ഇന്ത്യ, യുഎസ്, ജപ്പാൻ അച്ചുതണ്ട്; ലക്ഷ്യം ചൈനയ്ക്കെതിരെ പ്രതിരോധം

ന്യൂയോർക്ക് ∙ യുഎൻ പൊതു സഭാ സമ്മേളനത്തിനിടെ ഇന്ത്യ – യുഎസ് – ജപ്പാൻ വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തും. സിക്കിമിലെ ദോക് ലാ തർക്കത്തിന്റെ പശ്ചാത്തലത്തിൽ ചൈനയ്ക്കെതിരെ പ്രതിരോധം ശക്തമാക്കുകയാണു ലക്ഷ്യം. ചർച്ചയുടെ വിഷയങ്ങൾ ചൈനയെ ഉദ്ദേശിച്ചുള്ളവയാണെന്നു നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ദ്വീപുകൾ ആയുധം കൊണ്ടു നിറയ്ക്കുന്ന ചൈനീസ് നടപടിയിലാണു ജപ്പാന്റെ ഉത്കണ്ഠ.

‘മനുഷ്യപക്ഷത്തുനിന്നു സമാധാനപരമായ ജീവിതം ഉറപ്പു വരുത്തുക’ എന്നതാണു യുഎന്നിലെ പൊതുവിഷയം. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഒരാഴ്ചയ്ക്കിടെ ഇരുപതോളം ചർച്ചകളിൽ പങ്കെടുക്കും. യുഎൻ പരിഷ്കരണമെന്ന അമേരിക്കയുടെ ലക്ഷ്യത്തെ ഇന്ത്യ പിന്തുണയ്ക്കും. ട്രംപിന്റെ നേതൃത്വത്തിൽ ഇതേ വിഷയത്തിൽ നടക്കുന്ന ഉന്നതല ചർച്ചയിൽ സുഷമ പങ്കെടുക്കും. യുഎൻ പൊതുസഭയെ 23നു സുഷമ അഭിസംബോധന ചെയ്യും. ഇതേസമയം, തങ്ങള്‍ക്ക് അനുകൂലമായ വ്യവസ്ഥകളില്ലെങ്കില്‍ പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്നു പിന്‍മാറുമെന്ന് യുഎസ് അറിയിച്ചു.