മേഘാലയ: മേഘാവൃതം, ഇവിടെ തിരഞ്ഞെടുപ്പുരംഗം

ഷില്ലോങ് ∙ മേഘങ്ങളുടെ വീടായ മേഘാലയയുടെ ഹ്രസ്വകാല രാഷ്ട്രീയം എന്നും കാർമേഘങ്ങൾ നിറ​​ഞ്ഞതാണ്. സ്വതന്ത്രനെ മുഖ്യമന്ത്രിയാക്കുക, നറുക്കെടുപ്പിലൂടെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുക, ഭരണകാലാവധി പകുത്തു നൽകുക, ഇതു തീരുമാനിക്കാൻ ടോസ് ഇടുക തുടങ്ങിയവ മേഘാലയയുടെ സ്വന്തം രീതികളാണ്. ജനസംഖ്യയുടെ 83 ശതമാനവും ക്രൈസ്തവരായ മേഘാലയയിൽ ഇത്തവണ രാഷ്ട്രീയം ക്രിസ്തീയ പള്ളികളെ ചുറ്റിപ്പറ്റി നിൽക്കുന്നു.

കോൺഗ്രസും പിന്നെ പ്രാദേശിക കക്ഷികളുമാണ് 1972ൽ രൂപീകൃതമായ മേഘാലയയുടെ ചരിത്രം തീരുമാനിച്ചിരുന്നത്. യുണൈറ്റഡ് ഡമോക്രാറ്റിക് പാർട്ടി (യുഡിപി), ഹിൽസ് സ്റ്റേറ്റ് പീപ്പിൾ ഡമോക്രാറ്റിക് പാർട്ടി (എച്ച്എസ്പിഡിപി), ഗാരോ നാഷനൽ കൗൺസിൽ എന്നീ പ്രാദേശിക പാർട്ടികൾ ഒരു അച്ചുതണ്ടായി പ്രവർത്തിക്കുകയാണ്. കോൺഗ്രസ് 60 സീറ്റിലും മൽസരിക്കുന്നു. ഒറ്റയ്ക്കു മൽസരിക്കുന്ന ബിജെപി 47 സീറ്റിൽ മാത്രമാണുള്ളത്.

ലോകത്തു സ്ത്രീകൾക്കു പുരുഷനേക്കാളും അധികാരമുള്ള അപൂർവം സമൂഹങ്ങളിലൊന്നാണ് മേഘാലയയിലെ പ്രമുഖ ഗോത്രവിഭാഗമായ ഖാസികൾ. പക്ഷേ, ഇതൊന്നും രാഷ്ട്രീയത്തിലേക്കു മാറിയിട്ടില്ല. ആകെയുള്ള 374 സ്ഥാനാർഥികളിൽ 33 പേർ മാത്രമാണു വനിതകൾ. ഈ മാസം 27നാണു മേഘാലയ തിരഞ്ഞെടുപ്പ്.

പുതു തന്ത്രങ്ങളുമായി ബിജെപി

അസം, അരുണാചൽ, മണിപ്പുർ എന്നിവ പിടിച്ചെടുത്തു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ രഥയാത്ര നടത്തിയ ബിജെപി, കേന്ദ്രഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ചു മേഘാലയയിൽ നടത്തുന്ന നീക്കങ്ങളാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിനു പുതിയ മാനം നൽകുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരൊറ്റ സീറ്റുപോലും ലഭിക്കാതിരുന്ന പാർട്ടി ഇത്തവണ ഭരണംതന്നെ മോഹിക്കുന്നു. സ്ഥാനം മോഹിച്ച് എത്തിയ ചിലർ വന്നപോലെ മടങ്ങിപ്പോകുന്നു. സംസ്ഥാന ബിജെപി അധ്യക്ഷന്റെ സഹോദരിതന്നെ മറുകണ്ടംചാടുന്നു. മറ്റു സംസ്ഥാനങ്ങളിൽ ജയിച്ച തങ്ങളുടെ ഹിന്ദുത്വ അജൻഡ പക്ഷേ ഇവിടെ വിലപ്പോകില്ല എന്നതാണു ബിജെപിയെ വിഷമിപ്പിക്കുന്നത്.

മോദിതരംഗം വീശിയ 2014ലെ തിരഞ്ഞെടുപ്പ് ബിജെപിക്ക് ആത്മവിശ്വാസം നൽകിയിട്ടുണ്ട്. ഷില്ലോങ് ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വിൻസന്റ് എച്ച് പാലാ ജയിച്ചെങ്കിലും നാലാമതെത്തിയ ബിജെപിയുടെ ഷിബുൻ ലിങ്ദോ പല നിയമസഭാ മണ്ഡലങ്ങളിലും മുന്നിലെത്തി. അധികമാരും കേട്ടിട്ടില്ലാത്ത ഷിബുൻ ഇപ്പോൾ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാണ്. 2015ൽ ഗാരോ, ഖാസി, ജയ്ന്തിയ തദ്ദേശ കൗൺസിൽ തിരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കാനും ബിജെപിക്കു കഴിഞ്ഞു. കേന്ദ്രത്തിൽ ബിജെപിയുടെ സഖ്യകക്ഷിയായ നാഷനൽ പീപ്പിൾസ് പാർട്ടി ഇവിടെ ബിജെപിയെക്കൂടാതെയാണു മൽസരിക്കുന്നത്.

പാർട്ടിയിലെ ഉൾപ്പോര് കോൺഗ്രസിനു ബാധ്യത

മുഖ്യമന്ത്രി മുകുൾ സാങ്മയുടെ ഏകാധിപത്യവും പാർട്ടിയിലെ പ്രശ്നങ്ങളുമാണു കോൺഗ്രസിനെ അലട്ടുന്നത്. പലവട്ടം മുഖ്യമന്ത്രിക്കെതിരെ കേന്ദ്രത്തിനു പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നു പല നേതാക്കളും പരസ്യമായിത്തന്നെ കുറ്റപ്പെടുത്തുന്നു. എംഎൽഎമാർ ഉൾപ്പെടെ ചിലർ പാർട്ടിവിട്ടു. നാലു തവണ എംഎൽഎയായ മുകുൾ സാങ്മ ആദ്യമായി ഇത്തവണ രണ്ടു മണ്ഡലങ്ങളിൽ മൽസരിക്കുന്നു. ബിജെപി ന്യൂനപക്ഷങ്ങൾക്ക് എതിരാണെന്ന പ്രചാരണം ശക്തമാക്കാൻ കോൺഗ്രസിനു സാധിച്ചിട്ടുണ്ട്.

ബാപ്റ്റിസ്റ്റ് പ്രചാരകനായ റവ. പോൾ സിസായ്ക്ക് ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ എംബസി വീസ നിഷേധിച്ചതാണ് ഏറ്റവും ഒടുവിൽ ആളിക്കത്തുന്ന വിഷയം. മേഘാലയയിലെ ഗാരോ ഹില്ലിൽ ക്രിസ്ത്യൻ മതം എത്തിയതിന്റെ 150-ാം വാർഷികച്ചടങ്ങിൽ പങ്കെടുക്കാനാണ് റവ. സിസാ ഇന്ത്യയിലേക്കു വരാനിരുന്നത്. സംഭവം ബിജെപിക്കു ക്ഷീണമായതോടെ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തെയാണു പ്രശ്നപരിഹാരത്തിനു നിയോഗിച്ചിരിക്കുന്നത്.