Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമാശ്വാസ പ്രഖ്യാപനങ്ങളി‍ൽ തുടക്കം; പിന്നാലെ സാമ്പത്തിക നിയന്ത്രണങ്ങളും

Kerala Budget 2018

തിരുവനന്തപുരം ∙ സമാശ്വാസ പ്രഖ്യാപനങ്ങളിൽ തുടങ്ങി കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളിൽ അവസാനിച്ച ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് ഇന്നു നിയമസഭയിൽ അവതരിപ്പിച്ചത്. തീരദേശ മേഖലയ്ക്ക് പ്രത്യേക പാക്കേജും ആരോഗ്യ മേഖലയുടെ പുനരുദ്ധാരണവും പ്രഖ്യാപിച്ചാണ് ബജറ്റ് അവതരണം തുടങ്ങിയതെങ്കിലും, അവസാന ഭാഗത്ത് കടുത്ത സാമ്പത്തിക നിയന്ത്രണം പ്രഖ്യാപിച്ച് സർക്കാരിന്റെ ലക്ഷ്യമെന്തെന്ന് ധനമന്ത്രി വ്യക്തമാക്കി.

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കൈക്കൊള്ളേണ്ട പ്രവർത്തനങ്ങൾക്ക് മാതൃകയാണ് ഓഖി ദുരന്തത്തിനു പിന്നാലെ കൈക്കൊണ്ട നടപടികളെന്ന് ധനമന്ത്രി പറഞ്ഞു. ഓഖി ദുരന്തത്തിൽ പുരുഷന്മാർ മരിച്ച കുടുംബങ്ങളുടെ ചുമതല ഏറ്റെടുക്കുന്ന സ്ത്രീകളെയും ധനമന്ത്രി പ്രകീർത്തിച്ചു. ഓഖി ചുഴലിക്കാറ്റ് വിതച്ച ദുരിതങ്ങളുടെയും സാമ്പത്തിക മുരടിപ്പ് സൃഷ്ടിക്കുന്ന അനിശ്ചിതാവസ്ഥയുടെയും മധ്യേയാണ് സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ ആശങ്ക ബജറ്റ് പ്രസംഗത്തിലും ധനമന്ത്രി മറച്ചുവച്ചില്ല. ഓഖി ചുഴലിക്കാറ്റു പോലെയാണ് നോട്ടുനിരോധനം ഇന്ത്യൻ സമ്പദ്ഘടനയെ തകർത്തത്. ആദ്യത്തേത് പ്രകൃതി ദുരന്തമായിരുന്നുവെങ്കിൽ രണ്ടാമത്തേത് മനുഷ്യനിർമിതമാണ്. നോട്ടുനിരോധനം കൊണ്ടു വലഞ്ഞ സമ്പദ്ഘടനയ്ക്ക് അവധാനതയില്ലാതെ നടപ്പാക്കിയ ജിഎസ്ടി തിരിച്ചടിയായെന്നും ധനമന്ത്രി പറഞ്ഞു.

ചരക്കുകളുടെ മേലുള്ള നികുതിഭാരം മൂന്നിലൊന്നായി കുറ‍ഞ്ഞെങ്കിലും സാധനങ്ങളുടെ വില കുറഞ്ഞില്ല. അതായത് ജിഎസ്ടിയുടെ ഗുണം സാധാരണ ജനങ്ങൾക്കല്ല, വൻകിട കോർപറേറ്റുകൾക്കാണ് ലഭിച്ചതെന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടി. വലിയതോതിൽ ഐജിഎസ്ടി ചോർച്ച സംഭവിക്കുന്നുവെന്നത് വാസ്തവമാണ്. ഇത് തടയുന്നതിനായി ഇ–ഡിക്ലറേഷൻ സംവിധാനം നടപ്പാക്കാൻ ശ്രമിച്ചെങ്കിലും കേന്ദ്രനിലപാട് അതിനെതിരാണ്. പിരിച്ച നികുതിയിൽ വിതരണം ചെയ്യാതെ കേന്ദ്രസർക്കാരിന്റെ പക്കൽ അവശേഷിക്കുന്നത് 1.35 ലക്ഷം കോടിയാണ്. ഈ പണം കിട്ടാത്തതിന്റെ തിരിച്ചടിയേൽക്കുന്നത് കേരളം പോലുള്ള സംസ്ഥാനങ്ങൾക്കാണ്.

