മല്യയെപ്പോലെ കാർത്തി ചിദംബരവും രാജ്യംവിട്ടേക്കാം: ആഭ്യന്തര മന്ത്രാലയം

കാർത്തി ചിദംബരം

ചെന്നൈ∙ വ്യവസായി വിജയ് മല്യയെപ്പോലെ കാർത്തി ചിദംബരവും രാജ്യംവിടാൻ സാധ്യതയുണ്ടെന്നും അതിനാലാണു തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം മദ്രാസ് ഹൈക്കോടതിയിൽ. തനിക്കെതിരെ സിബിഐയോ എൻഫോഴ്സ്മെന്റോ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ടോ എന്നു വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു കാർത്തി വെള്ളിയാഴ്ച കോടതിയെ സമീപിച്ചിരുന്നു. വിഷയത്തിൽ നിലപാട് അറിയിക്കാൻ കോടതി അഡീഷനൽ സോളിസിറ്റർ ജനറലിനോട് ആവശ്യപ്പെട്ടു. 

ഐഎൻഎക്സ് മീഡിയ കേസിൽ ചോദ്യംചെയ്യലിനു ഹാജരാകാൻ രണ്ടുതവണ സമൻസ് അയച്ചെങ്കിലും കാർത്തി ഹാജരായിരുന്നില്ല. 

വിജയ് മല്യയുമായി കാർത്തി ചിദംബരത്തെ താരതമ്യം ചെയ്യുന്നതിനെ കാർത്തിയുടെ വക്കീൽ കോടതിയിൽ എതിർത്തു. ജോലി ആവശ്യങ്ങൾക്കു മാത്രമാണു കാർത്തി വിദേശത്തു പോകുന്നതെന്നും ജോലി തടസ്സപ്പെടുത്താനുള്ള നീക്കമാണു നടക്കുന്നതെന്നും അഭിഭാഷകൻ വാദിച്ചു.