Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബജറ്റ് കുടത്തിൽ തോമസ് ഐസക് ഒളിപ്പിച്ചത് ‘നികുതിഭൂത’ത്തെ

വരുമാനം കൂടുമെന്നായിരുന്നു പ്രതീക്ഷ, പക്ഷേ കൂടിയില്ല. ചെലവാകട്ടെ കുത്തനെ കൂടി. പുതിയ നികുതി നിർദേശങ്ങളിലൂടെ സാധാരണക്കാരെ ‘പിഴിയുക’ എന്നതാണു ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് കണ്ട വഴി. മുണ്ടു മുറുക്കിയുടുത്തു മൊത്തത്തിൽ ചെലവുചുരുക്കിയും പുതിയ നികുതികളിലൂടെയും പണം കണ്ടെത്താമെന്നാണു പ്രതീക്ഷ. അധിക വിഭവ സമാഹരണത്തിലൂടെ മന്ത്രി ലക്ഷ്യമിടുന്നത് 970.40 കോടി രൂപ. വരവുചെലവു കണക്ക് ഏകീകരിച്ചു കമ്മി കുറയ്ക്കണം. കിഫ്ബി വഴി ഗണ്യമായ മൂലധന നിക്ഷേപം നടത്തുക, ജിഎസ്ടി ഫലപ്രദമായി നടപ്പാക്കി വരുമാനം കൂട്ടുക തുടങ്ങിയവ കൂടിയാകുമ്പോൾ യാത്ര സുഗമമാകുമെന്നു ബജറ്റ് പ്രസംഗത്തിൽ ഐസക് വ്യക്തമാക്കുന്നു.

സംസ്ഥാന ബജറ്റ്: സമ്പൂർണ കവറേജ്

∙ ദാനം, ധനനിശ്ചയം, ഒഴിമുറി: ചെലവേറും

എല്ലാവരെയും ഒരുപോലെ ബാധിക്കുന്നതാണു ഭൂനികുതി വർധന. 2014ൽ വർധിപ്പിച്ച ഭൂനികുതി എൽഡിഎഫ് സർക്കാർ പുനഃസ്ഥാപിക്കുകയാണ്. ഇതിലൂടെ ലക്ഷ്യമിടുന്നത് 100 കോടി രൂപ. കുടുംബാംഗങ്ങൾ‌ തമ്മിലുള്ള ഭാഗപത്രം, ദാനം, ധനനിശ്ചയം, ഒഴിമുറി എന്നീ ആധാരങ്ങളുടെ മുദ്രവില കൂട്ടി. എഴു വർഷം മുൻപു നിശ്ചയിച്ച 1000 രൂപയാണ് ഇപ്പോഴും. ഈ ആധാരങ്ങൾക്കു കുറഞ്ഞത് 1000 രൂപയോ വിൽപന വിലയുടെ 0.2 ശതമാനമോ (ഏതെങ്കിലും ഒന്ന്) നിശ്ചയിക്കും. പ്രതീക്ഷിത വരുമാനം 25 കോടി രൂപ. കുടുംബാംഗങ്ങൾ തമ്മിലുള്ള മുക്ത്യാറുകൾക്കു മുദ്രവില ഇരട്ടിയാക്കി; 300ൽനിന്ന് 600 രൂപ.

2010ലാണു ഭൂമിയുടെ ന്യായവില നിലവിൽവന്നത്. ന്യായവില കുറച്ചു കാണിച്ചതിനു 10 ലക്ഷത്തിലേറെ കേസുകളുണ്ട്. 1986 മുതൽ 2017 മാർച്ചു വരെ റിപ്പോർട്ടു ചെയ്ത കേസുകൾ തീർപ്പുകൽപ്പിക്കുന്നതിലൂടെയും സർക്കാർ വരുമാനം ലക്ഷ്യമിടുന്നുണ്ട്. മുദ്രവില 5,000 രൂപ വരെയുള്ള കേസുകൾക്കു പൂർണ ഇളവ്. അല്ലാത്തവയ്ക്കു മുദ്രവിലയിലുണ്ടായ കുറവിന്റെ 30% അടച്ചു കേസിൽനിന്നൊഴിവാകാം. ഇതിലൂടെ പ്രതീക്ഷിക്കുന്ന വരുമാനം 300 കോടി രൂപ.

