Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡാർജിലിങ് പ്രക്ഷോഭം: മരണം മൂന്നായി

Darjeeling പൊലീസ് വെടിവയ്പിൽ മരിച്ചവരുടെ ശവസംസ്കാരച്ചടങ്ങിൽ സംഘർഷമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഡാർജിലിങ് നഗരത്തിൽ കൂടുതൽ സൈനികരെ വിന്യസിച്ചപ്പോൾ.

ഡാർജിലിങ് ∙ പ്രത്യേക സംസ്ഥാനത്തിനുവേണ്ടി ഡാർജിലിങ്ങിൽ നടക്കുന്ന പ്രക്ഷോഭം മൂന്നു യുവാക്കളുടെ മരണത്തോടെ കൂടുതൽ അക്രമാസക്തമായി. പൊലീസ് സ്റ്റേഷനും സബ് ഡിവിഷനൽ ഓഫിസിനും തീയിട്ട സമരക്കാർ, ഒട്ടേറെ സർക്കാർ വാഹനങ്ങളും കത്തിച്ചു. സൊനാഡ പൈതൃക റെയിൽവേ സ്റ്റേഷനു കഴിഞ്ഞ ദിവസം തീയിട്ടിരുന്നു.

മരുന്നുവാങ്ങാൻ പുറത്തിറങ്ങിയ തഷി ഭൂട്ടിയ എന്ന യുവാവ് കൊല്ലപ്പെട്ടതിനെ തുടർന്നു നടത്തിയ മാർച്ചിലും പൊലീസ് നടപടിയിലുമാണു രണ്ടു യുവാക്കൾകൂടി മരിച്ചത്. പ്രക്ഷോഭത്തിനു നേതൃത്വം നൽകുന്ന ഗൂർഖ നാഷനൽ ലിബറേഷൻ ഫ്രണ്ട് (ജിഎൻഎൽഎഫ്), ഗൂർഖ ജനമുക്തി മോർച്ച (ജിജെഎം) പ്രവർത്തകർ ഭൂട്ടിയയുടെ മൃതദേഹവുമായി സദർ ആശുപത്രിയിലേക്കു നടത്തിയ മാർച്ചിനിടെ പൊലീസുമായി ഏറ്റുമുട്ടുകയായിരുന്നു. ഇതിനിടെയാണു സൂരജ് സൂൻദാസ് എന്ന യുവാവു വെടിയേറ്റു മരിച്ചത്.

ജിജെഎം ശക്തികേന്ദ്രമായ സിംഗ്മാറിയിൽ പൊലീസുമായി നടന്ന ഏറ്റുമുട്ടലിനിടെ മറ്റൊരു യുവാവുകൂടി കൊല്ലപ്പെട്ടു. സൊനാ‍ഡയിലും ഡാർജിലിങ്ങിലും സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ കുർസിയോങ് സബ് ഡിവിഷനൽ ഓഫിസിനാണു സമരക്കാർ തീയിട്ടത്. കെട്ടിടം ഭാഗികമായി നശിച്ചു. ഇതിനിടെ, പ്രത്യേക സംസ്ഥാനം വേണമെന്നും ബംഗാളിൽ പ്രസിഡന്റ് ഭരണം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു ഗൂർഖലാൻഡ് പ്രക്ഷോഭകർ ന്യൂഡൽഹിയിൽ പ്രകടനം നടത്തി. പ്രത്യേക സംസ്ഥാനമെന്ന 110 വർഷം പഴക്കമുള്ള ആവശ്യത്തിന്റെ പ്രതീകാത്മകമായി 110 മീറ്റർ നീളമുള്ള ദേശീയ പതാകയും വഹിച്ചായിരുന്നു ഗൂർഖ സന്യുക്ത് സംഘർഷ് സമിതിയുടെ പ്രകടനം. 

വ്യാജചിത്രം പ്രചരിപ്പിച്ചവരിൽ ബിജെപി നേതാവും: മമത

കൊൽക്കത്ത ∙ നോർത്ത് 24 പർഗാന ജില്ലയിലെ ബസിർഹട്ട് മേഖലയിൽ കലാപത്തിനു വഴിമരുന്നിട്ട വ്യാജദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് ഒരാൾ അറസ്റ്റിൽ. ഈ ദൃശ്യം മറ്റിടങ്ങളിൽ പ്രചരിപ്പിച്ചവരിൽ ഒരാൾ ബിജെപി ഹരിയാന നേതാവ് വിജേത മാലിക്കാണെന്നു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു.

സംഘർഷത്തിനു പിന്നിൽ ബിജെപിയും ആർഎസ്എസുമാണെന്നും മമത ആരോപിച്ചു. കഴിഞ്ഞ ഒരാഴ്ചയായി സംഘർഷഭരിതമായിരുന്ന പ്രദേശങ്ങളിൽ ജനജീവിതം സാധാരണനിലയിലായിട്ടുണ്ട്. കഴിഞ്ഞ 36 മണിക്കൂറിനിടെ അക്രമസംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.