Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണിക് സർക്കാർ കേരളത്തിലേക്കു പൊയ്ക്കോളൂ, 3 വർഷം അവിടെ താമസിക്കാമെന്ന് ബിജെപി

Himanta-Biswa-Sarma ഹിമാന്ദ ബിശ്വ ശർമ.

അഗർത്തല∙ രാഷ്ട്രീയത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഒരു നഴ്സറിക്കുട്ടിയാണെന്ന് ബിജെപി. അതേസമയം, ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ രാഷ്ട്രീയത്തിലെ പിജി വിദ്യാർഥിയാണെന്നും അസം മന്ത്രിയും നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസിന്റെ (എൻഇഡിഎ) ചെയർമാനുമായ ഹിമാന്ദ ബിശ്വ ശർമ പറഞ്ഞു.

ത്രിപുര മുഖ്യമന്ത്രിയായിരുന്ന മണിക് സർക്കാരിന്, ബിജെപി സർക്കാർ രൂപീകരിക്കാനൊരുങ്ങുന്ന സാഹചര്യത്തിൽ, ഇനി ബംഗ്ലദേശിലോ ബംഗാളിലോ കേരളത്തിലോ അഭയം തേടാമെന്നും ഹിമാന്ദ പറഞ്ഞു. ബംഗാളിൽ നിലവിൽ ചെറുസാന്നിധ്യമാണ് സിപിഎം. കേരളത്തിൽ മൂന്നു വർഷം കൂടിയേ സിപിഎം അധികാരത്തിലുണ്ടാകൂ എന്ന കാര്യം ഓർക്കണം. ഇതു രണ്ടുമല്ലെങ്കിൽ മണിക്കിന് അയൽരാജ്യമായ ബംഗ്ലദേശിലേക്കു പോകാമെന്നും ഹിമാന്ദ പറഞ്ഞു. 

അക്രമം പ്രചരിപ്പിക്കുന്ന ഒരു പാർട്ടിയിൽ നിന്ന് ഇത്തരം പ്രസ്താവനകളല്ലാതെ മറ്റെന്താണു പ്രതീക്ഷിക്കേണ്ടതെന്നു ഇതിനു മറുപടിയായി സിപിഎം ചോദിച്ചു. സിപിഎമ്മിനാണ് ത്രിപുരയിൽ ഏറ്റവും കൂടുതൽ വോട്ടു കിട്ടിയിരിക്കുന്നതെന്ന കാര്യം ആരും മറക്കരുത്. മണിക് സർക്കാരിനെ അപമാനിക്കുന്ന പ്രസ്താവന ജനാധിപത്യത്തെ അപമാനിക്കുന്നതിനു തുല്യമാണെന്നും സിപിഎം പറഞ്ഞു. 

ത്രിപുര മുഖ്യമന്ത്രിയെ ബംഗ്ലദേശിലേക്കയയ്ക്കുമെന്ന ഹിമാന്ദയുടെ പ്രസ്താവന തിരഞ്ഞെടുപ്പു ഫലം വരുന്നതിനു മുൻപും ഉണ്ടായിരുന്നു. മണിക് സർക്കാരിന്റെ മണ്ഡലത്തിൽ പ്രചാരണ റാലിയ്ക്കിടെയായിരുന്നു അത്. അന്നു പ്രസ്താവന വിവാദവുമായി. എന്നാൽ ഇക്കാര്യം ആവർത്തിക്കുകയാണ് ഹിമാന്ദ ഇപ്പോൾ ചെയ്തിരിക്കുന്നത്.

20 വർഷത്തോളം കോൺഗ്രസിനൊപ്പമായിരുന്നു ഹിമാന്ദ 2015ലാണ് ബിജെപിയിൽ ചേരുന്നത്. അസമിൽ 15 വർഷം കോൺഗ്രസ് മന്ത്രിയുമായിരുന്നു. രാഷ്ട്രീയത്തെ രാഹുൽ ഗാന്ധി ഗൗരവത്തോടെ സമീപിക്കുന്നില്ലെന്ന ആരോപണവും ഹിമാന്ദ നേരത്തേ നടത്തിയിരുന്നു. കോൺഗ്രസിലായിരിക്കെ അസമിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ക്ഷണിച്ചപ്പോൾ സ്വന്തം നായ്ക്കുട്ടിയെ കളിപ്പിക്കാനായിരുന്നു രാഹുലിനു താൽപര്യമെന്നായിരുന്നു വിമർശനം.

related stories