സംഘടനാ തിരഞ്ഞെടുപ്പ്: കൂടുതൽ സമയമാവശ്യപ്പെട്ടു കോൺഗ്രസ്

ന്യൂഡൽഹി ∙ സംഘടനാ തിരഞ്ഞെടുപ്പു പൂർത്തിയാക്കാൻ കൂടുതൽ സമയമാവശ്യപ്പെട്ടു കോൺഗ്രസ് വീണ്ടും തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചു. ജൂൺ 30ന് അകം തിരഞ്ഞെടുപ്പു പൂർത്തിയാക്കി ജൂലൈ 15ന് അകം ഭാരവാഹിപ്പട്ടിക കൈമാറണമെന്നു കമ്മിഷൻ ആവശ്യപ്പെട്ട സാഹചര്യത്തിലാണിത്.

ഈ വർഷം അവസാനം വരെ സമയം നീട്ടിനൽകണമെന്ന കോൺഗ്രസിന്റെ ആവ‌ശ്യം കമ്മിഷൻ നിരാകരിക്കുകയായിരുന്നു. യുപി ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു കഴിഞ്ഞേ സംഘടനാ തിരഞ്ഞെടുപ്പു പ്രക്രിയ തുടങ്ങാനാവൂ എന്നു കോ‌ൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.

ബൂത്ത് മുതൽ എഐസിസി അധ്യക്ഷപദവി വരെ ‌പൂർണതോതിൽ തിരഞ്ഞെടുപ്പു നടത്താനാണു പാർട്ടി താൽപര്യപ്പെടുന്നത്. പൊതു തിരഞ്ഞെടുപ്പിന്റെ മാതൃകയിൽ വേണ്ടത്ര തയാറെടുപ്പുകളോടെ നടത്തേണ്ട പ്രക്രിയയായതുകൊണ്ടു കമ്മിഷൻ അനുവദിച്ച സമ‌യം അപര്യാപ്തമാണെന്നു തിരഞ്ഞെടുപ്പ് അതോറിറ്റി ‌അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

മുൻപ് എല്ലാ തയാറെടുപ്പുകളും പൂ‌ർത്തിയാക്കി തിരഞ്ഞെടുപ്പിനു തയാറെടുത്തെങ്കിലും ബാഹ്യകാരണങ്ങളാൽ തുടർനടപടികൾ മു‌ടങ്ങുകയായിരുന്നു. കോൺഗ്രസ് ഭരണഘടനയും കമ്മിഷൻ മാനദണ്ഡങ്ങളും അനുസരിച്ചു 2015 ഡിസംബർ 31ന് അകം സംഘടനാ തിരഞ്ഞെടുപ്പു പൂർത്തിയാക്കേണ്ടിയിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പുകൾ ഉൾപ്പെടെ വിവിധ കാരണങ്ങളാൽ 2016 ഡിസംബർ 31 വരെ തിരഞ്ഞെടുപ്പു നീട്ടിവയ്ക്കാൻ തിരഞ്ഞെടുപ്പു കമ്മിഷനിൽ നിന്ന് പാർട്ടി അനുമതി വാങ്ങി. വീണ്ടും ഒരു വർഷം കൂടി സമയം വേണമെന്ന ആവശ്യമാണു തള്ളിയത്.