Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദർശം, അച്ചടക്കം, അൽപാഹാരം: അഡ്വാനിയുടേത് വേറിട്ട വഴി

advani

ന്യൂഡൽഹി ∙ മുതിർന്ന ബിജെപി നേതാവ് എൽ.കെ.അഡ്വാനിക്ക് ഇന്നു നവതി. പൃഥ്വിരാജ് റോഡിലെ വസതിയിൽ ഇന്ന് അഡ്വാനിയോടൊപ്പം പ്രഭാതഭക്ഷണത്തിനു കാഴ്ചശക്തിയില്ലാത്ത 90 കുട്ടികളുമുണ്ടാകും. തൊണ്ണൂറാം വയസ്സിലും ദേശീയ രാഷ്ട്രീയത്തിൽ സജീവസാന്നിധ്യമായ അഡ്വാനിയുടെ വ്യക്തിത്വത്തെ എ.കെ.ആന്റണി, ഒ.രാജഗോപാൽ, ദീപക് ചോപ്ര എന്നിവർ വിലയിരുത്തുന്നു.

∙ എ.കെ.ആന്റണി

അഡ്വാനിയെ ആദ്യമായി പരിചയപ്പെടുന്നത് ‘77ലാണ്. കേരള മുഖ്യമന്ത്രിയെന്നനിലയിൽ ഞാൻ പ്രധാനമന്ത്രി മൊറാർജി ദേശായിയെ സന്ദർശിച്ചശേഷം കേന്ദ്രമന്ത്രിമാരായിരുന്ന എ.ബി.വാജ്പേയി, എൽ.കെ.അഡ്വാനി എന്നിവരുമായും ചർച്ച നടത്തി. ആദ്യ കൂടിക്കാഴ്ചയിൽ അഡ്വാനിയെക്കുറിച്ചു മനസ്സിലുണ്ടായ ബഹുമാനവും മതിപ്പും ഇന്നുമുണ്ട്.

വാജ്പേയി മന്ത്രിസഭയിൽ അഡ്വാനി ആഭ്യന്തര മന്ത്രിയായിരിക്കെ കേരള മുഖ്യമന്ത്രിയെന്നനിലയിൽ പലതവണ ചർച്ചകൾ നടത്തിയിട്ടുണ്ട്. രാഷ്ട്രീയകക്ഷി വ്യത്യാസമൊന്നും പരിഗണിക്കാതെ കേരളത്തിന്റെ ആവശ്യങ്ങളോടെല്ലാം അനുഭാവപൂർണമായ സമീപനമാണ് അദ്ദേഹം പുലർത്തിയത്. പൊലീസ് നവീകരണത്തിനായി കേരളത്തിനു വേണ്ട സഹായമെല്ലാം ചെയ്തുതന്നു. തീരദേശ പൊലീസ് രൂപീകരിക്കാനുള്ള കേരളത്തിന്റെ നിർദേശം നടപ്പാക്കുകയും ചെയ്തു. മാറാട് കലാപമുണ്ടായ സാഹചര്യത്തിലും കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നു രാഷ്ട്രീയ സമ്മർദങ്ങളില്ലാത്ത സഹകരണമാണുണ്ടായത്.

∙ ഒ.രാജഗോപാൽ

എംഎൽഎ ജനസംഘത്തിലും ബിജെപിയിലും വാജ്പേയി – അഡ്വാനി ഇരട്ട നേതൃത്വം വൈരുധ്യങ്ങളാൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. എ.ബി.വാജ്പേയി കാവ്യമധുരമായി പ്രസംഗിച്ച് അണികളെ ആകർഷിക്കുമ്പോൾ, അഡ്വാനി പൊടിപ്പും തൊങ്ങലുമില്ലാത്ത ഭാഷയിൽ നേരേ ചൊവ്വേ കാര്യമാത്ര പ്രസക്തമായി സംസാരിക്കും. പത്രപ്രവർത്തന പശ്ചാത്തലമുള്ളതിനാൽ അഡ്വാനി തയാറാക്കുന്ന പ്രമേയങ്ങളിൽ കൃത്യതയും സൂക്ഷ്മതയുമുണ്ടാകും.

