Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏകീകൃത മിനിമംകൂലി, തൊഴിലില്ലായ്മ വേതനം മന്ത്രിതല ചർച്ചയ്ക്ക്

ന്യൂഡൽഹി ∙ ഏകീകൃത ദേശീയ മിനിമം കൂലിയും തൊഴിലില്ലായ്മ വേതനവും സർക്കാർ അജൻഡയിൽ. ഉന്നത മന്ത്രിതല സമിതി തൊഴിലാളി യൂണിയനുകളുമായി ഈ മാസം നടത്താനിരിക്കുന്ന ചർച്ചയിൽ ഇവ ഉൾപ്പെടുത്തുമെന്നു തൊഴിൽ മന്ത്രാലയവൃത്തങ്ങൾ അറിയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തവർഷം നടക്കാനിരിക്കെ സർക്കാർ നീക്കത്തിനു രാഷ്ട്രീയ പ്രാധാന്യമേറെ.

തൊഴിൽ പരിഷ്കാരങ്ങളുടെ ഭാഗമായി സ്ഥിരം ജോലിക്കു പകരം നിശ്ചിതകാലാവധി തൊഴിൽ (ഫിക്സഡ് ടേം എംപ്ലോയ്മെന്റ്) നടപ്പാക്കാൻ ശ്രമം നടക്കുന്നതിനിടെയാണു തൊ‌ഴിലാളി സമൂഹത്തിന്റെ രണ്ടു പ്രധാന ആവശ്യങ്ങൾ സർക്കാർ അജൻഡയിൽ ഇടം പിടിക്കുന്നത്. മന്ത്രിമാരായ സന്തോഷ്് ഗാങ്‌വാർ (തൊഴിൽ), അരുൺ ജയ്റ്റ്‌ലി (ധനം), പിയൂഷ് ഗോയൽ (റെയിൽവേ), ധർമേന്ദ്ര പ്രധാൻ (പെട്രോളിയം), ജിതേന്ദ്ര സിങ് (പഴ്സനേൽ) എന്നിവരാണു സമിതിയിലുള്ളത്. ചർച്ചയ്ക്കു തീയതി നിശ്ചയിച്ചിട്ടില്ല.

മിനിമം കൂലി കേരളത്തിന് ആശ്വാസം

സാമൂഹികസുരക്ഷാ കോഡ് ഉൾപ്പെടെ നിർദിഷ്ട തൊഴിൽ പരിഷ്കാരങ്ങളെല്ലാം സമഗ്രചർച്ചയ്ക്കു വിധേയമാക്കുമെന്നാണു തൊ‌ഴിലാളി സംഘടന‌കളുടെ പ്രതീക്ഷ. ദേശീയ മിനിമം കൂലി കേരളത്തിലെ വ്യവസായമേഖലയ്ക്ക് ആശ്വാസമാകും. നിലവിൽ ഓരോ സംസ്ഥാനത്തും കുറഞ്ഞ കൂലി വ്യത്യസ്തമാണ്. മറ്റു സംസ്ഥാനങ്ങളിൽ കൂലി കുറവുള്ളതാണു കേരളത്തിലെ വ്യവസായങ്ങൾ മറുനാടുകളിലേക്കു കുടിയേറാൻ കാരണമെന്നാണു തൊഴിലാളി യൂണിയനുകളുടെ നിലപാട്.

തൊഴിലില്ലായ്മ വേതനം

തൊഴിൽ പരിഷ്‌കാരങ്ങൾക്കു യൂറോപ്യൻ രാജ്യങ്ങളുടെ മാതൃകയാണു സർക്കാർ പിന്തുടരുന്നത്. അങ്ങനെയെങ്കിൽ എല്ലാം യൂറോപ്യൻ നിലവാരത്തിൽ വേണമെന്ന നി‌ലപാട് തൊഴിലാളി സംഘടനകളും ‌സ്വീകരിക്കുന്നു. യൂറോപ്യൻ രീതിയിൽ നിശ്ചിത കാലാവധി (ഫിക്സഡ് ടേം) തൊ‌ഴിൽ നടപ്പാക്കിയാൽ അതേ രീതിയിൽ തൊഴിലില്ലായ്മ വേതനവും നൽകുന്നതു സാമാന്യമര്യാദയാണ്– അവർ പറയുന്നു.

സജി നാരായണൻ, ബിഎംഎസ് അഖിലേന്ത്യാ പ്രസിഡന്റ്: അ‌ന്യസംസ്ഥാനങ്ങളിലേക്കു കുടിയേറിയ കേരളത്തിന്റെ വ്യവസായങ്ങൾ തിരികെയെത്തണമെങ്കിൽ ദേശീയ മിനിമം കൂലി യാഥാർഥ്യമാകണം 

ആർ.ചന്ദ്രശേഖരൻ, ഐഎൻടിയുസി അഖിലേന്ത്യാ വൈസ് പ്രസിഡന്റ്: ദേശീയ മിനിമം കൂലി എന്ന ആവശ്യം തുടർച്ചയായ മൂന്ന് ഇന്ത്യൻ ലേബർ കോൺഫറൻസുകൾ ഏകകണ്ഠമായി ഉന്നയിച്ച ആവശ്യം. അതു സർ‌ക്കാരിന് അവഗണിക്കാനാവില്ല

related stories