ഇന്ത്യ–ചൈന അതിർത്തി സംഘർഷം: സേനാമേധാവി ബിപിൻ റാവത്ത് ലഡാക്കിലേക്ക്

ന്യൂഡൽഹി ∙ അതിർത്തി സംഘർഷം രൂക്ഷമായ ദോക്‌‌ ലായിലേക്കും ലഡാക്കിലേക്കും സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ നിർണായക സന്ദർശനം. സേനാമേധാവിയുടെ ത്രിദിന ലഡാക് സന്ദർശനം ഇന്ന് ആരംഭിക്കും. ല‍ഡാക്കിലെ സുരക്ഷാ നടപടികൾ അദ്ദേഹം വിലയിരുത്തും. ചൈനയുമായി ഒന്നരമാസത്തിലേറെയായി തുടരുന്ന ഉരസൽ എങ്ങനെ തീർക്കണമെന്നതാവും ബിപിൻ റാവത്തിന്റെ സന്ദർശനത്തിന്റെ മുഖ്യ അജൻ‌ഡ എന്നറിയുന്നു.

കൂടുതൽ സൈന്യത്തെ ചൈനാ അതിർത്തിയിലേക്കു നീക്കിത്തുടങ്ങിയ ശേഷമാണു കരസേനാ മേധാവിയുടെ സന്ദർശനമെന്നതും നിർ‌ണായകമാണ്. മുതിർന്ന കമാൻഡർമാരുമായി പ്രത്യേകം ചർച്ചകൾ നടത്തും. അതിർത്തിയിലെ സന്നാഹങ്ങൾ നേരിട്ടു പരിശോധിക്കും. സൈനികർക്കുള്ള സൗകര്യങ്ങൾ വിലയിരുത്തിയശേഷം കുറവുകളുണ്ടെങ്കിൽ പരിഹരിക്കും. ദോക്‌ലായിൽ സദാ സജ്ജരായി നിലയുറപ്പിച്ചിട്ടുള്ള സൈനികർക്കു മാനസിക പിന്തുണ നൽകുക കൂടിയാണു ജനറൽ റാവത്തിന്റെ സന്ദർശന ലക്ഷ്യം.

ലഡാക്കിലെ പ്രസിദ്ധമായ പാൻഗോങ് തടാകക്കരയിലൂടെ ഇന്ത്യയുടെ ഭൂപ്രദേശത്തു പ്രവേശിക്കാൻ കഴിഞ്ഞദിവസം ചൈനീസ് പട്ടാളം ശ്രമിച്ചിരുന്നു. ഇതിനുശേഷമാണ് ഇന്ത്യൻ സൈനികരെ അതിർത്തിയിലേക്കു കൂടുതലായി നീക്കിയത്. ഗാങ്ടോക്കിൽനിന്നു 17–ാം ഡിവിഷനെയും കലിപോങ്ങിൽ നിന്ന് 27–ാം ഡിവിഷനെയുമാണ് ഇന്ത്യ അതിർത്തിയിൽ വിന്യസിക്കുന്നത്. ഓഗസ്റ്റ് 15ന് ആണു ചൈനയുടെ ഭാഗത്തുനിന്നു കടന്നുകയറ്റശ്രമം ഉണ്ടായത്. ഇരുരാജ്യങ്ങളിലെയും സൈന്യം ഒരു മണിക്കൂറോളം മുഖാമുഖം നിന്നു. മേഖലയിലെ ഫിംഗർ ഫോർ, ഫിംഗർ ഫൈവ് എന്നിവിടങ്ങളിലാണു ചൈനീസ് പട്ടാളം കയ്യേറ്റത്തിനു ശ്രമിച്ചത്.

ഇന്ത്യ–ചൈന–ഭൂട്ടാൻ അതിർത്തിപ്രദേശമായ ദോക്‌ ലായിൽ ചൈന റോഡ് നിർമാണം ആരംഭിച്ചതാണു സംഘർഷത്തിനു വഴിമരുന്നിട്ടത്. എന്നാൽ, ഇന്ത്യൻ സൈന്യം അതിർത്തി ലംഘിച്ചുവെന്നാണു ചൈന ഇപ്പോഴും ആരോപിക്കുന്നത്. ഒന്നരമാസത്തിലേറെയായി മേഖലയിൽ ഇന്ത്യ–ചൈന സൈനികർ മുഖാമുഖം നിൽക്കുകയാണ്.