സജി നാരായണൻ സ്റ്റാൻഡിങ് ലേബർ കമ്മിറ്റി ഉപാധ്യക്ഷൻ

ന്യൂഡൽഹി ∙ കേന്ദ്ര സർക്കാരിന്റെ സ്റ്റാൻഡിങ് ലേബർ കമ്മിറ്റി വൈസ് ചെയർമാനായി ബിഎംഎസ് മുൻ ദേശീയ അധ്യക്ഷൻ സജി നാരായണനെ തിരഞ്ഞെടുത്തു. കേന്ദ്ര തൊഴിൽ സഹമന്ത്രി ബന്ദാരു ദത്താത്രേയയാണു ചെയർമാൻ.

ലഘു ഉദ്യോഗ് ഭാരതി മുൻ അധ്യക്ഷൻ എസ്.സരിൻ, മധ്യപ്രദേശ് തൊഴിൽ സെക്രട്ടറി ബി.ആർ.നായിഡു എന്നിവരെയും ഉപാധ്യക്ഷരായി തിരഞ്ഞെടുത്തിട്ടുണ്ട്. ഇന്ത്യൻ ലേബർ കോൺഫറൻസ് ജൂണിൽ ഡൽഹിയിൽ സംഘടിപ്പിക്കാൻ സ്റ്റാൻഡിങ് ലേബർ കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. എല്ലാവർക്കും സാമൂഹിക സുരക്ഷ, കരാർ തൊഴിലിലും മിനിമം വേതനത്തിലും ഊന്നൽനൽകിയുള്ള തൊഴിൽ നിയമ പരിഷ്കരണങ്ങൾ, വനിതകൾക്കു പ്രാധാന്യം നൽകി തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, ഔപചാരിക തൊഴിലിലേക്കുള്ള മാറ്റം എന്നിവയാകും ലേബർ കോൺഫറൻസിന്റെ അജൻഡയിൽ.

മന്ത്രി ബന്ദാരു ദത്താത്രേയയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരളത്തിൽ നിന്നു സജി നാരായണൻ (ബിഎംഎസ്), തമ്പാൻ തോമസ് (എച്ച്എംഎസ്) എന്നിവർ പങ്കെടുത്തു.