Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡാർജലിങ് പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക്; ഈ മാസം 15മുതൽ ‘മരണം വരെ നിരാഹാരം’

bhaduri-notitle170709_npVQF

ഡാർജലിങ് ∙ പ്രത്യേക സംസ്ഥാനത്തിനായി ഗൂർഖ ജനമുക്തി മോർച്ച (ജിജെഎം) നടത്തുന്ന പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക്. ഈ മാസം 15മുതൽ ‘മരണം വരെ നിരാഹാരം’ ആരംഭിക്കുമെന്നു പ്രക്ഷോഭകാരികൾ. ഇതിനിടെ, ബംഗാൾ സർക്കാർ രൂപം നൽകിയിട്ടുള്ള വികസനബോർഡുകളിലെ ചെയർമാൻ, വൈസ്ചെയർമാൻ സ്ഥാനങ്ങൾ രാജിവയ്ക്കാൻ ഗൂർഖാലാൻഡ് മൂവ്മെന്റ് കോ–ഓർഡിനേഷൻ കമ്മിറ്റി (ജിഎംസിസി ) തീരുമാനിച്ചു.

ഇതേസമയം, ജിജെഎം നേതൃത്വം നൽകുന്ന കമ്മിറ്റി പൊലീസ് വെടിവയ്പിൽ തങ്ങളുടെ ഏഴു പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. മിഡ്നാപുരിൽ ഇന്നലെ പൊതുസമ്മേളനത്തിൽ പ്രസംഗിച്ച മുഖ്യമന്ത്രി മമത ബാനർജി തീകൊണ്ടു കളിക്കരുതെന്നു പ്രക്ഷോഭകർക്കു മുന്നറിയിപ്പു നൽകി.

ഡാർജലിങ് കുന്നുകളിൽ തീ ആളിക്കത്തിക്കാനല്ല, മറിച്ച് അവിടെ സമാധാനം കൊണ്ടുവരാനാണു തങ്ങൾ ശ്രമിക്കുന്നതെന്നും മമത പറഞ്ഞു. ഡാർജലിങ്ങിൽ കടകളും റസ്റ്ററന്റുകളും സ്കൂളുകളും അടഞ്ഞുകിടക്കുകയാണ്. ഇന്റർനെറ്റ് ബന്ധവും വിച്ഛേദിച്ചിരിക്കുന്നു.