Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൊഴിലാളിക്കെതിരെ അച്ചടക്ക നടപടി: ആഭ്യന്തര അന്വേഷണം നിർബന്ധം

25 വർഷത്തോളം ജോലി ചെയ്യാത്ത തൊഴിലാളിക്ക് വേതനവും ആനുകൂല്യങ്ങളും നൽകേണ്ടിവന്ന ഒരു തൊഴിലുടമയുടെ അനുഭവമാണ് എൻജിനീയേഴ്സ് ഇന്ത്യ ലിമിറ്റഡ് –പ്രിസൈഡിങ് ഓഫിസർ, ലേബർ കോർട്ട് (W.P (C) No. 17858/2004 (ഡൽഹി ഹൈക്കോടതി) എന്ന കേസ് വരച്ചുകാണിക്കുന്നത്. 

1980ൽ കരാർ അടിസ്ഥാനത്തിൽ ടെലക്സ് ഓപ്പറേറ്ററായാണ് തൊഴിലാളി നിയമിക്കപ്പെട്ടത്. നാലു വർഷത്തിനു ശേഷം ഒരു വർഷത്തെ പ്രബേഷൻ വ്യവസ്ഥയോടെ സ്ഥിരം നിയമനം നൽകി. അയാൾ 1991 ഏപ്രിൽ 22-ാം തീയതി മുതൽ, അവധിക്കുപോലും അപേക്ഷിക്കാതെ ജോലിക്ക് ഹാജരായില്ല. മൂന്ന് പ്രാവശ്യം അയാൾക്ക് കാരണം കാണിക്കൽ നോട്ടിസുകളയച്ചു. മൂന്നാമത്തെ നോട്ടിസ് കിട്ടിയപ്പോൾ രണ്ടാഴ്ചത്തേക്കുള്ള അവധി അപേക്ഷയും മെഡിക്കൽ സർട്ടിഫിക്കറ്റും ഹാജരാക്കി.

തുടർന്നും ജോലിക്കു ഹാജരാകാതിരുന്നതിനാൽ രണ്ട് നോട്ടിസുകൾ കൂടെ അയച്ചു. 10.09.1991-ൽ ജോലിക്ക് ഹാജരായ തൊഴിലാളിയോട് അതുവരെയ്ക്കുമുള്ള അനധികൃത അസാന്നിദ്ധ്യത്തിന്റെ കാരണം തെളിവുസഹിതം ബോധിപ്പിക്കണമെന്നും ഡോക്ടറുടെ മുമ്പാകെ ഹാജരാകണമെന്നും നിർദേശിച്ചു. ആ നിർദേശം അവഗണിച്ച തൊഴിലാളിക്ക് വീണ്ടും കാരണം കാണിക്കൽ നോട്ടിസ് നൽകി. തക്കതായ മറുപടി നൽകാനോ ജോലിക്കു ഹാജരാകാനോ തയാറാകാത്ത തൊഴിലാളിയുടെ പേര് റോളിൽ നിന്ന് 1991-ൽ നീക്കം ചെയ്തു.

തൊഴിലാളി ലേബർ കോടതിയിൽ തർക്കമുന്നയിച്ചു. അനധികൃതമായി ജോലിക്കു ഹാജരാകാതിരിക്കുകയും തൃപ്തികരമായ വിശദീകരണം നൽകാതിരിക്കുകയും ചെയ്തതിനാൽ തൊഴിലാളിയുടെ സേവനം, കമ്പനിയുടെ നിയമാവലിയുടെയും നിയമനോത്തരവിലെ വ്യവസ്ഥകളുടെയും അടിസ്ഥാനത്തിൽ അവസാനിപ്പിച്ചു എന്നതായിരുന്നു മാനേജ്മെന്റിന്റെ വാദം. മുഴുവൻ മുൻകാല വേതനത്തോടെയും തൊഴിലിൽ തുടർച്ചയോടെയും അയാളെ തിരിച്ചെടുക്കണമെന്ന ഉത്തരവാണ് ലേബർ കോടതിയിൽ നിന്ന് ഉണ്ടായത്. തൊഴിലാളിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനു മുമ്പ് ന്യായമായ അന്വേഷണം നടത്തിയില്ല എന്നതായിരുന്നു ലേബർ കോടതിയുടെ മുഖ്യ നിരീക്ഷണം. പെരുമാറ്റദൂഷ്യം എത്ര ചെറിയതോ വലിയതോ ആയാലും ന്യായമായ ഗാർഹികാന്വേഷണം നടത്തിയതിനു ശേഷം മാത്രമേ അച്ചടക്ക നടപടി സ്വീകരിക്കാവൂ എന്ന സാങ്കേതികത്വം പാലിക്കാതിരുന്നത് മാനേജ്മെന്റിന് തിരിച്ചടിയാവുകയാണുണ്ടായത്.