അഡ്വാനിയുടെ ഓർമശക്തി പലപ്പോഴും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം ജനസംഘം ദേശീയ അധ്യക്ഷനായപ്പോഴാണ് എനിക്കു സെക്രട്ടറിയായി ദേശീയ ചുമതല ആദ്യമായി ലഭിച്ചത്. നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കെ ബിജെപി ആസ്ഥാനത്തു ദേശീയ ഭാരവാഹിയോഗം നടക്കുന്നതിനിടെയാണു ജെയിൻ ഡയറി വിവാദത്തിൽ എൽ.കെ.അഡ്വാനിയുടെ പേരു വന്ന വാർത്തയെത്തിയത്. പാർലമെന്റ് അംഗത്വം രാജിവയ്ക്കുന്നുവെന്നും നിരപരാധിത്വം തെളിയിക്കുന്നതുവരെ പാർലമെന്റിലേക്കില്ലെന്നും അഡ്വാനി യോഗത്തിൽ പ്രഖ്യാപിച്ചപ്പോൾ സഹപ്രവർത്തകരെല്ലാം സ്തബ്ധരായി.

കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടശേഷമാണ് അദ്ദേഹം പാർലമെന്റിൽ തിരിച്ചെത്തിയത്. ബാബ്റി മസ്ജിദ് തകർക്കപ്പെട്ട സംഭവത്തിലും ജിന്ന വിവാദത്തിലും അഡ്വാനി ഏറെ തെറ്റിദ്ധരിക്കപ്പെട്ടുവെന്നതാണു യാഥാർഥ്യം. ബാബ്റി മസ്ജിദിനു മുകളിലേക്കു കയറിയ പ്രവർത്തകരോടു തിരിച്ചിറങ്ങാനാണു വേദിയിൽ നിന്ന അഡ്വാനി അഭ്യർഥിച്ചത്. പക്ഷേ, വാർത്തകളിൽ അഡ്വാനി കുറ്റക്കാരനായി.

∙ ദീപക് ചോപ്ര (അഡ്വാനിയുടെ പ്രൈവറ്റ് സെക്രട്ടറി)

ആദർശം, അച്ചടക്കം, അൽപാഹാരം: തൊണ്ണൂറാം വയസ്സിലും ലോക്സഭയിലെ നിത്യസാന്നിധ്യമായ എൽ.കെ.അഡ്വാനിയുടെ ഊർജരഹസ്യം ഇതാണ്. ആദർശ വിശ്വാസങ്ങളിൽ അഡ്വാനി വിട്ടുവീഴ്ചചെയ്യില്ല. വ്യായാമ ശീലമില്ലെങ്കിലും മിതഭക്ഷണത്തിലൂടെ ആരോഗ്യം പരിപാലിക്കും. രാഷ്ട്രീയത്തിലും വ്യക്തിജീവിതത്തിലും അച്ചടക്കലംഘനമില്ല.

അഡ്വാനിയുടെ വിനയവും എളിമയും വിസ്മയം പകരുന്നതാണ്. ഉപപ്രധാനമന്ത്രി പദവും ബിജെപി അധ്യക്ഷപദവും വഹിച്ചപ്പോഴും വിനയം കൈവെടിഞ്ഞില്ല. ആരോടും ക്ഷുഭിതനായി പെരുമാറുന്നതു കണ്ടിട്ടില്ല. ഏൽപിച്ച ചുമതലകളിൽ വീഴ്ചവരുത്തുന്നവരോട് അസന്തുഷ്ടിയുണ്ടായാലും കോപം പ്രകടിപ്പിക്കില്ല. ഒഴിഞ്ഞുമാറിപ്പോകുന്നതാണ് അനിഷ്ടം പ്രകടിപ്പിക്കാനുള്ള അഡ്വാനിയുടെ രീതി. പതിവായി ഇടപെടുന്നവർക്ക് അതിലൂടെ കാര്യം മനസ്സിലാകും.