Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘വരുമാനം ലഭിക്കുന്ന ഒരു പദ്ധതിയെങ്കിലും നടപ്പാക്കിയോ ഈ സർക്കാർ?’

km-mani

മുൻധനമന്ത്രി കെ.എം.മാണി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ഒരു വർഷത്തെ പ്രവർത്തനങ്ങളെ വിലയിരുത്തുന്നു:

∙ എൽഡിഎഫ് സർക്കാർ ഒന്നാം വർഷം പൂർത്തിയാക്കുമ്പോൾ ധനവകുപ്പിന്റെയും ധനമന്ത്രിയുടേയും പ്രകടനത്തെ എങ്ങനെ വിലയിരുത്തുന്നു?

സംസ്ഥാനത്തിന്റെ ഖജനാവിന്റെ  വരവു ചെലവു കണക്കാണ്  ബജറ്റായി ധനവകുപ്പും  ധനമന്ത്രിയും തയ്യാറാക്കി സഭയിൽ അവതരിപ്പിക്കേണ്ടത്. എന്നാൽ ധനകാര്യ വകുപ്പും ധനമന്ത്രിയും സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിനായി ബജറ്റിൽ നിന്നല്ലാതെ മറ്റൊരു ഏജൻസിയായ കിഫ്ബിയെ കൊണ്ട്  കടമെടുപ്പിച്ചു സംസ്ഥാനത്തെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള ഒരു പുതിയ ആശയം കൊണ്ടുവന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ  എൽഡിഎഫ് അവതരിപ്പിച്ച രണ്ടു ബജറ്റുകളിലൂടെ 50,000 കോടി രൂപയുടെ പദ്ധതികളാണ്  പ്രഖ്യാപിച്ചത്. നാളിതുവരെ ഒരു പദ്ധതിയും തുടങ്ങാൻ അവർക്കു സാധിച്ചിട്ടില്ല. ‘ബജറ്റ് മൈനസ് കിഫ്‌ബി സമം പൂജ്യം’ ഇതാണു ധനമന്ത്രി നിയമസഭയിൽ അവതരിപ്പിച്ച രണ്ടു ബജറ്റുകളുടെയും മുഖമുദ്ര. പദ്ധതികൾ നടപ്പാക്കുന്നതിലേക്കു കെഎസ്എഫ് ഇ നടത്തുന്ന ചിട്ടികളുടെ സെക്യൂരിറ്റി തുക കിഫബിയിലേക്കു മാറ്റുമെന്നും, അത്  അഞ്ചു വർഷം കഴിഞ്ഞു തിരികെ നൽകിയാൽ മതിയെന്നുമാണു പ്രചരിപ്പിച്ചത്‌. എന്നാൽ, ഇതിലേക്കു ചിട്ടി നിയമം ഭേദഗതി ചെയ്യാനോ, റിസർവ്  ബാങ്കിന്റെ  അനുമതി നേടാനോ യാതൊരു ശ്രമവും നടത്തിയില്ല . 

സംസ്ഥാനത്തിന്റെ ധനസ്ഥിതി ദയനീയമാണെന്നു കാണിക്കുവാൻ  ഒരു ധവളപത്രം കൂടി ഇറക്കുകയുണ്ടായി. അതിൽ സംസ്ഥാനത്തിന്റെ ചെലവ് കഴിഞ്ഞ അഞ്ചുവർഷം വളരെ കൂടുതലാണെന്നു സ്ഥാപിക്കുവാൻ ശ്രമിച്ചു. എന്നാൽ എൽഡിഎഫ് സർക്കാർ യാതൊരു അധിക നികുതിയും ഈടാക്കാതെ സാമൂഹിക സുരക്ഷാ പെൻഷനുകൾ 1000  രൂപയാക്കി  മുൻകാല പ്രാബല്യത്തോടുകൂടി കൊടുത്തിട്ടും, സാമൂഹിക സുരക്ഷാപെൻഷനുവേണ്ടി ഏർപ്പെടുത്തിയിരുന്ന സെസ് കിഫ്ബിയ്ക്കു  വകമാറ്റി നൽകിയിട്ടും നമ്മുടെ ഖജനാവിനു യാതൊരു കോട്ടവും ഉണ്ടായില്ലെന്ന വസ്തുത ധവളപത്രത്തിന്റെ പൊള്ളത്തരം പുറത്തുകൊണ്ടുവന്നു. മുൻ സർക്കാരുകൾ കൊണ്ടുവന്ന കൊച്ചിൻ മെട്രോ, കണ്ണൂർ വിമാന താവളം, വിഴിഞ്ഞം പദ്ധതി എന്നിവ പൂർത്തീകരിക്കുമ്പോൾ ലഭിക്കുന്ന വരുമാനം പോലെയുള്ള ഒരു പദ്ധതിയും ഈ സർക്കാർ കൊണ്ടുവന്നിട്ടില്ല. ജിഎസ്ടി നിയമം ഇന്ത്യയിൽ ഉടൻ നടപ്പാകുമ്പോൾ നമ്മുടെ റവന്യൂ വരുമാനം മൂന്നിരട്ടിയായി വർധിക്കും അപ്പോൾ കിഫ്ബിയില്ലാതെ തന്നെ നമ്മുടെ പദ്ധതികളെല്ലാം നടപ്പാക്കുവാൻ സാധിക്കും. ഈ സമയത്തു കിഫ്‌ബി നടപ്പാക്കുമെന്നു പ്രഖ്യാപിച്ച പദ്ധതികളെല്ലാം  വീണ്ടും ബജറ്റിലൂടെ പുതുതായി കൊണ്ടുവരേണ്ട സ്ഥിതിവിശേഷമാണു സംജാതമായിരിക്കുന്നത് . ഇത്തരം തുഗ്ലക്ക് പരിഷ്കാരങ്ങളാണു  ധനവകുപ്പു നടപ്പിലാക്കിവരുന്നത്.

