Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2019ൽ അഡ്വാനി മത്സരിക്കണം; തന്ത്രങ്ങളുമായി മോദിയും ഷായും

advani-modi എൽ.കെ.അഡ്വാനി, നരേന്ദ്ര മോദി (ഫയൽ ചിത്രം).

ന്യൂഡൽഹി∙ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലും അധികാരത്തിൽ തുടരാനുള്ള തന്ത്രങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രായാധിക്യത്തിന്റെ പേരിലും മറ്റും മാറ്റിനിർത്തപ്പെട്ട തലമുതിർന്ന നേതാവ് എൽ.കെ. അഡ്വാനിയെ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ മോദിയും പാർട്ടിയും ആലോചിക്കുന്നുവെന്നാണു റിപ്പോർട്ട്.

തൊണ്ണൂറുകാരനായ അഡ്വാനിയെ കൂടാതെ മറ്റൊരു മുതിർന്ന നേതാവ് മുരളി മനോഹർ ജോഷിയെയും സ്ഥാനാർഥിയാക്കാനാണു നീക്കം. 2014ൽ ഗുജറാത്തിലെ ഗാന്ധിനഗറിൽനിന്നാണു അഡ്വാനി ജയിച്ചത്. പാർട്ടിയെ കെട്ടിപ്പടുത്ത അഡ്വാനി, പ്രധാനമന്ത്രിയാകാൻ ഉടുപ്പുതുന്നിയെങ്കിലും ഒതുക്കപ്പെടുന്നതാണു പിന്നീടു കണ്ടത്. ജോഷിക്കും അഡ്വാനിക്കും പാർട്ടിയിലെ ഉന്നത പാർലമെന്ററി ബോർഡിൽ സ്ഥാനം കിട്ടിയില്ല. ഇരുവർക്കുമായി പുതിയൊരു ഉപദേശക സമിതി– മാർഗ് ദർശക് മണ്ഡൽ– രൂപീകരിച്ചു. മോദി, ഷാ, രാജ്നാഥ് സിങ്, അഡ്വാനി, ജോഷി എന്നിവരാണ‌ു സമിതി അംഗങ്ങൾ. ഇത്ര കാലമായിട്ടും ഒരു യോഗം പോലും സമിതി ചേർന്നിട്ടില്ല.

പ്രായം മാനദണ്ഡ‍മാക്കിയുള്ള സ്ഥാനാർഥി നിർണയത്തിൽനിന്നു മുതിർന്ന നേതാക്കൾക്ക് ഇളവു നൽകണമെന്നാണു മോദിയുടെ അഭിപ്രായം. ഡൽഹി പൃഥ്വിരാജ് റോഡിലെ അഡ്വാനിയുടെ വസതിയിൽ, മത്സരിക്കണമെന്ന ആവശ്യവുമായി മോദിയും ഷായും എത്തിയിരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടിഡിപി, ശിവസേന കക്ഷികളുടെ പിന്തുണ നഷ്ടപ്പെടുന്ന 2019ൽ അഡ്വാനിയുടെ തോളിലേറി ഭരണം പിടിക്കാനാണു ബിജെപി കച്ചകെട്ടുന്നത് എന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

related stories