Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാമ്പത്തിക വളർച്ച 8 ശതമാനം എത്തിക്കുക ഏറെ ശ്രമകരം: ഡോ. അജിത് റാനഡെ

Budget Lecture വാക്കും പൊരുളും: മലയാള മനോരമയുടെ ആഭിമുഖ്യത്തിലുള്ള പത്തൊൻപതാമതു ബജറ്റ് പ്രഭാഷണം പ്രശസ്‌ത സാമ്പത്തിക വിദഗ്‌ധൻ ഡോ. അജിത് റാനഡെ കൊച്ചിയിൽ നിർവഹിക്കുന്നു. ചിത്രം: മനോരമ.

കൊച്ചി ∙ സാമ്പത്തിക വളർച്ച എട്ടു ശതമാനത്തിലെത്തിക്കുക എന്ന ആകർഷകമായ ലക്ഷ്യം അസാധ്യമല്ലെങ്കിലും അതിന് ഒട്ടേറെ ശ്രമം ആവശ്യമാണെന്നു പ്രമുഖ സാമ്പത്തിക വിദഗ്‌ധനും ആദിത്യ ബിർല ഗ്രൂപ്പിന്റെ ചീഫ് ഇക്കോണമിസ്‌റ്റുമായ ഡോ. അജിത് റാനഡെ അഭിപ്രായപ്പെട്ടു.

സാമ്പത്തിക വളർച്ച ഏഴര ശതമാനത്തിലെത്തുന്നതു കാണാൻ അധികം കാത്തിരിക്കേണ്ടിവരില്ലായിരിക്കാം. എന്നാൽ ബജറ്റ് പ്രഖ്യാപനത്തിൽ പറ​ഞ്ഞതു പ്രകാരം മൂന്നു വർഷത്തിനകം വളർച്ച എട്ടു ശതമാനത്തിലെത്തിക്കുക എന്നതു തീർത്തും ശ്രമകരമായിരിക്കുമെന്നു മലയാള മനോരമയുടെ ആഭിമുഖ്യത്തിലുള്ള ബജറ്റ് പ്രഭാഷണത്തിൽ ഡോ. റാനഡെ ചൂണ്ടിക്കാട്ടി. 

ധനക്കമ്മി കുറയ്‌ക്കുന്നതിനുള്ള അനേകം നടപടികളിലൂടെ മാത്രമേ സാമ്പത്തിക വളർച്ച ഉറപ്പാക്കാൻ കഴിയൂ. ആസ്‌തികളുടെ നാണ്യവൽക്കരണം, നികുതിവലയുടെ വ്യാപനം തുടങ്ങിയ നടപടികളാണ് ആവശ്യം. ഇവയിൽ ചിലതിനൊക്കെ പരിമിതികളുണ്ടെങ്കിൽ ചില കാര്യങ്ങളിൽ അവസരങ്ങളുമുണ്ടെന്നു ഡോ. റാനഡെ സൂചിപ്പിച്ചു. 

‘കർഷകരുടെ ദൈന്യത കുറയ്ക്കണമെങ്കിൽ മറ്റു രംഗങ്ങളിലേക്കു മാറണം’

ഇന്ത്യയിൽ കർഷകരുടെ ദൈന്യത കുറയ്ക്കണമെങ്കിൽ കർഷക കുടുംബങ്ങളിൽ നിന്നു കൂടുതൽ പേർ കൃഷി വിട്ട് മറ്റു മേഖലകളിലേക്കു കടക്കണം. ജനസംഖ്യയുടെ 50% കൃഷിയിൽ തുടരുന്ന സ്ഥിതി മാറണം. വൻ തോതിൽ സാമ്പത്തിക വളർച്ച കൈവരിച്ച രാജ്യങ്ങളിലെല്ലാം അതു സംഭവിച്ചിട്ടുണ്ട്.

എന്നാൽ കൃഷിയുമായി യാതൊരു ബന്ധവുമില്ലാത്ത രംഗത്തേക്കു മാറണമെന്നില്ല. ഗ്രാമങ്ങളിൽ കാർഷികോൽപ്പാദന കമ്പനികൾ കൂടുതലായി ഉണ്ടാവുകയും അവർ കാർഷികോൽപ്പന്നങ്ങൾ മൂല്യവർധന വരുത്തി കൂടുതൽ വിലയ്ക്കു വിൽക്കുകയുമാണു വേണ്ടത്. കർഷകരുടെ സഹകരണ രംഗമല്ല, കമ്പനിയാണു വേണ്ടത്. ജപ്പാനും കൊറിയയും പോലുള്ള രാജ്യങ്ങളെല്ലാം പുരോഗതി കൈവരിച്ചത് കാർഷിക രംഗത്ത് ഇത്തരം ബിസിനസ് വളർന്നതോടെയാണെന്നും റാനഡെ ചൂണ്ടിക്കാട്ടി. 

Budget lecture 2 കാതുകൂർപ്പിച്ച്: കേന്ദ്ര ബജറ്റ് വിശകലനം ചെയ്ത് കൊച്ചിയിൽ മലയാള മനോരമയുടെ ആഭിമുഖ്യത്തിൽ ഡോ.അജിത് റാനഡെ നടത്തിയ പ്രഭാഷണത്തിനെത്തിയ സദസ്സ്.

ഇന്ത്യയിലും ആകെ കർഷകരിൽ 30% പേ‍ർ എങ്കിലും പാടത്തു പണിയെടുക്കുന്നതിൽ നിന്നു മാറാവുന്നതാണ്. തുണി, ചെരുപ്പ്, തുകൽ പോലുള്ള വ്യവസായ രംഗങ്ങളിലെ തൊഴിലിലേക്കു മാറാം. പക്ഷേ അങ്ങനെ വലിയൊരു വിഭാഗത്തെ മാറ്റിയെടുക്കുന്നതൊരു വെല്ലുവിളിയാണ്. ജനസംഖ്യയുടെ പകുതി കൃഷിയിൽ ഏർപ്പെടുകയും എന്നാൽ ആഭ്യന്തര വരുമാനത്തിന്റെ 14% മാത്രം സംഭാവന നൽകുകയും ചെയ്യുന്നത് ഒട്ടും ആശാസ്യമല്ല. ഉത്പാദനക്ഷമത വളരെ കുറവാണെന്നാണ് അതു കാണിക്കുന്നത്.

മലയാള മനോരമയുടെ ബജറ്റ് പ്രഭാഷണ പരമ്പരയിൽ പത്തൊൻപതാമത്തേതായിരുന്നു ഡോ. റാനഡെയുടേത്. മലയാള മനോരമ എഡിറ്റോറിയൽ ഡയറക്‌ടർ മാത്യൂസ് വർഗീസ് മനോരമയുടെ ഉപഹാരം റാനഡെയ്‌ക്കു സമ്മാനിച്ചു. ഫിനാൻസ് ചീഫ് ജനറൽ മാനേജർ സിജി ജോസഫ് സ്വാഗതവും ‘ദ് വീക്ക്’ എഡിറ്റർ ഇൻ ചാർജ് വി.എസ്. ജയസ്‌ചന്ദ്രൻ നന്ദിയും പറഞ്ഞു.