Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെന്നൈയിൽ പിടിച്ചു പറിച്ചത് കള്ളനല്ല; മൂന്നു പൊലീസുകാർ

chennai-police-rpf-thief

ചെന്നൈ ∙ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരനിൽ നിന്നു പണവും മൊബൈൽ ഫോണും തട്ടിയെടുത്തതു കള്ളന്മാരല്ല; സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്നു പൊലീസുകാർ. ചെന്നൈ സെൻട്രലിൽ കഴിഞ്ഞദിവസം അർധരാത്രിയോടെയാണ് ഒഡീഷ സ്വദേശിയായ തൊഴിലാളി ഫനീന്ദ്ര റെഡ്ഡി പിടിച്ചുപറിക്കിരയായത്. 

പിടിയിലായ റെയിൽവേ പ്രൊട്ടക്‌ഷൻ സ്പെഷൽ ഫോഴ്സ് (ആർപിഎസ്എഫ്) അംഗങ്ങളായ ഇരുതയ രാജ് (24), അരുൾദാസ് (28), രാമകൃഷ്ണൻ (26) എ‌ന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

സുരക്ഷാ പരിശോധനയെന്ന പേരിലാണു പൊലീസുകാർ യാത്രക്കാർക്കുള്ള വിശ്രമമുറിയിൽ ചെന്നു ഫനീന്ദ്ര റെഡ്ഡിയിൽ നിന്നു മൊബൈൽ ഫോണും 1800 രൂപയും ബലമായി പിടിച്ചെടുത്തത്. തടയാൻ ശ്രമിച്ച ഫനീന്ദ്രയെ തല്ലുകയും ചെയ്തു. 

മറ്റു യാത്രക്കാർ ബഹളംവച്ചതിനെ തുടർന്നു മൊബൈൽ ഫോൺ തിരികെ നൽകിയെങ്കിലും പണം കൊണ്ടുപോയി. തുടർ‌ന്നു ഫനീന്ദ്ര റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സിൽ പരാതി നൽകി. 

ആർപിഎഫ് ഐജി എ.ജി.പൊൻമാണിക്കവേലിന്റെ നിർദേശപ്രകാരം ആരോപണ വിധേയരായ പൊലീസുകാരെ വിളിച്ചുവരുത്തി നടത്തിയ പരിശോധനയിൽ പണം ക‌ണ്ടെത്തുകയായിരുന്നു.