1.7 കോടി പാസ്‌വേഡുകൾ ചോർന്നതായി റിപ്പോർട്ട്

ന്യൂഡൽഹി ∙ പ്രമുഖ ഓൺലൈൻ റെസ്റ്റോറന്റ് പോർട്ടലായ സൊമാറ്റോയിൽ അംഗത്വമെടുത്ത 1.7 കോടി (17 മില്യൻ) ആളുകളുടെ പാസ്‍വേഡ് അടക്കമുള്ള വിവരങ്ങൾ പുറത്തായതായി റിപ്പോർട്ട്. എൻക്രിപ്റ്റഡ് രൂപത്തിലാണു പാസ്‍വേഡുകളെങ്കിലും അവ ഭേദിക്കാൻ സാധ്യതയുള്ളതിനാൽ പാസ്‍വേഡുകൾ മാറ്റണമെന്നാണു വിദഗ്ധരുടെ ഉപദേശം. എല്ലാ ഇന്റർനെറ്റ് അക്കൗണ്ടുകൾക്കും ഒരേ പാസ്‍വേഡ് ഉപയോഗിക്കുന്നതും അപകടമാണ്.

വാനാക്രൈ ആക്രമണത്തിനു പിന്നാലെ 56 കോടി ഇ–മെയിലുകളും പാസ്‍വേഡുകളും ഇന്റർനെറ്റിലൂടെ പുറത്തായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഹാക്കിങ് നടന്നതായി സൊമാറ്റോ ബ്ലോഗ് പോസ്റ്റിലൂടെ സ്ഥിരീകരിച്ചു. ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോർന്നിട്ടില്ലെന്നും കമ്പനി അറിയിച്ചു. പുറത്തായ വിവരങ്ങൾ ഓൺലൈനിൽ വിൽപനയ്ക്കു വച്ചതായും സൂചനയുണ്ട്.

ഇതിനിടെ, 'പൈറേറ്റ്സ് ഓഫ് കരീബിയൻ' സിനിമയുടെ റിലീസ് ചെയ്യാനിരിക്കുന്ന അഞ്ചാം പതിപ്പായ 'ഡെഡ് മാൻ ടെൽ നോ ടെയിൽസ്' ഹാക്കർമാ‍ർ തട്ടിയെടുത്തു ടൊറന്റ് വെബ്സൈറ്റുകളിൽ അപ്‍ലോഡ് ചെയ്തു. റിലീസിനു മുൻപായി ഇന്റർനെറ്റ് വഴി പ്രചരിക്കാതിരിക്കണമെങ്കിൽ വലിയ തുക ബിറ്റ്കോയിൻ രൂപത്തിൽ മോചനദ്രവ്യമായി നൽകണമെന്നു നിർമാതാക്കളായ ഡിസ്നിയോട് ആവശ്യപ്പെട്ടെങ്കിലും അവർ തയാറായില്ല. തുടർന്നാണു സിനിമ പുറത്തുവിട്ടതെന്നാണു സൂചന. ടൊറന്റ് ലിങ്ക് പിന്നീടു നീക്കം ചെയ്തിട്ടുണ്ട്. യുഎസ് അന്വേഷണ ഏജൻസിയായ എഫ്ബിഐ ശക്തമായ അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ചയാണു സിനിമ റിലീസ് ചെയ്യുന്നത്.

പുതിയ വാനാക്രൈ: ചൈനയുടെ മുന്നറിയിപ്പ്

ബെയ്ജിങ് ∙ വാനാക്രൈ ആക്രമണത്തിനു സമാനമായ കംപ്യൂട്ടർ പ്രോഗ്രാം പടരുന്നതായി ചൈനയുടെ മുന്നറിയിപ്പ്. ഫയലുകൾ ഡിക്രിപ്റ്റ് ചെയ്തു നൽകാൻ മോചനദ്രവ്യം ആവശ്യപ്പെടുന്നതാണ് ഇതിന്റെയും രീതി.

വിൻഡോസിന്റെ സുരക്ഷാപിഴവു തന്നെയാണ് ഈ പ്രോഗ്രാമും ഉപയോഗിക്കുന്നതെന്നാണു ചൈനീസ് നാഷനൽ കംപ്യൂട്ടർ വൈറസ് റെസ്പോൺസ് സെന്റർ വ്യക്തമാക്കി. ഇതിനു വാനൈക്രൈയുമായി ബന്ധമുണ്ടോ എന്നു സ്ഥിരീകരിച്ചിട്ടില്ല.