ജിഎസ്ടി മാത്രമല്ല, പെട്രോളിന്മേലുള്ള വിൽപന നികുതിയും റജിസ്ട്രേഷനും സ്റ്റാമ്പ് ഡ്യൂട്ടിയും മന്ദഗതിയിലാണ് വളരുന്നത്. ഈ സാഹചര്യത്തിൽ കേരളം കടുത്ത ധനപ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നു ധനമന്ത്രി പറഞ്ഞു.

ചെലവുകൾ നിയന്ത്രിക്കാൻ നടപടി

വർധിച്ചുവരുന്ന ചെലവുനിയന്ത്രിക്കാനുള്ള കർശന നടപടികൾ തോമസ് ഐസക് പ്രഖ്യാപിച്ചു. ഔദ്യോഗിക കൂടിക്കാഴ്ചകൾക്കുള്ള യാത്രാ ചെലവു കുറയ്ക്കാൻ വിഡിയോ കോൺഫറൻസ് സംവിധാനങ്ങൾ ഉപയോഗിക്കണം. സർക്കാർ വകുപ്പുകൾ കാറുകളും മറ്റും വാങ്ങുന്നതിൽ നിയന്ത്രണം. വിദേശയാത്രകൾക്കും നിയന്ത്രണം. അനിവാര്യ സാഹചര്യങ്ങളിൽ മാത്രമേ വിദേശയാത്രകൾ അനുവദിക്കൂ. നിലവിലുള്ള ലാൻഡ് ലൈനുകളുടെ ചെലവുകൾ പരമാവധി ചുരുക്കണം. ചെലവു കുറഞ്ഞ മൊബൈൽ പാക്കേജുകളിലേക്ക് മാറണം.

