തിലകിന്റെ പ്രപൗത്രന് എതിരെ പീഡനക്കേസ്

രോഹിത് തിലക്

പുണെ ∙ സ്വാതന്ത്ര്യസമരസേനാനി ബാലഗംഗാധര തിലകിന്റെ പ്രപൗത്രനും കോൺഗ്രസ് നേതാവുമായ രോഹിത് തിലകി(40)നെതിരെ മാനഭംഗക്കേസ്. വിവാഹ വാഗ്ദാനം നൽകി പലതവണ പീഡിപ്പിച്ചെന്നും പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നും പുണെ സ്വദേശിനിയാണു പരാതി നൽകിയത്.

പരാതി നൽകിയാൽ കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയെന്നും ആരോപിക്കുന്നു. പത്തു വർഷം മുൻപ് വിവാഹബന്ധം വേർപെടുത്തിയ യുവതി വർഷങ്ങളായി രോഹിതുമായി പരിചയത്തിലാണെന്നു പൊലീസ് പറഞ്ഞു.

ബാലഗംഗാധര തിലകിന്റെ മകനും കോൺഗ്രസ് എംപിയുമായിരുന്ന അന്തരിച്ച ജയന്ത് റാവു തിലകിന്റെ കൊച്ചുമകനാണു രോഹിത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പുണെയിലെ കസബ പേഠ് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മൽസരിച്ചു പരാജയപ്പെട്ടിരുന്നു.