Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാർ നികുതി വെട്ടിച്ചവർക്കു പൊതുമാപ്പ്; ഇളിഭ്യരായതു ക്രൈം ബ്രാഞ്ച്

car-representational-image

തിരുവനന്തപുരം∙ ആഡംബര വാഹനങ്ങൾ നികുതി വെട്ടിച്ചു വ്യാജവിലാസത്തിൽ പുതുച്ചേരിയിൽ റജിസ്റ്റർ ചെയ്തവർക്കു ബജറ്റിൽ സർക്കാരിന്റെ ‘സമാശ്വാസ സമ്മാനം.’ കേരളത്തിൽ അടയ്ക്കേണ്ട നികുതി ഏപ്രിൽ 30ന് അകം അടയ്ക്കാൻ അവസരമൊരുക്കുന്ന പൊതുമാപ്പ് (ആംനസ്റ്റി) പദ്ധതിയാണു പ്രഖ്യാപിച്ചിരിക്കുന്നത്. പത്തു വർഷത്തിനിടെ നികുതിവെട്ടിച്ചു പുതുച്ചേരിയിൽ ആഡംബര കാർ റജിസ്റ്റർ ചെയ്ത 23,0000 പേർക്കാണു പ്രയോജനം. അതേസമയം ഈ നികുതിവെട്ടിപ്പിന്റെ പേരിൽ കേസും നിയമനടപടിയുമായി മുന്നോട്ടുപോയ ക്രൈം ബ്രാഞ്ചും മോട്ടോർ വാഹന വകുപ്പും ഇതോടെ ഇളിഭ്യരായി.

ഇതിനകം കേസിൽ കുടുങ്ങിയ ചലച്ചിത്രതാരങ്ങളും ഒറ്റപ്പെട്ടു. കഴിഞ്ഞ പത്തുവർഷത്തിനിടെ സംസ്ഥാനത്തു നിന്നു വാങ്ങി പുതുച്ചേരിയിൽ റജിസ്റ്റർ ചെയ്തു നികുതിവെട്ടിച്ചു കേരളത്തിൽ സ്ഥിരമായി ഓടുന്ന ഏതാണ്ട് 23,000 വാഹനങ്ങൾ ഉണ്ടെന്നാണു ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ. രണ്ടു വർഷത്തിനിടെ ഇത്തരത്തിൽ നികുതി വെട്ടിച്ച, 50 ലക്ഷം രൂപയ്ക്കു മുകളിൽ വിലയുള്ള 1350 കാറുകളുണ്ട്. ഇവർക്കെതിരെയാണു മോട്ടോർ വാഹന വകുപ്പും ക്രൈം ബ്രാഞ്ചും നടപടി തുടങ്ങിയത്. ഇതിനകം മൂന്നു ചലച്ചിത്ര താരങ്ങൾക്കും 11 ആഡംബര കാർ ഡീലർമാർക്കുമെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടുമുണ്ട്. ഡീലർമാർക്കെതിരായ കേസുകളിൽ 220 കാറുടമകളെയും പ്രതിചേർത്തു.

ബജറ്റ് ഇൻഫോഗ്രാഫിക്സ്

ഓരോ ഡീലർമാരും കഴിഞ്ഞ ഒരു വർഷത്തിനിടെ കേരളത്തിൽ വിറ്റ കാറുകൾ പുതുച്ചേരിയിൽ റജിസ്റ്റർ ചെയ്തതായി കണ്ടെത്തിയതിലാണു കേസ്. മറ്റുള്ളവരുടെ പുതുച്ചേരിയിലെ വിലാസവും റജിസ്ട്രേഷൻ വിവരവും നൽകാൻ അവിടത്തെ പൊലീസിനോടു ക്രൈം ബ്രാഞ്ച് ആവശ്യപ്പെടുകയും ചെയ്തു. അതിനിടെയാണു ധനമന്ത്രിയുടെ ബജറ്റ് ഇളവ്. ഇതേ നികുതിവെട്ടിപ്പിന്റെ പേരിൽ ചലച്ചിത്ര താരങ്ങളായ സുരേഷ് ഗോപി, ഫഹദ് ഫാസിൽ, അമല പോൾ എന്നിവർക്കെതിരെ കേസ് എടുക്കുകയും ക്രൈം ബ്രാഞ്ച് ആസ്ഥാനത്തു വരുത്തി ചോദ്യംചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ഒരേ കുറ്റം ചെയ്തവർക്കു രണ്ടുനീതി എന്നപോലെയായി ബജറ്റ് പ്രഖ്യാപനം. പുതുച്ചേരിയിൽ വ്യാജവിലാസത്തിൽ റജിസ്ട്രേഷൻ നടത്തി കേരളത്തിൽ ആഡംബര കാർ ഓടിക്കുന്നവരിൽ ഭൂരിപക്ഷവും രാഷ്ട്രീയക്കാരുടെ അടുപ്പക്കാരാണ്.

