Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൈക്കോടതി തുണച്ചു; ത്രിപുരയിൽ സിപിഎം മുഖപത്രം വീണ്ടും അച്ചടിക്കാം

CPM Flag

അഗർത്തല ∙ സിപിഎം മുഖപത്രം ‘ഡെയിലി ദേശർകഥ’യുടെ റജിസ്ട്രേഷൻ റദ്ദാക്കിയതു ത്രിപുര ഹൈക്കോടതി സ്റ്റേ ചെയ്തു. വ്യാഴാഴ്ച മുതൽ പത്രത്തിന്റെ അച്ചടി പുനഃരാരംഭിക്കും. പത്രത്തിനെതിരായ നടപടി ബിജെപി–ഐപിഎഫ്ടി സർക്കാരിന്റെ സമ്മർദത്തെ തുടർന്നാണെന്നു സിപിഎം ആരോപിച്ചിരുന്നു.

പശ്ചിമ ത്രിപുര ജില്ലാ  മജിസ്‌ട്രേട്ടിന്റെ വിധിയുടെ അടിസ്ഥാനത്തിൽ പത്രത്തിന്റെ റജിസ്ട്രേഷൻ റദ്ദാക്കുന്നുവെന്നു കഴിഞ്ഞദിവസമാണു റജിസ്ട്രാർ ഓഫ് ന്യൂസ്പേപ്പേഴ്സ് ഇൻ ഇന്ത്യ (ആർഎൻഐ) നൽകിയ കത്തിൽ അറിയിച്ചത്. ഇതിനെതിരെ പത്രം ഹൈക്കോടതിയെ സമീപിച്ചു. ചീഫ് ജസ്റ്റിസ് അജയ് കുമാർ രസ്തോഗിയാണ് അനുകൂല വിധി പ്രസ്താവിച്ചത്.

‌പത്രം നാളെ (വ്യാഴം) മുതൽ അച്ചടി തുടങ്ങുമെന്നു നടത്തിപ്പുകാരായ ഡെയിലി ദേശർകഥ സൊസൈറ്റി സെക്രട്ടറിയും മുൻ എഡിറ്ററുമായ ഗൗതം ദാസ് പറഞ്ഞു. ഈ മാസം ഒന്നിനാണ് അച്ചടി തടഞ്ഞത്. പ്രസ് ആൻഡ് റജിസ്ട്രേഷൻ ഓഫ് ബുക്സ് ആക്ട് ലംഘിച്ചെന്നാരോപിച്ച് ഓഗസ്റ്റിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.