വിവാദത്തിന്റെ അലകളിൽ ഉലഞ്ഞ് കോടിയേരി

തൃശൂർ ∙ സാമ്പത്തിക ഇടപാടിന്റെ പേരിൽ മകൻ ബിനോയ് കോടിയേരിക്ക് എതിരെ ഉയർന്ന വിവാദങ്ങളുടെ പശ്‌ചാത്തലത്തിലാണു സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ഇന്നു സംസ്‌ഥാന സമ്മേളന പ്രതിനിധികളെ അഭിമുഖീകരിക്കുക. മൂന്നു വർഷത്തെ പ്രവർത്തന റിപ്പോർട്ടിൽ ഈ വിഷയം ഉൾക്കൊള്ളിച്ചിട്ടില്ല. ബിനോയിയുടെ ചെക്ക് കേസും അനുബന്ധ വിവാദങ്ങളും ചർച്ചയാവാതിരിക്കാൻ നേതൃത്വം മുൻകരുതലെടുത്തിട്ടുണ്ടെന്നാണു സൂചന.

ദുബായിയിലെ ജാസ് ടൂറിസം കമ്പനി ഉടമ ഇസ്‌മയിൽ അബ്‌ദുല്ല അൽ മർസൂഖിക്കു 1.72 കോടി രൂപ കൊടുത്തു ചെക്ക് കേസ് ഒത്തു തീർത്തതെന്നാണു പറയുന്നത്. എന്നാൽ, ഒത്തുതീർക്കാനുള്ള പണം എവിടെനിന്നു കിട്ടി, എത്ര രൂപയാണു നൽകിയത്, എന്തു ബിസിനസ് തുടങ്ങാനാണു കടമെടുത്തത് തുടങ്ങിയ ചോദ്യങ്ങൾക്ക് ഇപ്പോഴും കൃത്യമായ ഉത്തരമില്ല.

അണികളെ കൊല്ലാനും ചാവാനും വിട്ടശേഷം മക്കളെ കോടികളുടെ ബിസിനസുമായി വിദേശത്തേക്ക് അയയ്ക്കുന്നത് കമ്യൂണിസ്‌റ്റ് മൂല്യത്തിനു നിരക്കുന്നതാണോയെന്ന ചോദ്യം ഒളിഞ്ഞും തെളിഞ്ഞും ഉയരുന്നുണ്ട്. ഈ ചോദ്യം സമ്മേളനത്തിൽ ഏതെങ്കിലും പ്രതിനിധികൾ ഉന്നയിച്ചാൽ അതു കോടിയേരിക്കു ക്ഷീണമാകും.