ഭീകരപ്രവർത്തകരും മാവോയിസ്റ്റുകളും പണമില്ലാതെ ഞെരുങ്ങുന്നു: ജയ്റ്റ്‌ലി

മുംബൈ∙ നോട്ട് റദ്ദാക്കലിനെ തുടർന്നു കശ്മീരിൽ ഭീകരപ്രവർത്തകരും ഛത്തീസ്ഗഡ് പോലെയുള്ള സംസ്ഥാനങ്ങളിൽ മാവോയിസ്റ്റുകളും സാമ്പത്തികമായി തകർന്നെന്നു കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലി. കശ്മീരിൽ കല്ലേറു നടത്തുന്ന പ്രതിഷേധക്കാരുടെ എണ്ണം കാര്യമായി കുറഞ്ഞു.

നോട്ട് റദ്ദാക്കലിനു മുൻപു കശ്മീരിലെ തെരുവുകളിൽ കല്ലെറിയാൻ വന്നിരുന്നത് ആയിരക്കണക്കിനാളുകളാണ്. ഇപ്പോൾ 25 പേർ പോലും ഒന്നിച്ചുകൂടുന്നില്ല. ശക്തമായ നടപടികളിലൂടെ കശ്മീരിൽ തീവ്രവാദികൾക്കുമേൽ സുരക്ഷാസേന ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞു.

ദശാബ്ദങ്ങൾ പലതു പിന്നിട്ട കശ്മീർ പ്രശ്നം പരിഹരിക്കാൻ യുപിഎ സർക്കാർ ഒന്നും ചെയ്തില്ലെന്നു ജയ്റ്റ്ലി കുറ്റപ്പെടുത്തി. സായുധ ഭീകരരുടെ പ്രവർത്തനം അവസാനിപ്പിക്കണമെന്നതാണു മോദി സർക്കാരിന്റെ ഉറച്ച തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.