ലേബർ കോടതിയുടെ വിധിക്കെതിരെ മാനേജ്മെന്റ് ഹൈക്കോടതിയെ സമീപിച്ചു. വ്യവസായതർക്ക നിയമം 17ബി വകുപ്പ് പ്രകാരം മുൻകാല വേതനം കോടതിയിൽ കെട്ടിവയ്ക്കണമെന്നും കേസ് തീരുന്നതു വരേയ്ക്കും വേതനം കൃത്യമായി നല്കിക്കൊണ്ടിരിക്കണമെന്നും വ്യവഹാര ചെലവിലേക്കായി തൊഴിലാളിക്ക് 10,000 രൂപ നൽകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ചട്ടങ്ങൾ എന്തുതന്നെയായാലും ജോലി ഉപേക്ഷിക്കണമെന്നുള്ള ഉദ്ദേശ്യം ഗാർഹിക അന്വേഷണത്തിലൂടെ തെളിയിക്കപ്പെടേണ്ടതുണ്ടെന്നും അപ്രകാരം ചെയ്യാത്തത് അന്യായവും നിയമവിരുദ്ധവുമാണെന്നാണ് ഹൈക്കോടതി വിലയിരുത്തിയത്.

 തർക്കം ഉടലെടുത്തിട്ട് 25 വർഷങ്ങൾ കടന്നു പോയത് പരിഗണിച്ച ഹൈക്കോടതി മുൻകാല വേതനത്തിനു പുറമെ വിരമിക്കൽ പ്രായം വരെയുള്ള മുഴുവൻ വേതനത്തിന്റെ 30% നഷ്ടപരിഹാരമായി നൽകണമെന്നും തൊഴിലാളിയെ തിരിച്ചെടുക്കേണ്ടെന്നും വിധിച്ചു. 

ഗാർഹികാന്വേഷണം നടത്താതെ തൊഴിലാളിയെ പിരിച്ചുവിട്ടു എന്ന പ്രധാന സാങ്കേതിക കാരണത്തിന്റെ പേരിലാണ് കാൽ നൂറ്റാണ്ടോളം അനധികൃതമായി ജോലിക്കു ഹാജരാകാതിരുന്ന തൊഴിലാളിക്ക് വേതനവും മറ്റാനുകൂല്യങ്ങളും നൽകേണ്ടിവന്നത്. തൊഴിലുടമയുടെയോ പൊതു സമൂഹത്തിന്റെയോ കാഴ്ചപ്പാടിൽ ഒരു തൊഴിലാളിയുടെ ഭാഗത്തുനിന്നുണ്ടായ കുറ്റകൃത്യം എത്ര അക്ഷന്തവ്യമായ പെരുമാറ്റദൂഷ്യമായാലും നിയമാനുസൃത നടപടിക്രമങ്ങൾ പാലിച്ചു മാത്രമേ തൊഴിലാളിക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കാവൂ എന്ന ഗുണപാഠമാണ് മേലുദ്ധരിച്ച കേസ് തൊഴിലുടമകൾക്ക് നൽകുന്നത്.

related stories