രാഷ്ട്രീയത്തിൽ ‘ഹിറ്റ്’ ആകാനുള്ള രഹസ്യം അറിയില്ലെന്ന് രജനി

ആരാദ്യം: രജനീകാന്തും കമൽഹാസനും ചെന്നൈയി‍ൽ ശിവാജിഗണേശൻ സ്മാരക ഉദ്ഘാടനച്ചടങ്ങിനിടെ.

ചെന്നൈ ∙ സിനിമയിലെ പ്രശസ്തിയും സ്വാധീനവുംകൊണ്ടു മാത്രം രാഷ്ട്രീയത്തിൽ വിജയിക്കാനാവില്ലെന്നു നടൻ രജനീകാന്ത്. ശിവാജി ഗണേശൻ സ്മാരക ഉദ്ഘാടനച്ചടങ്ങിൽ, നടൻ കമൽഹാസൻകൂടി പങ്കെടുത്ത വേദിയിലായിരുന്നു അഭിപ്രായപ്രകടനം. കമലും രജനിയും ഉടൻ രാഷ്ട്രീയത്തിലിറങ്ങുമെന്ന് അഭ്യൂഹം നിലനിൽക്കുന്നതിനാൽ പരാമർശം കൗതുകമായി.

‘‘രാഷ്ട്രീയത്തിൽ വിജയിക്കണമെങ്കിൽ താരപരിവേഷത്തിനപ്പുറം ചിലതുകൂടി വേണം. അതു ജനങ്ങൾക്കേ അറിയൂ. എനിക്ക് ആ രഹസ്യം അറിയില്ല. കമൽഹാസന് അറിയാമായിരിക്കും. അറിഞ്ഞാലും പറയില്ല. രണ്ടു മാസം മുൻപു ചോദിച്ചിരുന്നെങ്കിൽ ഒരുപക്ഷേ പറഞ്ഞേനെ. ഇപ്പോൾ ചോദിച്ചാൽ, ഒപ്പം ചെന്നാൽ പറയാമെന്നായിരിക്കും മറുപടി.’’ - രാഷ്ട്രീയ, സിനിമാ മേഖലകളിലെ പ്രമുഖർ അണിനിരന്ന സദസ്സിന്റെ കരഘോഷത്തിനിടെ രജനീകാന്ത് പറഞ്ഞു.

പാർട്ടി രൂപീകരിച്ചു തിരഞ്ഞെടുപ്പിൽ മൽസരിച്ചെങ്കിലും ശിവാജി ഗണേശൻ പരാജയപ്പെട്ടത് അദ്ദേഹത്തിന്റെ കുറ്റമല്ലെന്നും വോട്ടർമാരാണ് ഇക്കാര്യത്തിൽ ലജ്ജിക്കേണ്ടതെന്നും കൂട്ടിച്ചേർത്തു. രജനിയുടെ വാക്കുകളോടു മൗനം പാലിച്ച കമൽ, ‌തമിഴ്നാട് സർക്കാരിനെ പരോക്ഷമായി വിമർശിച്ചു. മഹാനടനായ ശിവാജിയെ ആദരിക്കാൻ ആരെയും നിർബന്ധിക്കേണ്ടതില്ലെന്നും അദ്ദേഹത്തിനു കിട്ടേണ്ട ആദരം കിട്ടുകതന്നെ ചെയ്യുമെന്നുമായിരുന്നു ഉദ്ഘാടനച്ചടങ്ങിൽനിന്നു പ്രമുഖർ വിട്ടുനിന്നതു സൂചിപ്പിച്ചുള്ള ഒളിയമ്പ്. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചതു ശിവാജിയോടുള്ള അനാദരമാണെന്നു കുടുംബം കുറ്റപ്പെടുത്തുകയും പല കോണുകളിൽനിന്നു വിമർശനം ഉയരുകയും ചെയ്തിരുന്നു. തുടർന്നാണ് ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം ചടങ്ങിനെത്തിയത്.