എങ്കിൽ രാജി വയ്ക്കൂ; സമരം ചെയ്യുന്ന ഡോക്ടർമാരോട് ബോംബെ ഹൈക്കോടതി

മുംബൈ ∙ മഹാരാഷ്ട്രയിൽ സമരം നടത്തുന്ന സർക്കാർ, മുനിസിപ്പൽ ആശുപത്രികളിലെ റസിഡന്റ് ഡോക്ടർമാർക്കു ബോംബെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ‘‘ജോലി ചെയ്യാൻ താൽപര്യമില്ലെങ്കിൽ രാജിവയ്ക്കുക. ഇത്തരം സമരമാർഗങ്ങൾ സ്വീകരിക്കാൻ നിങ്ങൾ ഫാക്ടറി ജോലിക്കാരല്ല. ലജ്ജാകരമായ നീക്കമാണിത്. എങ്ങനെയാണ് ഡോക്ടർമാർക്ക് ഇത്തരത്തിൽ പെരുമാറാൻ കഴിയുന്നത് ?’’ - കോടതി ചോദിച്ചു.

തങ്ങൾക്കു നേരെയുണ്ടായ അക്രമസംഭവങ്ങളിൽ പ്രതിഷേധിച്ചുള്ള ഡോക്ടർമാരുടെ സമരം രണ്ടു ദിവസം പിന്നിട്ടു. ഇവർക്കെതിരെ നടപടി ആവശ്യപ്പെട്ട് അഫാഖ് മാണ്ഡവ്യ എന്ന അഭിഭാഷകൻ നൽകിയ പൊതുതാൽപര്യ ഹർജിയിൽ വാദം കേൾക്കവെയായിരുന്നു ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂർ, ജസ്റ്റിസ് ജി.എസ്.കുൽക്കർണി എന്നിവർ അടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം.