എയർ ഇന്ത്യയിലെ സോഫ്റ്റ് ‌വെയർ ക്രമക്കേട്: സിബിഐ കേസെടുത്തു

ന്യൂഡൽഹി ∙ എയർ ഇന്ത്യ 2011ൽ 225 കോടിരൂപയുടെ സോഫ്റ്റുവെയർ വാങ്ങിയതുമായി ബന്ധപ്പെട്ട ക്രമക്കേടിനു സിബിഐ കേസ് റജിസ്റ്റർ ചെയ്തു. എയർ ഇന്ത്യയിലെ ഉദ്യോഗസ്ഥർ, ജെർമൻ കമ്പനിയായ എസ്എപി, പ്രശസ്ത കംപ്യൂട്ടർ കമ്പനി ഐബിഎം എന്നിവരാണ് പ്രതിസ്ഥാനത്ത്.

സോഫ്റ്റുവെയർ ഇടപാടിലും നടപടിയിലും പ്രഥമദൃഷ്ട്യാ ക്രമക്കേടുണ്ടെന്നു കേന്ദ്ര വിജിലൻസ് കമ്മിഷൻ (സിവിസി) കണ്ടെത്തിയിരുന്നു. സിവിസിയുടെ ശുപാർശ അനുസരിച്ചാണ് സിബിഐ ഇപ്പോൾ കേസ് റജിസ്റ്റർ ചെയ്തു പ്രഥമവിവര റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

എസ്എപി, ഐബിഎം എന്നീ കമ്പനികൾക്കു പ്രയോജനമായ നിലയിലാണ് ഇടപാടു നടന്നിരിക്കുന്നതെന്ന് എഫ്ഐആറിൽ പറയുന്നു.