കൂട്ടമാനഭംഗം: ചോദ്യശരങ്ങളുമായി ഇരയ്ക്ക് ഉദ്യോഗസ്ഥരുടെ പീഡനം

ഭോപ്പാൽ ∙ നഗരത്തിലെ കലുങ്കിനടിയിൽ അപമാനിതയായ കോളജ് വിദ്യാർഥിനിക്ക് അനാവശ്യ ചോദ്യംചെയ്യലുകളും മറ്റുമായി വീണ്ടും മനോവേദന നൽകിയതിൽ രാഷ്ട്രീയ വിവാദം. സംഭവത്തിൽ ഭോപ്പാൽ ഐജിയെയും ഹബീബ്ഗഞ്ച് മേഖലയിലെ എസ്പിയെയും സ്ഥലംമാറ്റി. അഞ്ചു പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.

ആം ആദ്മി പാർട്ടി നേതാവ് ഗോപാൽ റായ് പെൺകുട്ടിയെ വീട്ടിലെത്തി സന്ദർശിച്ചു. മൊഴി രേഖപ്പെടുത്താനും മറ്റുമായി പെൺകുട്ടിക്കു പൊലീസ് സ്റ്റേഷനുകളും ആശുപത്രികളും കയറിയിറങ്ങേണ്ടി വന്നതിനെക്കുറിച്ചു കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ട്വിറ്ററിൽ രൂക്ഷവിമർശനം നടത്തി. സംസ്ഥാനത്തു സ്ത്രീസുരക്ഷ അമേരിക്കയിലെക്കാൾ മെച്ചമാണെന്നു വീമ്പുപറഞ്ഞ മുഖ്യമന്ത്രി ശിവരാജ് ചൗഹാനു നേരെയായിരുന്നു പ്രതിപക്ഷ നേതാവ് അജയ് സിങ്ങിന്റെ പരിഹാസം. പ്രതികൾക്കുവേണ്ടി ഹാജരാകരുതെന്നു ബാർ അസോസിയേഷൻ പ്രസിഡന്റ് രാജേഷ് വ്യാസ് അഭിഭാഷകർക്കു നിർദേശം നൽകി. സംഭവത്തെക്കുറിച്ചു പരിഹാസപൂർവം സംസാരിച്ച എസ്പി അനിതാ മാളവ്യയ്ക്കെതിരെയും ജനരോഷമുയർന്നു.

മാനഭംഗവുമായി ബന്ധപ്പെട്ടു രമേശ് മെഹ്റ (45) എന്നയാളെക്കൂടി അറസ്റ്റുചെയ്തു. ഇയാളെക്കുറിച്ചു വിവരം നൽകുന്നവർക്കു പൊലീസ് 10,000 രൂപ സമ്മാനം പ്രഖ്യാപിച്ചിരുന്നു. ഇതോടെ സംഭവത്തിൽ ഉൾപ്പെട്ടുവെന്ന് ആരോപിക്കപ്പെടുന്ന നാലുപേരും കസ്റ്റഡിയിലായി. കോച്ചിങ് ക്ലാസ് കഴിഞ്ഞു മടങ്ങുകയായിരുന്നു അപമാനിക്കപ്പെട്ട പെൺകുട്ടി. ഈ പശ്ചാത്തലത്തിൽ സ്വകാര്യ കോച്ചിങ് സ്ഥാപനങ്ങൾ രാത്രി എട്ടിനു മുൻപ് ക്ലാസുകൾ അവസാനിപ്പിക്കണമെന്നു നിർദേശിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്.