തീരദേശത്തിനായി പ്രഖ്യാപിച്ച പദ്ധതികൾ ഒറ്റനോട്ടത്തില്‍

1. തീരദേശത്തിന് 2000 കോടിയുടെ പാക്കേജ്
2. മത്സ്യഗ്രാമങ്ങളിലും മത്സ്യബന്ധനത്തിലേർപ്പെട്ടിരിക്കുന്നവർക്കും യഥാസമയം മുന്നറിയിപ്പുകൾ എത്തിക്കുന്നതിനും അടിയന്തരസഹായ പ്രവർത്തനങ്ങൾ നടത്തുന്നതിനുമുള്ള സംവിധാനം.
3. മത്സ്യബന്ധനയാനങ്ങളെയും തീരദേശ ഗ്രാമങ്ങളെയും ബന്ധിപ്പിക്കാൻ 100 കോടി ചെലവിൽ സാറ്റലൈറ്റ് വിവരവിനിമയ സംവിധാനം.
4. കടൽത്തീരത്തിന്റെ 50 മീറ്റർ പരിധിയിലുള്ള മുഴുവൻ കുടുംബങ്ങളെയും മാറ്റി താമസിപ്പിക്കാൻ 150 കോടിയുടെ പദ്ധതി. സന്നദ്ധമാകുന്ന ഓരോ കുടുംബത്തിനും 10 ലക്ഷം രൂപ.
5. തീരദേശ വികസന പാക്കേജിന്റെ ഡിപിആർ തയ്യാറാക്കുന്നതിന് 10 കോടി
6. മത്സ്യമേഖലയ്ക്ക് 600 കോടിയുടെ അടങ്കൽ.
7. ഉൾനാടൻ മത്സ്യബന്ധനത്തിനടക്കം 240 കോടി രൂപയുടെ പദ്ധതി.
8. തീരദേശ വികസനത്തിന് 238 കോടി
9. നബാർഡ് വായ്പയോടെ മത്സ്യബന്ധന തുറമുഖങ്ങൾ നിർമ്മിക്കാൻ 584 കോടി ചെലവിൽ പദ്ധതി. അർത്തുങ്കൽ (61 കോടി), താനൂർ (36 കോടി), വെള്ളയിൽ (22 കോടി), മഞ്ചേശ്വരം (30 കോടി), തോട്ടപ്പള്ളി (80 കോടി), കാസർഗോഡ് (59 കോടി), ചെത്തി (111 കോടി), പരപ്പനങ്ങാടി (133 കോടി), കായംകുളം (36 കോടി), മുനമ്പം (8 കോടി), നീണ്ടകര (10 കോടി) എന്നിങ്ങനെ രൂപ ഇവയുടെ നിർമ്മാണം പൂർത്തീകരിക്കാൻ വേണം.
10. ചെത്തി, പരപ്പനങ്ങാടി തുറമുഖങ്ങളുടെ നിർമ്മാണം കിഫ്ബി വഴി
11. കിഫ്ബിയിൽ നിന്ന് തീരദേശത്ത് 900 കോടിയുടെ പദ്ധതികൾ
12. കിഫ്ബി സഹായത്തോടെ തീരദേശ ആശുപത്രി നവീകരണ പദ്ധതി. കോഴിക്കോട് ബീച്ച് ഹോസ്പിറ്റൽ കൊല്ലം, ആലപ്പുഴ ജനറൽ ആശുപത്രികൾ, ഫെറോഖ്, പൊന്നാനി, ചാവക്കാട്, കരുവേലിപ്പടി, ചെട്ടികാട്, കരുനാഗപ്പള്ളി, നീണ്ടകര, ചിറയിൻകീഴ് എന്നീ താലൂക്ക് ആശുപത്രികൾ തുടങ്ങിയവ പദ്ധതിയിൽ.
13. തീരദേശത്ത് 250 കുട്ടികളിൽ കൂടുതൽ പഠിക്കുന്ന മുഴുവൻ സ്കൂളുകളും ഈ വർഷത്തെ സ്കൂൾ നവീകരണ പാക്കേജിൽ.

ആരോഗ്യ മേഖലയ്ക്ക്

1. എല്ലാ മെഡിക്കല്‍ കോളേജൂകളിലും ഓങ്കോളജി ഡിപ്പാര്‍ട്ട്മെന്റുകള്‍
2. മലബാര്‍ കാന്‍സര്‍ സെന്ററിനെ ആര്‍സിസി നിലവാരത്തിലേക്ക് ഉയര്‍ത്തും
3. കൊച്ചിയില്‍ പുതിയ കാന്‍സര്‍ സെന്റര്‍ ആരംഭിക്കും. ഇതുവഴി സംസ്ഥാനത്തെ 80 ശതമാനം കാന്‍സര്‍ രോഗികള്‍ക്കും ചികിത്സയൊരുക്കാന്‍ പൊതുമേഖലയ്ക്കാവും
4. ജില്ലാ, താലൂക്ക് ആശുപത്രികളില്‍ അത്യാധുനിക സൗകര്യങ്ങളൊരുക്കും.
എല്ലാ ജില്ലാ ആശുപത്രികളിലും ഹൃദയാരോഗ്യ ചികിൽസാ വിഭാഗം ഉറപ്പാക്കും. താലൂക്ക് ആശുപത്രികളിൽ ട്രോമാകെയർ വിഭാഗം ഏർപ്പെടുത്തും. പൊതു ആരോഗ്യസർവീസിന് 1685 കോടി. അടിയന്തര ചികിൽസ ഏർപ്പെടുത്താൻ ഊബർ മാതൃകയിൽ ആംബുലൻസ് സേവനം ഏർപ്പെടുത്തും.

