തൃണമൂൽ നേതാവിന്റെ അറസ്റ്റിൽ വൻ പ്രതിഷേധം; അക്രമം

സുദീപ് ബന്ദോപാധ്യായയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് തൃണമൂൽ പ്രവർത്തകർ പ്രധാനമന്ത്രിയുടെ കോലം കത്തിക്കുന്നു.

കൊൽക്കത്ത/ ന്യൂഡൽഹി/ ഭുവനേശ്വർ ∙ റോസ്‌വാലി ചിട്ടിഫണ്ട് തട്ടിപ്പു കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവ് സുദിപ് ബന്ദോപാധ്യായയെ സിബിഐ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കൊൽക്കത്തയിലും ഡൽഹിയിലും ഭുവനേശ്വറിലും പ്രതിഷേധപ്രകടനങ്ങളും അക്രമവും.

കൊൽക്കത്തയിൽ ബിജെപി ഓഫിസുകൾക്കു നേരെ ബോംബ് ആക്രമണവും കല്ലേറും തീവയ്പുമുണ്ടായി. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കൃഷ്ണ ഭട്ടാചാര്യയുടെ വീട് ആക്രമിച്ചു. സിബിഐ ഓഫിസുകൾക്കു മുന്നിൽ പാർട്ടി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോയുടെ കൊൽക്കത്തയിലെ വസതിക്കു മുന്നിലും അവർ പ്രകടനം നടത്തി. ബാബുൽ സുപ്രിയോയും കേസിൽ പ്രതിയാണെന്ന് ആരോപിച്ചായിരുന്നു പ്രകടനം.

തൃണമൂൽ കോൺഗ്രസിന്റെ ലോക്സഭയിലെ കക്ഷിനേതാവും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വലംകൈയുമായ സുദിപിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പാർട്ടിയുടെ 36 എംപിമാർ പ്രധാനമന്ത്രിയുടെ വസതിയിലേക്കു നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. ഇതിനിടെ സംസ്ഥാനത്തു ക്രമസമാധാന നില താറുമാറായതിനാൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കളുടെ സംഘം ബംഗാൾ ഗവർണർ കെ.എൻ. ത്രിപാഠിയെ കണ്ടു നിവേദനം നൽകി.

തൃണമൂൽ നേതാക്കൾ മര്യാദ പാലിച്ചില്ലെങ്കിൽ‌ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്ന് ബിജെപി മുന്നറിയിപ്പു നൽകി. തങ്ങളുടെ പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തിറങ്ങിയാൽ മമതയ്ക്കു ഡൽഹിയിലെന്നല്ല, രാജ്യത്തെങ്ങും പോകാനാവാതെ വരുമെന്നു ദേശീയ ജനറൽ സെക്രട്ടറി കൈലാസ് വിജയവർഗിയ പറഞ്ഞു.

സിബിഐ കേസ് അന്വേഷിക്കുന്നത് സുപ്രീം കോടതി നിർദേശത്തെ തുടർന്നാണെന്നും കോടതിയിൽ ഹർജി നൽകിയത് കോൺഗ്രസ് നേതാവും ബംഗാളിലെ പ്രതിപക്ഷ നേതാവുമായ അബ്ദുൽ മനാൻ ആണെന്നും കേസുമായി ബിജെപിക്കു യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. റോസ്‌വാലിയുടെ ചെലവിൽ വിദേശയാത്ര പോയെന്നും തിരഞ്ഞെടുപ്പു ഫണ്ട് സ്വീകരിച്ചെന്നും മറ്റുമാണ് സുദിപിനെതിരായ ആരോപണം.