പാക്ക് അധീന കശ്മീരിൽ മിന്നലാക്രമണം: സൈനികർക്കു ബഹുമതികൾ സമ്മാനിച്ചു

ഉധംപുർ ∙ കഴിഞ്ഞ സെപ്റ്റംബറിൽ നിയന്ത്രണരേഖ കടന്നു പാക്ക് അധീന കശ്മീരിലെ ഭീകരരുടെ കേന്ദ്രങ്ങളിൽ മിന്നലാക്രമണം നടത്തിയ ഒൻപതു സൈനികർക്കു ധീരതയ്ക്കുള്ള സൈനിക ബഹുമതികൾ സമ്മാനിച്ചു. മിന്നലാക്രമണത്തിൽ ഇവർ വഹിച്ച പങ്കും ചടങ്ങിൽ അനുസ്മരിച്ചു. ഇതാദ്യമായാണ് മിന്നലാക്രമണത്തിൽ പങ്കെടുത്ത സൈനികരുടെ പേരുകൾ കരസേന പുറത്തുവിടുന്നത്.

നായിക് സുബേദാർ വിപിൻചന്ദ്ര, ഹവീൽദാർമാരായ രങ്കേഷ് ചന്ദ്ര, ഷൂരു ചകേൻ, ദലീപ് കുമാർ, നായിക് യോഗേഷ് കുമാർ, പാരാട്രൂപ്പർ ഇക്ബാൽ സിങ് എന്നിവർ റോക്കറ്റുകളുടെ ലോഞ്ചിങ് പാഡുകൾ തകർക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു. പാരാട്രൂപ്പറായ ഓംപ്രകാശ് ഇതിനു നേതൃത്വം നൽകി. ഹവീൽദാർ കെ.ആതി, പാരാട്രൂപ്പർ ദേവേഷ്കുമാർ എന്നിവർ ഓരോ ഭീകരരെ വീതം വധിക്കുകയും ചെയ്തെന്നു കരസേനയുടെ നോർത്തേൺ കമാൻഡ് ആസ്ഥാനത്ത് ഇന്നലെ സംഘടിപ്പിച്ച ചടങ്ങിൽ അറിയിച്ചു. ഇവരുൾപ്പെടെ 108 സൈനികർക്ക് വിവിധ സൈനിക ബഹുമതികൾ ലഭിച്ചു.

കരസേനയുടെ ഉത്തരമേഖലാ കമാൻഡ് ജനറൽ ഓഫിസർ ലഫ്. ജനറൽ ദേവ്‌രാജ് അൻബുവാണ് അവാർഡുകൾ സമ്മാനിച്ചത്. വേണ്ടിവന്നാൽ നിയന്ത്രണരേഖ മറികടക്കുമെന്ന സന്ദേശം നൽകുന്നതിനായിരുന്നു കഴിഞ്ഞവർഷത്തെ മിന്നലാക്രമണമെന്ന് അദ്ദേഹം പറഞ്ഞു. ലഡാക്കിൽ ദോക് ലാ ആവർത്തിക്കില്ല. തർക്കം പരിഹരിക്കാൻ അവിടെ ബഹുതല സംവിധാനമുണ്ടെന്നും ലഫ്. ജനറൽ അൻബു വ്യക്തമാക്കി. സൈനികരല്ലാത്ത 14 പേർക്കും മെഡലുകൾ സമ്മാനിച്ചിട്ടുണ്ട്.