മറ്റു പ്രധാന പ്രഖ്യാപനങ്ങൾ

∙ ഭൂമിയുടെ ന്യായവില 10 ശതമാനം കൂട്ടി.
∙ആധാരത്തിന്റെ പകർപ്പ് വാങ്ങുന്നതിനുള്ള ഫീസ് കൂട്ടി. പത്തു പേജിനു മുകളിൽ ഓരോ പേജിനും അ‍ഞ്ചു രൂപ വീതം ഫീസ്.
∙കേരളത്തിനു പുറത്ത് വാഹനനികുതിയടച്ച് കേരളത്തിൽ ഓടുന്ന വാഹനങ്ങൾക്ക് കേരളത്തിലെ നികുതിയടച്ച് നടപടികളിൽ നിന്ന് ഒഴിവാകാൻ ഏപ്രിൽ 30 ന് അകം അവസരം. ഇതിലൂടെ മൂന്നു കോടി രൂപ അധിക വരുമാനം പ്രതീക്ഷിക്കുന്നു. നികുതിയടച്ച് ക്രമപ്പെടുത്തിയില്ലെങ്കിൽ വാഹനം പിടിച്ചെടുക്കും.
∙ ഇന്ത്യൻ നിർമിത വിദേശമദ്യത്തിനുള്ള വിൽപ്പന നികുതിയിൽ വർധന. സർച്ചാർജുകൾ ഒഴിവാക്കിയതിനാൽ നികുതിവർധന നാമമാത്രം.
∙ ജൂൺ വരെ സമർപ്പിച്ച വാറ്റ് റിട്ടേണിലെ സാങ്കേതിക പിഴവുകൾ വരുത്താൻ ഒരവസരം കൂടി നൽകും.
∙ ദുരിതത്തിലായ പ്രവാസികളെ സഹായിക്കാൻ 16 കോടി രൂപ
∙ ഇതരസംസ്ഥാന തൊഴിലാളികളെ അതിഥി തൊഴിലാളികളായി കാണും. ഇതര സംസ്ഥാന തൊഴിലാളികളുടെ ജീവിത നിലവാരവും ആരോഗ്യവും മെച്ചപ്പെടുത്തും.

∙സഹകരണബാങ്കുകൾ യോജിപ്പിച്ചുള്ള കേരള ബാങ്ക് ഈ വർഷം തുടങ്ങും. ആർബിഐ മാനദണ്ഡങ്ങൾ പാലിക്കാൻ സർക്കാർ മൂലധനം ഉറപ്പാക്കും.
∙ എകെജിയുടെ ജന്മഗ്രാമമായ പെരളശേരിയിൽ സ്മാരകം നിർമിക്കുന്നതിന് 10 കോടി. എകെജിയുടെ സംഭാവന പുതിയ തലമുറ അറിയണമെന്ന് തോമസ് ഐസക്.
∙ ജല അതോറിറ്റിയെ ആധുനികവൽക്കരിക്കും. പുനഃസംഘടന നടപ്പാക്കും. റോബട്ടുകൾ ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യ നടപ്പാക്കും.
∙ ഗെയിൽ പൈപ്പ്‌ലൈൻ കടന്നു പോകുന്ന എല്ലാ സ്ഥലങ്ങളിലും സിറ്റി ഗ്യാസ് മാതൃകയിൽ ഗ്യാസ് വിതരണം ഏർപ്പെടുത്തും.
∙ കെഎസ്ആർടിസി പെൻഷൻ വിതരണം തടസം കൂടാതെ മുന്നോട്ടു പോകാൻ ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിക്കും.
∙ കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശിക 2018 മാര്‍ച്ച് മാസത്തിന് മുന്‍പ് പൂര്‍ണ്ണമായും കൊടുത്തു തീര്‍ക്കും

