Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യൂത്ത് കോൺഗ്രസിലും തലമുറമാറ്റം: ആവശ്യവുമായി ’യുവാക്കൾ’

youth-congress-logo

കണ്ണൂർ∙ കോൺഗ്രസിനു പിന്നാലെ യൂത്ത് കോൺഗ്രസിലും തലമുറ മാറ്റം എന്ന ആവശ്യം ശക്തമാകുന്നു. അഞ്ചു വർഷമായിട്ടും പുതിയ നേതൃത്വം വരാത്തതിനെതിരെ യൂത്ത് കോൺഗ്രസിലെ ’യുവാക്കൾ’ പരസ്യപ്രതിഷേധത്തിനൊരുങ്ങുകയാണ്. രണ്ടു വർഷത്തിലൊരിക്കൽ തിരഞ്ഞെടുപ്പ് എന്ന കീഴ്‌വഴക്കം പാലിക്കാത്തതിനാൽ നല്ലൊരു പങ്ക് യുവാക്കൾ സംഘടനയോട് അകലുന്നു എന്ന വികാരമാണ് ഇവരുടേത്.

നിലവിലെ കമ്മിറ്റി ജൂണിൽ അഞ്ചു വർഷം തികച്ചു.  സംസ്ഥാന ഭാരവാഹിത്വത്തിലേക്കു മൽസരിക്കാനുള്ള പ്രായപരിധി 35 വയസാണ്. അഞ്ചു വർഷം മുൻപു തിരഞ്ഞെടുപ്പ് നടന്നപ്പോൾ 35 വയസിനോട് അടുത്തു പ്രായമുള്ളവരാണ് മൽസരിച്ചവരിൽ ഏറെയും. കെഎസ്‌യു പ്രവർത്തനം പൂർത്തിയാക്കിയ 27 മുതൽ 31 വരെ പ്രായമുള്ള ഒട്ടേറെപ്പേർ ഒഴിവാക്കപ്പെട്ടു. രണ്ടു വർഷം കഴിഞ്ഞ് അടുത്ത തിരഞ്ഞെടുപ്പു വരുമ്പോൾ മൽസരിക്കാമല്ലോ എന്നാണ് ഇവരെ ഗ്രൂപ്പ് നേതാക്കൾ സമാശ്വസിപ്പിച്ചത്. എന്നാൽ, കമ്മിറ്റിയുടെ കാലാവധി അഞ്ചു വർഷം കടന്നതോടെ ഇവരുടെ പ്രതീക്ഷകൾ നഷ്ടപ്പെട്ടു. പലരും സംഘടനാ പ്രവർത്തനം അവസാനിപ്പിച്ചു മാറിനിൽക്കുന്ന സ്ഥിതിയാണ്. ഈ സാഹചര്യത്തിലാണു തലമുറമാറ്റം എന്ന ആവശ്യം ശക്തമായി ഉന്നയിക്കാൻ ഗ്രൂപ്പ് ഭേദമെന്യേ യുവാക്കൾ തീരുമാനിച്ചത്. നാമനിർദേശമായാലും തിരഞ്ഞെടുപ്പായാലും വേണ്ടില്ല, എല്ലാ തട്ടിലും പുതിയ നേതൃത്വം വരണമെന്നാണ് ആവശ്യം. 

തിരഞ്ഞെടുപ്പിലൂടെ സംഘടനയിലെ ശക്തിയളന്നാൽ എ ഗ്രൂപ്പിനു മുൻതൂക്കം ലഭിക്കുമെന്ന് ഐയും സമ്മതിക്കുന്നു. അതുകൊണ്ട് പ്രസിഡന്റ് സ്ഥാനത്തേക്ക് ഐയ്ക്ക് വലിയ അവകാശവാദങ്ങളില്ല. എ ഗ്രൂപ്പ് പ്രസിഡന്റ് സ്ഥാനത്തേക്കു കണ്ടുവച്ചിരിക്കുന്നത് ഷാഫി പറമ്പിൽ എംഎൽഎയെയാണെന്നാണു സൂചന. എ ഗ്രൂപ്പുകാരനായ മലപ്പുറം ലോക്സഭാ മണ്ഡലം പ്രസിഡന്റ് റിയാസ് മുക്കോളിയെയും എ ഗ്രൂപ്പിൽ ഒരു വിഭാഗം പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്നുണ്ടെങ്കിലും ഷാഫിയുടെ പേരിനാണു മുൻതൂക്കം. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഐ ഗ്രൂപ്പിന്റെ നോമിനി കണ്ണൂർ ലോക്സഭാ മണ്ഡലം പ്രസിഡന്റ് റിജിൽ മാക്കുറ്റിയാണ്. അപ്രതീക്ഷിത പേരുകൾ വന്നുകൂടായ്കയില്ല. എന്നാൽ നേതൃമാറ്റത്തിന് അൽപം കൂടി കാത്തിരിക്കാമെന്നാണ് നിലവിലെ പ്രസിഡന്റ് ഡീൻ കുര്യാക്കോസിനെ അനുകൂലിക്കുന്നവരുടെ മനസിലിരിപ്പ്. ലോക്സഭാ തിരഞ്ഞെടുപ്പു വരെ നേതൃമാറ്റം വൈകിക്കാനുള്ള നീക്കവും ചില കോണുകളിൽനിന്നുണ്ട്. ദേശീയ നേതൃത്വം നിർദേശിക്കുന്ന രീതിയിൽ തിരഞ്ഞെടുപ്പിലൂടെ നേതൃത്വത്തെ തീരുമാനിക്കണമെന്ന വാദമാണ് ഇവരുടേത്. സ്വാഭാവികമായും ഇതിനു കാലതാമസമുണ്ടാകുമെന്ന് ഇവർക്കറിയാം.

ഇതിനിടെ, നേതൃമാറ്റത്തെക്കുറിച്ചുള്ള ചർച്ചകൾക്കൊപ്പം നേതാക്കളെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹ മാധ്യമങ്ങളിൽ ചർച്ചയും കൊഴുക്കുന്നുണ്ട്. കണ്ണൂരിൽ കൊല്ലപ്പെട്ട  യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ വീട് സന്ദർശിക്കാ‍ൻ പോലും സമയം കിട്ടാത്ത ദേശീയ നേതാക്കളെ സംസ്ഥാന നേതൃത്വത്തിലേക്കു പരിഗണിക്കരുതെന്നു സംസ്ഥാന സെക്രട്ടറി ജോഷി കണ്ടത്തിൽ ഫെയ്സ്ബുക്കിലെഴുതി. അല്ലയോ ഷുഹൈബ് നിന്റെ രക്തസാക്ഷിത്വത്തെ അപമാനിച്ചവരുടെ കൈകളിലേക്കോ നീ പ്രണയിച്ച നമ്മുടെ പരിചക്രാങ്കിത മൂവർണക്കൊടി എന്നു ചോദിച്ചുകൊണ്ടാണു പോസ്റ്റ്. ഷുഹൈബ് കൊല്ലപ്പെട്ടപ്പോൾ എല്ലാ നേതാക്കളും ഓടിയെത്തിയപ്പോൾ, കേരളത്തിൽനിന്നുള്ള യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ നേതാക്കൾ എവിടെയായിരുന്നു? സ്വന്തം വീട്ടിൽ ഒരു മരണമുണ്ടായാൽ വരാൻ ഈ നേതാക്കൾക്കു സമയം കിട്ടാതിരിക്കുമോ? ആ കൂട്ടത്തിൽനിന്നൊരു വ്യക്തിയെ തന്നെ നേതൃത്വം ഏൽപിക്കുന്നതു ഷുഹൈബിന്റെ രക്തസാക്ഷിത്വത്തെ അപമാനിക്കലാണെന്നും പോസ്റ്റിൽ പറയുന്നു. 

related stories