ കഴിച്ച് 150 പേരാണ് ആശുപത്രിയിലായത്.

നാളെ: മത്തിയുടെ കഷ്ടകാലം

Your Rating: