ലണ്ടൻ ജയിലിൽനിന്ന് ഭീകരവാദത്തിലേക്ക്; ഡൽഹിയിൽ പിടിയിലായ യുവാവിന് രാജ്യാന്തര ഭീകരബന്ധം

ന്യൂഡൽഹി∙ അൽ ഖായിദ ബന്ധം സംശയിച്ചു കഴിഞ്ഞദിവസം രാജ്യതലസ്ഥാനത്ത് അറസ്റ്റിലായ ബംഗ്ലദേശ് വംശജനായ ബ്രിട്ടിഷ് പൗരൻ സമിയുൻ റഹ്മാൻ (27) തീവ്രവാദത്തിലേക്ക് ആകൃഷ്ടനായത് ലണ്ടനിൽ ജയിലിൽ കഴിയുമ്പോളാണെന്ന് അന്വേഷകർ.

അലക്ഷ്യമായി വണ്ടിയോടിച്ചതിനാണു 2011–12 കാലത്തു ലണ്ടനിൽ ജയിലിലായത്. എട്ടു മാസം തടവിൽ കഴിഞ്ഞു. തടവുവിട്ടശേഷമാണത്രേ തീവ്രവാദബന്ധം തുടങ്ങിയത്. സിറിയയിലെത്തി സ്ഫോടക വസ്തുക്കളും തോക്കുകളും ഉപയോഗിക്കാൻ പരിശീലനം നേടി. അലെപ്പോയിൽ സിറിയൻ സേനയ്ക്കെതിരെ യുദ്ധം ചെയ്തു.

തിരിച്ചു ലണ്ടനിൽ എത്തിയപ്പോൾ രഹസ്യാന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തിരുന്നു. പിന്നാലെ മ്യാൻമർ വഴി ബംഗ്ലദേശിൽ കടന്ന റഹ്മാൻ അവിടെനിന്ന് ഒട്ടേറെ യുവാക്കളെ അൽ ഖായിദയിലേക്ക് റിക്രൂട്ട് ചെയ്തതായും പറയുന്നു. കഴിഞ്ഞ ഏപ്രിലിൽ ബംഗ്ലദേശിൽ അറസ്റ്റിലായെങ്കിലും ജാമ്യത്തിലിറങ്ങി ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു.

ഇയാൾക്ക് അൽ ഖായിദയിലെ മുതിർന്ന നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസ് നിഗമനം. അറുപതുകളിൽ ബംഗ്ലദേശിൽ നിന്ന് ലണ്ടനിലെത്തിയതാണു റഹ്മാന്റെ മാതാപിതാക്കൾ. സെൻട്രൽ ലണ്ടനിലെ ആഡംബര മേഖലയിലാണു കുടുംബം താമസിക്കുന്നത്.