Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭരണഘടനയുടെ വെളിച്ചം

kr-narayanan 1994 ൽ രാജ്യസഭാംഗമായി റാം നാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചെയ്യുന്നു. വലത്ത്, അന്നത്തെ ഉപരാഷ്ട്രപതി കെ.ആർ. നാരായണൻ.

ഇന്ത്യയുടെ രണ്ടാമത്തെ ദലിത് രാഷ്ട്രപതിയായി റാംനാഥ് കോവിന്ദ് എത്തുമ്പോൾ, ആദ്യ ദലിത് രാഷ്ട്രപതിയായ മലയാളി കെ.ആർ നാരായണനെക്കുറിച്ചുള്ള ഓർമ

മറ്റെല്ലാ യോഗ്യതകളും തികഞ്ഞ കെ. ആർ. നാരായണനു ദലിത് വിഭാഗത്തിൽനിന്നുള്ള ആദ്യ രാഷ്‌ട്രപതി എന്ന വിശേഷണം പ്രസക്‌തമാകുന്നതു രാജ്യത്തിന്റെ സാമൂഹിക ചരിത്രവുമായി ചേർത്തു വായിക്കുമ്പോഴാണ്. ദലിത് വിഭാഗത്തിൽ നിന്നുള്ളയാളെ രാഷ്‌ട്രപതി സ്‌ഥാനത്തേക്ക് ഇത്തവണ ബിജെപി തീരുമാനിച്ചതിനെ പ്രസക്‌തമാക്കുന്നതാകട്ടെ ചില വർത്തമാനകാല സംഭവങ്ങളും.

‌ഭരണഘടനയുടെ കാവലാൾ എന്നതാണു മുഖ്യ ചുമതലയെന്ന ഉത്തമബോധ്യമുള്ളതായിരുന്നു രാഷ്‌ട്രപതി കെ.ആർ. നാരായണന്റെ നടപടികൾ. വിവേചനാധികാരം പ്രയോഗിച്ചു താനെടുക്കുന്ന പ്രധാന തീരുമാനങ്ങളുടെ കാരണങ്ങൾ പത്രക്കുറിപ്പുകളിലൂടെ പരസ്യപ്പെടുത്താൻ തീരുമാനിച്ചതിലൂടെ ജനാധിപത്യത്തിൽ സുതാര്യതയ്‌ക്കുള്ള പ്രാധാന്യം അദ്ദേഹം വ്യക്‌തമാക്കി. പൊതു തിരഞ്ഞെടുപ്പിൽ രാഷ്‌ട്രപതി വോട്ടു ചെയ്യുകയെന്ന പുതിയ കീഴ്‌വഴക്കം സൃഷ്‌ടിച്ചതും ജനാധിപത്യത്തിൽ പൗരപങ്കാളിത്തത്തിന്റെ പ്രാധാന്യം സൂചിപ്പിച്ചുകൊണ്ടാണ്.

കെ.ആർ. നാരായണൻ രാഷ്‌ട്രപതിയായിരിക്കെ രണ്ടുതവണ സർക്കാരിനു ഭൂരിപക്ഷം നഷ്‌ടപ്പെട്ടു; ലോക്‌സഭ പിരിച്ചുവിട്ടു. സർക്കാരുണ്ടാക്കുന്നതിന് അവകാശമുന്നയിക്കുന്നവർ ഭൂരിപക്ഷ പിന്തുണ അവകാശപ്പെട്ടാൽ മാത്രം പോരാ, പിന്തുണക്കത്തുകളിലൂടെ അതു തന്നെ ബോധ്യപ്പെടുത്തുകയും വേണമെന്നു രാഷ്‌ട്രപതി വ്യക്‌തമാക്കുന്നതു പുതിയ കീഴ്‌വഴക്കമായി. യുപിയിലെയും (1997) ബിഹാറിലെയും (1998) സർക്കാരുകളെ പിരിച്ചുവിടാനുള്ള കേന്ദ്രസർക്കാർ ശുപാർശ തള്ളാൻ അദ്ദേഹം കാണിച്ച ആർജവം ശ്രദ്ധേയമായി. ദലിതർക്കു നേരെയുള്ള അതിക്രമങ്ങൾ കണക്കിലെടുത്തു ബിഹാർ സർക്കാരിനെ പിരിച്ചുവിടാൻ അഞ്ചു മാസത്തിനുശേഷം ലഭിച്ച ശുപാർശ അദ്ദേഹം അംഗീകരിക്കുകയും ചെയ്‌തു.

ഭരണഘടന പുനഃപരിശോധിക്കാൻ എൻഡിഎ സർക്കാർ നടത്തിയ ശ്രമങ്ങളെ ചെറുക്കുന്നതിൽ മുന്നിൽനിന്നതു രാഷ്‌ട്രപതി തന്നെയാണ്. രാഷ്‌ട്രീയ, സാമ്പത്തിക സംവിധാനങ്ങളിൽ മാറ്റം വരുത്താനുള്ള പാർലമെന്റിന്റെ അവകാശം അംഗീകരിക്കുമ്പോഴും ഭരണഘടനയുടെ അടിസ്‌ഥാന തത്വങ്ങളും സാമൂഹികവും സാമ്പത്തികവുമായ അന്തഃസത്തയും പവിത്രമായി സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നു റിപ്പബ്ലിക്കിന്റെ 50–ാം വർഷത്തിൽ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ വച്ചാണു കെ. ആർ.നാരായണൻ പറഞ്ഞത്.

ഒഡീഷയിൽ ഓസ്‌ട്രേലിയൻ മിഷനറി ഗ്രഹാം സ്‌റ്റെയിൻസ് ചുട്ടുകരിക്കപ്പെട്ടപ്പോഴും ഗുജറാത്തിൽ നരഹത്യയുണ്ടായപ്പോഴും ഭരണം കയ്യാളുന്നവർക്ക് അനിഷ്‌ടമുണ്ടാക്കുമോ എന്ന ചിന്ത രാഷ്‌ട്രപതിയെ പിന്നോട്ടുവലിച്ചില്ല. തന്റെ ആശങ്കയും വിയോജിപ്പും ശക്‌തമായ വാക്കുകളും പ്രവൃത്തികളും വഴി അദ്ദേഹം പരസ്യപ്പെടുത്തി. രാജ്യത്തു നിലനിൽക്കുന്ന വർഗീയ പ്രശ്‌നങ്ങൾ കണക്കിലെടുത്തു രാഷ്‌ട്രപതി ഹോളി ആഘോഷിക്കുന്നില്ലെന്നാണു 2002 മാർച്ച് 28നു രാഷ്‌ട്രപതിഭവൻ പത്രക്കുറിപ്പു വ്യക്‌തമാക്കിയത്. ഗുജറാത്ത് നരഹത്യയുടെ ഇരകളെ രാഷ്‌ട്രപതി ഭവനിൽ സ്വീകരിച്ച രാഷ്‌ട്രപതി, സൈന്യത്തെയിറക്കാൻ താൻ പ്രധാനമന്ത്രിയോടു നിർദേശിച്ചതുൾപ്പെടെ അവരോടു വെളിപ്പെടുത്തി. ഉദാര, ആഗോള, സ്വകാര്യവൽക്കരണങ്ങളുടെ അതിവേഗ മൂന്നുവരി പാതയിൽ സാധാരണക്കാരനു സുരക്ഷിതമായി കുറുകെ കടക്കാനുള്ള സൗകര്യവും വേണമെന്ന് ഓർമിപ്പിച്ചു.

ഹെൻറി ഡേവിഡ് തോറോയുടെ ഒരു വാചകം കെ.ആർ. നാരായണൻ കടമെടുക്കാറുണ്ടായിരുന്നു: ‘സത്യം പറയണമെങ്കിൽ രണ്ടുപേർ വേണം– പറയാനൊരാൾ, കേൾക്കാൻ മറ്റൊരാൾ.’ സത്യങ്ങളോടു മുഖംതിരിച്ചില്ലെന്നു മാത്രമല്ല, അവ ഒരാളോടല്ല, രാഷ്‌ട്രത്തോടു മുഴുവനുമായി വിളിച്ചുപറയാനും രാഷ്‌ട്രപതി മടിച്ചില്ല. അകറ്റിനിർത്തലുകളുടെ ചരിത്രത്തിൽ നിന്നുള്ള കരുത്തുമായി, ഭരണഘടനയുടെ വെളിച്ചത്തിലാണ് ആ രാഷ്‌ട്രപതി നടന്നത്.

related stories