എസി റസ്റ്ററന്റുകളിൽ ജിഎസ്ടി കുറയ്ക്കും

ന്യൂഡൽഹി ∙ ഒരു കോടി രൂപയിൽ കൂടുതൽ വിറ്റുവരവുള്ള റസ്റ്ററന്റുകളിൽ എസി, നോൺ എസി ഭേദമില്ലാതെ ചരക്ക്, സേവന നികുതി (ജിഎസ്‌ടി) 12 ശതമാനമായി ഏകീകരിക്കാൻ ശുപാർശ. നിലവിൽ എസി റസ്റ്ററന്റുകളിൽ 18ഉം നോൺ എസിയിൽ 12ഉം ശതമാനമാണു ജിഎസ്ടി. ഉൽപാദകർക്കുള്ള അനുമാന നികുതി ഒരു ശതമാനമായി ഏകീകരിക്കാനും മന്ത്രിമാരുടെ സമിതി ജിഎസ്‌ടി കൗൺസിലിനോടു ശുപാർശ ചെയ്‌തു.

ശുപാർശകൾ അടുത്ത മാസം പത്തിനു ഗുവാഹത്തിയിൽ ചേരുന്ന ജിഎസ്‌ടി കൗൺസിൽ പരിഗണിക്കും. മുറിവാടക 7500 രൂപയിൽ കൂടുതലുള്ള ഹോട്ടലുകളിൽ ഭക്ഷണത്തിന് 18% നികുതി ചുമത്തണമെന്നും പഞ്ചനക്ഷത്ര ഹോട്ടലുകളെ പ്രത്യേക ഗണമായി പരിഗണിക്കേണ്ടതില്ലെന്നും അസം ധനമന്ത്രി ഹിമന്ത ബിശ്വാസ് ശർമ അധ്യക്ഷനായ സമിതി ശുപാർശ ചെയ്‌തു. ഒരു കോടി രൂപയാണ് അനുമാന നികുതിക്കുള്ള വാർഷിക വരുമാന പരിധി. വ്യാപാരികൾക്ക് – 1%, ഉൽപാദകർക്ക് – 2%, റസ്‌റ്ററന്റുകൾക്ക് – 5% എന്നതാണ് അനുമാന നികുതിയുടെ തോത്.

വ്യാപാരികൾക്കു മാത്രമല്ല, ഉൽപാദകർക്കും റസ്‌റ്ററന്റുകൾക്കും ഒരു ശതമാനം മതിയെന്നാണ് സമിതിയുടെ നിലപാട്. വ്യാപാരികൾക്ക് അനുമാന നികുതി കണക്കാക്കുന്നതിന് ഇളവുകളും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. നികുതിയില്ലാത്ത ഉൽപന്നങ്ങളെ ഒഴിവാക്കി വിറ്റുവരവു കണക്കാക്കുന്ന വ്യാപാരികളിൽനിന്ന് ഒരു ശതമാനം ഈടാക്കുക, മൊത്തം വിറ്റുവരവിന്റെ അടിസ്‌ഥാനത്തിൽ നികുതി നൽകുന്നവരിൽനിന്ന് 0.5% ഈടാക്കുക എന്നിങ്ങനെയാണു ശുപാർശകൾ.