∙ ഭൂമിയുടെ ന്യായവില പുതുക്കും

ഭൂമിയുടെ ന്യായവില കണക്കാക്കിയാണു സംസ്ഥാനത്ത് ആധാര റജിസ്ട്രേഷൻ മുദ്രവില ഈടാക്കുന്നത്. ഭൂമിയിലെ ഫ്ലാറ്റുകൾ ഒഴികെയുള്ള കെട്ടിടങ്ങൾക്കു വില കുറച്ചു റജിസ്റ്റർ ചെയ്യുന്നതു തടയാൻ പുതിയ നിയമം കൊണ്ടുവരും. വിപണിവിലയും ന്യായവിലയും കുറച്ചുകൊണ്ടുവരുന്നതിനു നിലവിലെ ന്യായവില 10% കൂട്ടും. ഇതിനുള്ള നടപടികൾ ഈ സാമ്പത്തിക വർഷം ആരംഭിക്കും.

ചിട്ടി നിയമപ്രകാരമുള്ള ആർബിട്ടറേഷൻ നടപടികൾക്കു ആർബിട്ടറേഷൻ തുകയുടെ രണ്ടു ശതമാനം കോർട്ടുഫീസ് കൊണ്ടുവരും. സബ് റജിസ്ട്രാർ ഓഫിസുകളിൽനിന്നു നൽകുന്ന സാക്ഷ്യപ്പെടുത്തിയ ആധാരപ്പകർപ്പുകൾക്കു 10 പേജു വരെ നിലവിലെ നിരക്കു തുടരും. 11–ാം പേജു മുതൽ അഞ്ചുരൂപ അധികം നൽകണം. പാട്ടാക്കാലവധിക്കു മുൻപുള്ള എല്ലാ പാട്ടഒഴിവുകുറികൾക്കും 1000 രൂപ നിരക്കിൽ മുദ്രവില ചുമത്തും.

പൊതുമരാമത്തു പ്രവൃത്തികൾക്കും മറ്റു സേവന കരാറുകാർക്കും കരാർ തുകയുടെ 0.1% (പരമാവധി ഒരു ലക്ഷം രൂപ) നിരക്കിൽ മുദ്രവില. എല്ലാ പരസ്യ കരാറുകാർക്കും പ്രക്ഷേപണ, സംപ്രേക്ഷണ അവകാശങ്ങൾക്കും 500 രൂപ നിരക്കിൽ മുദ്രവില. സേവനങ്ങൾക്കുള്ള എല്ലാ ഫീസുകളും ചാർജുകളും അഞ്ചു ശതമാനം ഉയർത്തിയതു സാധാരണക്കാരെ സാരമായി ബാധിക്കും.

∙ മദ്യനികുതി തന്നെ മുന്നിൽ

മദ്യപരിൽനിന്നു വരുമാനത്തിന്റെ സിംഹഭാഗവും ‘ഈടാക്കാൻ’ തന്നെയാണു ഇത്തവണയും സർക്കാർ പുറപ്പാട്. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിനു വില്‍പന നികുതി വര്‍ധിപ്പിച്ചു. 400 രൂപ വിലയുള്ള മദ്യത്തിന് 200 ശതമാനമായും അതിനുമുകളിലുള്ളവയ്ക്കു 210 ശതമാനമായുമാണു നികുതി പരിഷ്കരിച്ചത്. ബിയറിന്റെ നികുതി 70ല്‍നിന്നു 100 ശതമാനമാക്കി.