വ്യവസായികൾ, ചലച്ചിത്ര താരങ്ങൾ, രാഷ്ട്രീയക്കാരുടെ മക്കൾ, ഉന്നത ഉദ്യോഗസ്ഥർ, വമ്പൻമാരുടെ ബെനാമികൾ എന്നിവർ ഈ പട്ടികയിലുണ്ട്. ഈയിടെ സിപിഎം ഉന്നതൻ ഇത്തരം ഒരു കാറിൽ പാർട്ടി ജാഥയുടെ ഭാഗമായി യാത്ര ചെയ്തത് ഏറെ വിവാദം ഉയർത്തിയിരുന്നു. ബജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ ഇനി തുടർനടപടി വേണ്ടെന്ന തീരുമാനത്തിലാണു ക്രൈം ബ്രാഞ്ച്. ഇത്തരം വാഹനങ്ങൾ കേരളത്തിൽ കണ്ടാൽ പിടിച്ചെടുക്കാൻ ഗതാഗത കമ്മിഷണറും ഉത്തരവിട്ടിരുന്നു. അതും ഇനി ഉണ്ടാകില്ല. ഒരു കോടിയുടെ വാഹനത്തിനു കേരളത്തിൽ 20 ലക്ഷവും പുതുച്ചേരിയിൽ ഒരു ലക്ഷവുമാണു നികുതി. ഇതാണു നികുതി വെട്ടിപ്പിനു പലരെയും പ്രേരിപ്പിച്ചത്. മോട്ടോർ വാഹന വകുപ്പ് നോട്ടിസ് അയച്ചവർ കഴിഞ്ഞ രണ്ടു മാസത്തിനിടെ നികുതിയും പിഴയുമായി 12 കോടി രൂപ ഖജനാവിൽ അടച്ചിട്ടുണ്ട്.

ബജറ്റ് ഹൈലൈറ്റ്സ് വിഡിയോ

100 കോടി അധികവരുമാനം

കേരളത്തിൽ റജിസ്റ്റർ ചെയ്യപ്പെടേണ്ട 1500 ആഡംബര കാറുകളും 2000 മറ്റു കാറുകളും പുതുച്ചേരിയിൽ വ്യാജ വിലാസത്തിൽ റജിസ്റ്റർ ചെയ്തു സ്ഥിരമായി കേരളത്തിൽ ഉപയോഗിക്കുന്നതായാണു പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും കണക്ക്. വാഹന ഉടമകളിൽ പലരും നിയമപരമായ ഭവിഷ്യത്തുകളെക്കുറിച്ചു ബോധവാൻമാരായിരുന്നില്ല. അതിനാൽ കേരളത്തിൽ റജിസ്റ്റർ ചെയ്തിരുന്നെങ്കിൽ അടയ്ക്കേണ്ട തുക ഒടുക്കിയാൽ നിയമ നടപടി സർക്കാർ പുനഃപരിശോധിക്കും. 2018 ഏപ്രിൽ 30 വരെ ഈ ആംനസ്റ്റി പദ്ധതി നിലവിലുണ്ടാകും. ഇതുവഴി സർക്കാരിനു 100 കോടി രൂപയുടെ അധികവരുമാനം ഉണ്ടാകും.

ബി.എ. പ്രകാശിന്റെ ബജറ്റ് അവലോകനം

ഇലക്ട്രിക് ഓട്ടോ റിക്ഷകൾക്ക് വാർഷിക നികുതിയിൽ ഇളവ്

ഇലക്ട്രിക് വാഹനങ്ങൾ സാർവത്രികമാക്കാനുള്ള ശ്രമവുമായി സർക്കാർ മുന്നോട്ട്. ഇലക്ട്രിക് ഓട്ടോറിക്ഷകളുടെയും എൽപിജി / സിഎൻജി ഉപയോഗിച്ച് ഓടുന്ന ഓട്ടോകളുടെയും വാർഷികനികുതി 500 രൂപയിൽ നിന്നു 450 രൂപയായി കുറച്ചു. പുതുതായി റജിസ്റ്റർ ചെയ്യുന്ന ഇത്തരം വാഹനങ്ങൾ അഞ്ചു വർഷത്തേക്കു 2000 രൂപ എന്ന നിരക്കിൽ നികുതി അടയ്ക്കണം. ഇലക്ട്രിക് ഓട്ടോകളുടെ റജിസ്ട്രേഷൻ പ്രോത്സാഹിപ്പിക്കാനായി ഓട്ടോറിക്ഷകളുടെ നികുതി നിരക്ക് ഇത്തരം വാഹനങ്ങൾക്കും ബാധകമാക്കും.

related stories