ഗാർഹികപീഡനം: യുവരാജിനെയും സഹോദരഭാര്യ പ്രതി ചേർത്തു

ന്യൂഡൽഹി∙ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെയും ഉൾപ്പെടുത്തി സഹോദരഭാര്യ ആകാംക്ഷ ശർമ ഗാർഹികപീഡനത്തിന് കേസു കൊടുത്തു. ഭർത്താവും യുവരാജിന്റെ ഇളയസഹോദരനുമായ ജൊരാവർ സിങ്, അമ്മായിയമ്മ ശബ്നം എന്നിവരാണു മറ്റു പ്രതികൾ. മാനസികവും സാമ്പത്തികവുമായ പീഡനമാണ് ആരോപിച്ചിരിക്കുന്നത്. വീട്ടിൽ താൻ സഹിക്കുമ്പോൾ ‘നിശബ്ദനായ കാഴ്ചക്കാര’നായി നിന്നു എന്നതാണ് യുവരാജ് സിങ്ങിനെതിരെയുള്ള ആരോപണം. കേസിൽ 21ന് വാദം കേട്ടു തുടങ്ങും.

ഗുരുഗ്രാം സ്വദേശിയായ ആകാംക്ഷയെ ജൊരാവർ വിവാഹം കഴിക്കുന്നത് മൂന്നു വർഷം മുമ്പാണ്. നാലു മാസത്തിനു ശേഷം, ഗാർഹികപീഡനത്തെ തുടർന്നു താൻ ഭർത്താവിന്റെ വീടുവിട്ടിറങ്ങിയതായി റിയാലിറ്റി ടിവി ഷോ ‘ബിഗ് ബോസി’ൽ പ്രത്യക്ഷപ്പെട്ട് ആകാംക്ഷ വെളിപ്പെടുത്തിയിരുന്നു. ഇരുവരും വിവാഹമോചനത്തിന് അപേക്ഷ നൽകിയിട്ടുണ്ട്.