‘ഒറ്റയ്ക്കായ പെൺകുട്ടിയെ അവർ വേട്ടയാടി രസിച്ചു’; ബിജെപി നേതാവിന്റെ മകനെതിരെ തുറന്നു പറഞ്ഞ് വർണിക

ന്യൂഡൽഹി ∙ ശല്യപ്പെടുത്തലുകളിലെയും ആക്രമണങ്ങളിലെയും ഇരയായി സ്വയം മറഞ്ഞുനിൽക്കാതെ വർണിക കുണ്ഡു രംഗത്തെത്തി തുറന്നു പറഞ്ഞു – അത് ഞാനാണ്. ഞാൻ മാനഭംഗത്തിനിരയാവുകയോ കൊല്ലപ്പെടുകയോ ചെയ്തില്ലല്ലോ, ഭാഗ്യം. 

ചണ്ഡിഗഡിൽ അർധരാത്രി ഒറ്റയ്ക്ക് കാറോടിച്ചു പോകുന്നതിനിടെ ശല്യപ്പെടുത്തലിന് ഇരയായ യുവതിയാണ് വർണിക. വെള്ളിയാഴ്ച രാത്രി 12 മണിക്ക് വർണിക ഒറ്റയ്ക്ക് കാറോടിച്ചുപോകുന്നതു കണ്ട് രണ്ടു യുവാക്കൾ ആഡംബര കാറിൽ ആറു കിലോമീറ്ററോളം പിന്തുടരുകയായിരുന്നു.

ധൈര്യം കൈവിടാതെ വാഹനം ഓടിക്കുകയും തൽസമയം പൊലീസിനെ അറിയിക്കുകയും ചെയ്ത വർണിക, ഇരുവരെയും പൊലീസിന്റെ വലയിലാക്കി. എന്നാൽ, പ്രതികൾ ബിജെപി ഹരിയാന സംസ്ഥാന പ്രസിഡന്റിന്റെ മകനും സുഹൃത്തുമാണെന്ന് അറിഞ്ഞതോടെ പൊലീസ് നിസാര വകുപ്പുകൾ മാത്രം ചുമത്തുകയും ഉടൻ ജാമ്യത്തിൽ വിടുകയും ചെയ്തു. ഈ ഘട്ടത്തിലാണ് യുവതി രംഗത്തെത്തിയത്.

സംഭവം വിവരിച്ചു വർണിക ഫെയ്സ്ബുക്കിലിട്ട പോസ്റ്റിൽ നിന്ന്: ‘അക്ഷരാർഥത്തിൽ തട്ടിക്കൊണ്ടു പോകപ്പെടുന്ന അനുഭവമായിരുന്നു. ഒറ്റയ്ക്കായിപ്പോയ ഒരു പെൺകുട്ടിയെ ആക്രമിക്കുന്നതിൽ അവർ രസം കണ്ടെത്തി.

5-6 കിലോമീറ്റർ അവർ പിന്തുടരുകയും കാർ തടയാൻ ശ്രമിക്കുകയും ചെയ്തു. പേടി കൊണ്ടു ഞാൻ വിറച്ചു. പക്ഷേ എങ്ങനെയൊക്കെയോ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു. അന്നു രാത്രി വീട്ടിലെത്തുമോയെന്ന് എനിക്ക് ഉറപ്പില്ലായിരുന്നു.

പൊലീസ് ഇരുവരെയും പിടികൂടിയപ്പോഴും പേടി കൊണ്ട് വിറയ്ക്കുകയായിരുന്നു ഞാൻ. സമയത്തിന് എത്തിയ പൊലീസിനു നന്ദി. രാജ്യത്തെ ഏറ്റവും സുരക്ഷിതമായ നഗരമെന്നു കരുതുന്ന ചണ്ഡിഗഡിൽ ഇതാണ് അവസ്ഥയെങ്കിൽ മറ്റു സ്ഥലങ്ങളിലെ അവസ്ഥയെന്താണ്?

ഓരോ 200 മീറ്ററിലും പൊലീസുകാരുള്ള, നിറയെ ക്യാമറകളും വെളിച്ചവുമുള്ള തെരുവിലാണ് രണ്ടു പേർ, അവർ ഉന്നത സ്വാധീനമുള്ളവരാണ് എന്നതു കൊണ്ട്, എന്നെ ആക്രമിക്കാൻ ശ്രമിച്ചത്.

ഞാൻ ഭാഗ്യവതിയാണ് – ഒരു സാധാരണക്കാരന്റെ മകളായിരുന്നെങ്കിൽ ഇവർക്കെതിരെ ഒന്നും ചെയ്യാൻ കഴിയില്ലായിരുന്നു. ഞാൻ ഭാഗ്യവതിയാണ് – ഞാൻ മാനഭംഗം ചെയ്യപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തില്ലല്ലോ’.