Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭൂമിയുടെ ന്യായവില 10% കൂട്ടി, റവന്യൂ സേവനങ്ങളുടെ ഫീസിലും വര്‍ധന

thomas-issac

തിരുവനന്തപുരം∙ ഭൂമിയുടെ ന്യായവില വർധിപ്പിച്ചു. ഭൂമിയുടെ വിപണിവിലയും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ന്യായവിലയും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിനു ന്യായവില 10% വര്‍ധിപ്പിക്കുമെന്നാണു ബജറ്റിലെ പ്രഖ്യാപനം. ന്യായവിലയിലെ അപാകത പരിഹരിക്കുന്നതിനു സംസ്ഥാനത്തെ ന്യായവില പുതുക്കി നിശ്ചയിക്കാനും തീരുമാനിച്ചു. വസ്തു കൈമാറ്റത്തിനു കുടുംബാംഗങ്ങള്‍ തമ്മിലുള്ള മുക്ത്യാറുകള്‍ക്കു നിലവിലെ മുദ്രവില 300 രൂപയില്‍നിന്നു 600 രൂപയായി വര്‍ധിപ്പിച്ചു.

∙ ഭൂനികുതി ഓര്‍ഡിനന്‍സ് 2014 പ്രകാരം വര്‍ധിപ്പിച്ച നികുതി നിരക്കുകള്‍ പുനഃസ്ഥാപിച്ചതിനൊപ്പം റവന്യൂ സേവനങ്ങള്‍ക്കുള്ള എല്ലാ ഫീസും ചാര്‍ജും അഞ്ചു ശതമാനം ഉയര്‍ത്തി.

∙ കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭാഗപത്രം, ദാനം, ധനനിശ്ചയം, ഒഴിവുമുറി എന്നീ ആധാരങ്ങള്‍ക്കു നിരക്കു വര്‍ധിച്ചു. നിലവിലെ നിരക്ക് 1,000 രൂപയാണ്. ഈ ആധാരങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞത് 1,000 രൂപ അല്ലെങ്കില്‍ വില്‍പ്പന വിലയുടെ 0.2% ഏതാണോ അധികം അതു മുദ്രവിലയായി നിശ്ചയിച്ചു പ്രതീക്ഷിക്കുന്ന അധികവരുമാനം 25 കോടി

∙ കേരളത്തില്‍ ആധാര റജിസ്ട്രേഷന്‍ മുദ്രവില ഈടാക്കുന്നതു ഭൂമിക്കു നിശ്ചയിച്ചിട്ടുള്ള ന്യായവിലയുടെ അടിസ്ഥാനത്തിലാണ്. എന്നാല്‍, ഭൂമിയില്‍ സ്ഥിതിചെയ്യുന്ന ഫ്ലാറ്റുകള്‍ ഒഴികെയുള്ള കെട്ടിടങ്ങള്‍ക്കു വില നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍ കെട്ടിടങ്ങള്‍ക്കു വില കുറച്ച് റജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ വര്‍ധിക്കുന്നു. ഫ്ലാറ്റുകള്‍ ഒഴികെയുള്ള കെട്ടിടങ്ങള്‍ക്കും ആദായനികുതി നിയമ പ്രകാരം മൂല്യം നിര്‍ണയിക്കുന്നതിനു നിയമനിര്‍മാണം നടത്തും.

∙ സബ് റജിസ്ട്രാര്‍ ഓഫിസുകളില്‍നിന്നു നല്‍കിവരുന്ന സാക്ഷ്യപ്പെടുത്തിയ ആധാരപ്പകര്‍പ്പുകള്‍ക്ക് 10 പേജ് വരെയുള്ളതിനു നിലവിലുളള നിരക്ക്. പത്തുപേജില്‍ കൂടിയാല്‍ കൂടുതലുള്ള ഓരോ പേജിനും അഞ്ചുരൂപ നിരക്കില്‍ അധികഫീസ് ഈടാക്കും.

related stories