∙എല്ലാം ശരിയാക്കാൻ ഈ ഒരു വർഷം കൊണ്ട് സർക്കാരിന് സാധിച്ചോ?

എൽഡിഎഫ് വന്നാൽ എല്ലാം ശരിയാകും എന്ന്  അവകാശപ്പെട്ടു  അധികാരത്തിൽ വന്നവർക്കു തൽസ്ഥിതി പോലും നിലനിർത്താൻ സാധിച്ചില്ല . ചില ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാം. നിത്യോപയോഗ സാധനങ്ങളുടെ വില വരുന്ന അഞ്ചുവർഷത്തേക്കു  പിടിച്ചുനിർത്തുമെന്നു പറഞ്ഞവർ  ഒരു കൊല്ലം കൊണ്ട്  ഇരട്ടിയിലധികമാക്കി. അരിവില കുറയ്ക്കുന്നതിലേക്കു സബ്‌സിഡി നൽകിയ തുക ഇടനിലക്കാർ കൊണ്ടുപോയി. 28 രൂപയുടെ അരി  50 രൂപയായി വർധിച്ചു. ഒരു വർഷമായി റേഷൻ കാർഡ് വിതരണം ചെയ്യാൻ സാധിച്ചില്ല. കഴിഞ്ഞ സർക്കാർ അഞ്ചുവർഷം 10  ശതമാനം നിരക്കിൽ വർധിപ്പിച്ച മെഡിക്കൽ സീറ്റുകളുടെ ഫീസ്  ഈ സർക്കാരിനു ഒരു വർഷം കൊണ്ട്  115 ശതമാനമായി വർധിപ്പിക്കുവാൻ സാധിച്ചു. കഴിഞ്ഞ സർക്കാർ കൊണ്ടുവന്ന അഞ്ചു  സർക്കാർ  മെഡിക്കൽ കോളേജുകൾ പൂട്ടി. അങ്ങനെ സ്വാശ്രയ മാനേജ്മെന്റുകളുടെ രക്ഷകരായി ഗവൺമെന്റ് മാറി. പാർട്ടിക്കാരായ അറുംകൊലയാളികളെ ജയിലിനു പുറത്തുകൊണ്ടുവരാൻ  നടത്തിയ ശ്രമം ഗവർണർ വിഫലമാക്കി. രാഷ്ട്രീയ കൊലപാതകങ്ങൾ സംസ്ഥാനത്തു വർധിപ്പിച്ചുകൊണ്ടേയിരിക്കുന്നു. കേരളത്തിൽ നിരോധിച്ച ഒറ്റ നമ്പർ ലോട്ടറിയും ഓൺലൈൻ ലോട്ടറിയും തിരികെ കൊണ്ടുവരുന്നതിനു  കളമൊരുക്കുന്നു. രാഷ്ട്രീയത്തിന്റെ പേരിൽ ഉന്നത ഉദ്യോഗസ്ഥരോട് പക പോക്കൽ നടത്തുന്നു.

ഈ സർക്കാരിന്റെ ജനോപകാരപ്രദമായ പ്രവർത്തനങ്ങൾ  കാണാതിരിക്കുവാനും കഴിയില്ല. സമ്പൂർണ വൈദ്യുതീകരണ പദ്ധതി ഏതാണ്ടു പൂർത്തീകരിക്കാൻ സാധിച്ചത് ഈ ഗവൺമെന്റിന്റെ നേട്ടം തന്നെയാണ്. ലൈഫ്  മിഷൻ വഴിയുള്ള ഭവനപദ്ധതി പുരോഗമിക്കുന്നതു  പാവപ്പെട്ടവർക്ക്  ആശ്വാസകരമാണ്. ഞാൻ ധനമന്ത്രിയായിരിക്കെ ബജറ്റിലൂടെ പ്രഖ്യാപിച്ചു നടപ്പിലാക്കിയ  കാരുണ്യ പദ്ധതി നിർത്തലാക്കുന്നതിനു  ശ്രമം ഉണ്ടായെങ്കിലും അത് വീണ്ടും തുടരാൻ തീരുമാനിച്ചത്  അഭിനന്ദനീയമാണ്. 

റബർ കർഷകരുടെ രക്ഷക്കായി കൊണ്ടുവന്ന റബർ ഉത്തേജക പദ്ധതി അതേപടി തുടരുന്നുവെന്നതു സന്തോഷകരമെങ്കിലും കർഷകർക്ക് കിലോയ്ക്ക് 200 രൂപ ഉറപ്പു വരുത്തണമെന്ന നിരന്തരമായ  ആവശ്യം ഇതുവരെയും പരിഗണിക്കാത്ത ഗവൺമെന്റ് നിലപാട് പ്രതിക്ഷേധാർഹമാണ്. പാഠപുസ്തകങ്ങൾ കൃത്യ സമയത്തു തന്നെ വിതരണം ചെയ്യുമെന്ന പ്രഖ്യാപനം  പ്രതീക്ഷയോടെ കാണുന്നു. കേരളത്തിൽ നിക്ഷേപ - വ്യവസായ അനുകൂല സംസ്ഥാനമാക്കുന്നതിനുള്ള സർക്കാരിന്റെ പരിശ്രമങ്ങൾ  അഭിനന്ദനാർഹമാണ്.