കശ്മീർ: പാക്ക് പങ്കിന് തെളിവു നൽകിയെന്ന് ഇന്ത്യ

ജനീവ∙ കശ്മീരിലെ പ്രക്ഷോഭങ്ങൾക്കു പാക്കിസ്ഥാൻ പ്രോൽസാഹനവും പിന്തുണയും നൽകുന്നുണ്ടെന്നതിനു വ്യക്തമായ തെളിവുകൾ കൈമാറിയതായി യുഎൻ മനുഷ്യാവകാശ കൗൺസിലിൽ (യുഎൻഎച്ച്ആർസി) ഇന്ത്യ. കശ്മീർ പ്രക്ഷോഭങ്ങൾക്ക് അതിർത്തി കടന്നു പിന്തുണ കിട്ടുന്നതിന്റെ തെളിവുകളാണു കൈമാറിയത്.

തൽക്കാലത്തെ കാര്യസാധ്യത്തിനു വേണ്ടിയുള്ള കരുനീക്കങ്ങളാണു പാക്കിസ്ഥാൻ നടത്തുന്നതെന്നും യുഎൻഎച്ച്ആർസി പൊതുചർച്ചയിലെ മറുപടി വേളയിലെ പ്രസ്താവനയിൽ ഇന്ത്യ വ്യക്തമാക്കി. കശ്മീരിനെക്കുറിച്ചു പാക്കിസ്ഥാൻ നടത്തുന്ന പ്രസ്താവനകൾ വാസ്തവവിരുദ്ധമാണ്; അവയ്ക്കു യാഥാർഥ്യവുമായി ബന്ധമില്ല.

ഭീകരതയെ ദുരുപയോഗപ്പെടുത്തി കശ്മീരിനെ അസ്ഥിരമാക്കാനാണു പാക്ക് ശ്രമമെന്നും ഇന്ത്യ ആരോപിച്ചു. പാക്കിസ്ഥാന്റെ പിന്തുണയുള്ള ഭീകരതയെ ചെറുത്തു തോൽപ്പിക്കുകയാണു പ്രധാന കാര്യമെന്നും ചൂണ്ടിക്കാട്ടി. കശ്മീർ വിഷയം യുഎൻഎച്ച്ആർസിയിൽ നിരന്തരം ഉന്നയിക്കുന്ന പാക്കിസ്ഥാൻ അനധികൃത അധിനിവേശത്തിൽനിന്നു പിന്മാറുകയാണ് ആദ്യം ചെയ്യേണ്ടതെന്നും ആവശ്യപ്പെട്ടു.