മദ്യപരെ ആഹ്ലാദിപ്പിക്കാനായി, ബിവറേജസ് കോർപറേഷൻ ഇനി വിദേശനിർമിത വിദേശമദ്യവും വിൽക്കുമെന്നു പ്രഖ്യാപനമുണ്ട്. 150 ശതമാനമാണ് ഇവയുടെ ഇറക്കുമതി തീരുവ. ഈ വിഭാഗം മദ്യത്തിനു 78%, വൈനിനു 25 ശതമാനവും നികുതി നിശ്ചയിച്ചു. പ്രതീക്ഷിക്കുന്ന അധികവരുമാനം 60 കോടി രൂപ. വിവിധ സെസ്സും സർചാർജും ഒഴിവാക്കിയതിനാൽ നികുതി പരിഷ്കരണത്തിലൂടെ വലിയ വിലക്കയറ്റം ഉണ്ടാകില്ലെന്നാണു മദ്യപരോടു ധനമന്ത്രി പറയുന്നത്.

∙ വാഹനനികുതി

1,500 ആഡംബര വാഹനങ്ങളടക്കം 3500 വാഹനങ്ങൾ പുതുച്ചേരിയിൽ വ്യാജ മേൽവിലാസത്തിൽ റജിസ്റ്റർ ചെയ്തു കേരളത്തിലോടുന്നുണ്ട്. ഈ വാഹന ഉടമകൾക്ക് ഇവിടെ നികുതിയടച്ചു നടപടികളിൽനിന്ന് ഒഴിവാകാൻ ഏപ്രിൽ 30 വരെ അവസരമൊരുക്കും. ഇതിലൂടെ പ്രതീക്ഷിക്കുന്നതു 100 കോടി രൂപ. നികുതിയടയ്ക്കാത്ത വാഹനങ്ങൾ പിടിച്ചെടുക്കുമെന്നാണു മുന്നറിയിപ്പ്.

അതേസമയം ഇലക്ട്രിക്, എൽപിജി, സിഎൻജി ഓട്ടോറിക്ഷകളുടെ വാർഷിക നികുതി 500ൽനിന്ന് 450 രൂപയായി കുറച്ചു. പുതുതായി റജിസ്റ്റർ ചെയ്യുന്ന ഇത്തരം വാഹനങ്ങൾ അഞ്ചു വർഷത്തേക്കു 2000 രൂപ അടയ്ക്കണം. ഇലക്ട്രിക് റിക്ഷകളുടെ റജിസ്ട്രേഷൻ പ്രോത്സാഹിപ്പിക്കാൻ ഓട്ടോറിക്ഷകളുടെ നികുതിനിരക്ക് ഏർപ്പെടുത്തിയെന്നും ബജറ്റിൽ പറയുന്നു.

ടിപ്പർ ലോറികളുടെ (20 ടണ്ണിനു മുകളിൽ ആർഎൽ‌ഡബ്ള്യു) ത്രൈമാസ നികുതി 35% വർധിപ്പിച്ചു. ഇതിലൂടെ പ്രതീക്ഷിക്കുന്ന അധികവരുമാനം 8.4 കോടി രൂപ. നിർമാണ മേഖലയിലെ ചെലവു കൂട്ടുന്നതാണു ടിപ്പറിന്റെ നികുതി വർധന. ഇതര സംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെയ്തശേഷം കേരളത്തിൽ ഒരു മാസത്തിൽ കൂടുതൽ സർവീസ് നടത്തുന്ന നോൺ – ട്രാൻസ്പോർട്ട് വാഹനങ്ങൾക്കു പുതുതായി നികുതി ചുമത്താനും നിർദേശമുണ്ട്.

കേരളത്തിൽ സമാന വാഹനങ്ങൾക്കു 15 വർഷത്തേക്കു ഈടാക്കുന്ന ഒറ്റത്തവണ നികുതിയുടെ 15ൽ ഒരു ഭാഗമാണ് ഇവ അടയ്ക്കേണ്ടത്. ഇതിലൂടെ രണ്ടു കോടി രൂപ ലഭിക്കുമെന്നു കരുതുന്നു. ഇതര സംസ്ഥാനങ്ങളിൽനിന്ന് അനധികൃതമായി പ്രവേശിക്കുന്ന ട്രാൻസ്പോർട്ട് വാഹനങ്ങൾ പിടികൂടി നിലവിലുള്ളതിന്റെ ഇരട്ടി നികുതി ഈടാക്കാനും നീക്കമുണ്ട്.

related stories