∙ റോഡ് പാലം പദ്ധതികൾക്കായി 1459 കോടി അനുവദിച്ചു. അപകടത്തിലായ പാലങ്ങളും കലുങ്കുകളും അ‍ഞ്ചു വർഷത്തിനകം പുതുക്കിപ്പണിയും.
∙ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് 71 കോടി. പമ്പാ ആക്‌ഷൻ പ്ലാൻ പുനരുജ്ജീവിപ്പിക്കും. വരുന്ന സാമ്പത്തിക വർഷം മൂന്നു കോടി മരങ്ങൾ നടും. വരട്ടാർ പാലത്തിന് അന്തരിച്ച എംഎൽഎ കെ.കെ.രാമചന്ദ്രൻ നായരുടെ പേരു നൽകും.
∙ 2015 ലെ ഭൂനികുതി പുനഃസ്ഥാപിച്ചു. ഇതിലൂടെ ലക്ഷ്യമിടുന്നത് 100 കോടി രൂപ അധിക വരുമാനം. എതിർപ്പിനെ തുടർന്ന് നേരത്തെ യുഡിഎഫ് സർക്കാർ ഉപേക്ഷിച്ചതാണിത്.

∙ സ്ത്രീസുരക്ഷയ്ക്കായി 50 കോടി. 2018–19 അയൽക്കൂട്ട വർഷമായി ആചരിക്കും. ബജറ്റിന്റെ 13.6 ശതമാനം സ്ത്രീകേന്ദ്രീകൃത പദ്ധതികൾക്ക്
∙സ്ത്രീകൾക്കായുള്ള പദ്ധതികൾക്കായി 1267 കോടി. അവിവാഹിതരായ അമ്മമാർക്കുള്ള ധനസഹായം ഇരട്ടിയാക്കി – 2000 രൂപ.
∙ അതിക്രമങ്ങളെ അതിജീവിക്കുന്ന സ്ത്രീകൾക്കായി മൂന്നു കോടി രൂപ. നിർഭയവീടുകൾക്ക് 5 കോടി. എല്ലാ ജില്ലകളിലും വർക്കിങ് വിമൻസ് ഹോസ്റ്റലുകൾക്ക് 25 കോടി.
∙ വിവാഹധനസഹായം 10,000 രൂപയിൽ നിന്ന് 40,000 രൂപയാക്കി.
∙ എൻഡോസൾഫാൻ പാക്കേജ് പൂർണമായും നടപ്പാക്കും. ഇതിന് 50 കോടി രൂപ.

∙ 1200 ചതുരശ്ര അടി വീട്, രണ്ട് ഏക്കർ ഭൂമി, കാർ എന്നിവയുള്ളവരെ ക്ഷേമപെൻഷനുകളിൽ നിന്ന് ഒഴിവാക്കും. ഈ മാനദണ്ഡങ്ങളിൽപ്പെട്ട് പുറത്താകുന്നവർക്ക് പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കും.
∙സാമൂഹികക്ഷേമ പെൻഷനിൽ അനർഹരെ ഒഴിവാക്കാൻ കർശന നടപടി സ്വീകരിക്കും. ഒരു ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുള്ളവരെ കണ്ടെത്തി ഒഴിവാക്കും.
∙ആദായനികുതി നൽകുന്നവർക്കൊപ്പം താമസിക്കുന്നവർക്ക് ക്ഷേമ പെൻഷൻ നൽകില്ല. മാർച്ച് മാസത്തിനകം അനർഹർ സ്വയം ഒഴിവാകണം. തുടർന്ന് ഇത് പരിശോധിക്കാൻ സർവേ നടത്തും. അനർഹരെ പൂർണമായി ഒഴിവാക്കി, അർഹരെ മാത്രം ഉൾപ്പെടുത്തി പുതിയ പട്ടിക വരും.

LIVE UPDATES
SHOW MORE
related stories