എടിഎമ്മിനു പുറത്ത് പണപ്പെട്ടി മറന്നു; ആരും കാണാതെ നാലുദിവസം

വഡോദര∙ പൊതു മേഖലാ ബാങ്ക് എടിഎമ്മിൽ നിന്നു പണം പിൻവലിക്കാനെത്തിയ വിദ്യാർഥി പുറത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട പെട്ടി തുറന്നതു വെറും കൗതുകം കൊണ്ടാണ്. എന്നാൽ, കെട്ടുകണക്കിനു നോട്ടുകൾ കണ്ട് അവൻ അമ്പരന്നു. ഉടൻ പൊലീസിൽ വിവരമറിയിച്ചു. രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ. ആകെ 24.68 ലക്ഷം രൂപ.

പൊലീസും ബാങ്ക് അധികൃതരും എത്തി അന്വേഷണം നടത്തിയപ്പോൾ എടിഎമ്മിൽ മോഷണം നടന്നിട്ടില്ലെന്നു വ്യക്തമായി. കൂടുതൽ അന്വേഷണം നടത്തിയവർക്ക് അതിലേറെ അമ്പരപ്പ്. എടിഎമ്മിൽ പണം നിറയ്ക്കുന്ന ജീവനക്കാരൻ മറന്നുവച്ചതായിരുന്നു ആ പെട്ടി. അതും നാലുദിവസം മുൻപ്.